ADVERTISEMENT

നെല്ലിയാമ്പതി∙ ഉദ്ഘാടനം കഴിഞ്ഞ നെല്ലിയാമ്പതി ടൂറിസം വികസന പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിൽ. ടൂറിസം പദ്ധതി വിജയകരമാക്കുന്നതിന് വനം വകുപ്പിന്റെ സഹകരണമില്ലായ്മയാണ് തടസ്സം. പറമ്പിക്കുളം കടുവ സങ്കേതത്തിന്റെ ബഫർസോൺ മേഖലയോടു ചേർന്ന സ്ഥലങ്ങൾ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള പുതിയ ഉത്തരവ് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുന്നതാണെന്നു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഡോ.എസ്.വി.സിൽബെർട്ട് ജോസ് പറഞ്ഞു.

നെല്ലിയാമ്പതി കൈകാട്ടിയിൽ ടൂറിസം ഇൻഫർമേഷൻ സെന്ററായും ബസ് കാത്തിരിപ്പു കേന്ദ്രമായും ഉപയോഗിച്ചു വന്ന  കെട്ടിടം.
നെല്ലിയാമ്പതി കൈകാട്ടിയിൽ ടൂറിസം ഇൻഫർമേഷൻ സെന്ററായും ബസ് കാത്തിരിപ്പു കേന്ദ്രമായും ഉപയോഗിച്ചു വന്ന കെട്ടിടം.

ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം കാരണം നിശ്ചയിച്ച സ്ഥലത്ത് പദ്ധതിയുമായി മുന്നോട്ടു പോകാൻ കഴിയുന്നില്ല. നിക്ഷിപ്ത വനഭൂമി വഴി നിർമാണ സാമഗ്രികൾ കടത്തിക്കൊണ്ടുപോകാൻ വനം വകുപ്പിന്റെ അനുമതി തേടിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. ടൂറിസം വകുപ്പിന് നൽകിയ ഭൂമിയുടെ അടിസ്ഥാന രേഖ പ്രകാരം ഇത്  വനഭൂമിയിലാണ് കിടക്കുന്നത്. വനഭൂമി വനേതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനു നിയമ തടസ്സവും ഉണ്ട്. ‍ റിസർവ് വനമേഖലയായതിനാൽ അപേക്ഷ പരിഗണിക്കാൻ‍ സർക്കാരിന്റെ പ്രത്യേക അനുമതി വേണമെന്നാണു വനംവകുപ്പിന്റെ നിലപാട്. ഇതു ലഭിക്കണമെങ്കിൽ വകുപ്പ് മന്ത്രിമാരുടെ ഇടപെടൽ ആവശ്യമാണെന്നും സെക്രട്ടറി പറഞ്ഞു. സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിനോട് ചേർന്ന് ടൂറിസം പദ്ധതികൾക്കായി അനുവദിച്ചുകിട്ടിയിരുന്ന 25 ഏക്കർ ഭൂമി മുന്നിൽ കണ്ടായിരുന്നു കെ.ബാബു എംഎൽഎ ഇടപെട്ടു വികസന പദ്ധതികൾ ആസൂത്രണം ചെയ്തത്. 

2020 ഓഗസ്റ്റിൽ 50 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയും ലഭിച്ചു. പിന്നീട് ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ച 5.13 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനവും ചെയ്തു. തടസ്സം നേരിട്ടതോടെ പ്രശ്നത്തിൽ ജില്ലാ കലക്ടർ ഇടപെടുകയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം നെല്ലിയാമ്പതിയിൽ വിളിച്ചു ചേർക്കുകയുമുണ്ടായി. ഡിഎഫ്ഒ വഴി അപേക്ഷ സമർപ്പിച്ചെങ്കിലും സർക്കാരിന്റെ അനുമതി ഇതുവരെ ലഭിച്ചില്ല.  കൈകാട്ടിയിൽ ഐടിഎൽ റിസോർട്ടിനോടു ചേർന്നു കിടക്കുന്ന‍ ടൂറിസം വകുപ്പിന്റെ സ്ഥലത്ത് ഇൻഫർമേഷൻ സെന്ററും ശുചിമുറികളും ഡോർമെട്രിയും നിർമിക്കാനുള്ള തീരുമാനവും നടപ്പായില്ല. വികസന പദ്ധതികൾ തയാറാക്കിയ ഹൈറ്റ്സ് എന്ന നിർമാണ ഏജൻസി ഇൻഫർമേഷൻ സെന്റർ, റസ്‌റ്ററന്റ്, കുട്ടികളുടെ പാർക്ക്, കുറഞ്ഞ ചെലവിൽ നെല്ലിയാമ്പതിയിൽ താമസിക്കാനുള്ള ഡോർമട്രി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com