ADVERTISEMENT

കല്ലടിക്കോട്∙ ദേശീയപാത പനയംപാടത്തെ അപകടക്കുരുക്കഴിക്കാൻ പരിഹാരം തേടി കെ.ശാന്തകുമാരി എംഎൽഎയുടെ നേതൃത്വത്തിൽ യോഗം. ദേശീയപാത നവീകരണ ശേഷം അപകട പരമ്പര തുടരുന്ന സാഹചര്യത്തിലാണ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കരിമ്പ പഞ്ചായത്തിൽ യോഗം നടന്നത്. മുൻകരുതലെടുത്തെങ്കിലും അപകടങ്ങൾ കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല. 

ഹംപുകൾ സ്ഥാപിച്ചതു കൂടുതൽ അപകടങ്ങൾക്കു കാരണമാകുന്നതായും ആരോപണം ഉയർന്നു. 10 അപകടങ്ങൾ വരെ ഉണ്ടായ ദിവസമുണ്ട്. ദേശീയപാതയിൽ ദുബായ്കുന്ന് മുതൽ പനയംപാടം വരെയുള്ള കുന്ന് താഴ്ത്തി വളവിന്റെ തീവ്രത കുറയ്ക്കണമെന്ന് പഞ്ചായത്ത് അധ്യക്ഷൻ പി.എസ്.രാമചന്ദ്രൻ ആവശ്യപ്പെട്ടു. 

എന്നാൽ ഇതു പ്രായോഗികമല്ലെന്നാണു ദേശീയപാത ഉദ്യോഗസ്ഥരുടെ നിലപാട്. സാധ്യമായ മാർഗങ്ങളിലൂടെ അപകടങ്ങൾ ഇല്ലാതാക്കണമെന്ന് എംഎൽഎ പറഞ്ഞു. സർക്കാരിന്റെ സഹകരണവും ഉറപ്പുനൽകി.

ഡപ്യൂട്ടി കലക്ടർ പൊതുമരാമത്ത് ഉദ്യോഗസ്ഥർ, ദേശീയ പാത, റവന്യു, പൊലീസ്, മോട്ടർ വാഹന വകുപ്പുകൾ, പഞ്ചായത്ത്‌ അധികൃതർ എന്നിവരാണു യോഗത്തിൽ പങ്കെടുത്തത്.പ്രധാന അപകടമേഖലയായ രണ്ടിടങ്ങളിലും ലൈറ്റുകൾ സ്ഥാപിക്കൽ, സ്ഥലം പരിശോധിച്ച് അഴുക്കു ചാലിനാവശ്യമായ നടപടിയെടുക്കൽ, പൊലീസിന്റെ സഹായത്തോടെ വേഗ നിയന്ത്രണത്തിനാവശ്യമായ ബോർഡുകൾ സ്ഥാപിക്കൽ, സ്പീഡ് ബ്രേക്കറുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കൽ എന്നിവ അടിയന്തരമായി നടപ്പിലാക്കും.

നടപടിയില്ലെന്ന്പരാതി

കരിമ്പ∙ പനയംപാടത്തെ അപകട പരമ്പരയിൽ ആശങ്ക അറിയിച്ചു നാട്ടുകാരും രക്ഷാ പ്രവർത്തകരും. അപകടങ്ങൾ നിയന്ത്രിക്കാൻ സ്ഥാപിച്ച ഹംപുകൾ അപകടകാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു. 

അധികൃതർക്ക് നിവേദനങ്ങൾ നൽകി. പനയംപാടം വളവിൽ അശാസ്ത്രീയ നിർമാണമുള്ളതായും അത് അപകട സാഹചര്യം സൃഷ്ടിക്കാമെന്നും വിദഗ്ധ സംഘം റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ലെന്നും പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com