കോങ്ങാട് ∙ പഞ്ചായത്ത് ഭരണം മാത്രമല്ല സദ്യ വിളമ്പാനും മുൻ നിരയിലുണ്ട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് സി.രാജിക. രാജിക മുൻപ് ചെയ്തിരുന്ന ജോലിയാണ് ഇതെങ്കിലും ഇടക്കാലത്ത് നിർത്തിയിരുന്നു. എന്നാൽ കോങ്ങാട് നടന്ന വിവാഹ ഉറപ്പിക്കൽ ചടങ്ങിൽ ഇന്നലെ വീണ്ടും രാജികയുടെ ടീം രംഗപ്രവേശം ചെയ്തു. 2005 മുതൽ 15 വരെ കുടുംബശ്രീ ചെയർപഴ്സൻ ആയിരുന്നു. അപ്പോൾ സദ്യ വിളമ്പാനായി രാജിക ടീം രൂപീകരിച്ചിരുന്നു. പിന്നീട് പഞ്ചായത്തംഗം ആയപ്പോൾ രാജികയുടെ നേതൃത്വത്തിൽ ഇവരുടെ വാർഡിൽ തൊഴിലുറപ്പു തൊഴിലാളി സംഘം രൂപീകരിച്ചു.
3 വർഷം തൊഴിലാളിയായി പ്രവർത്തിക്കുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിക്കുകയും പ്രസിഡന്റ് ആയി ചുമതല ഏൽക്കുകയും ചെയ്തു. കോവിഡ് മഹാമാരിക്കു ശേഷം വിവാഹം പോലുള്ള വിശേഷങ്ങൾ പൂർവ സ്ഥിതിയിൽ ആയതോടെ 30 അംഗ വിളമ്പൽ ടീം സജ്ജമാക്കി. സ്ത്രീ കൂട്ടായ്മ കൂടിയാണ് ഇത്തരം ക്രമീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് രാജിക പറയുന്നു. പഞ്ചായത്ത് അധ്യക്ഷ തന്നെ ലീഡറായി ഉള്ളപ്പോൾ മറ്റ് അംഗങ്ങൾക്കും ഏറെ ഉത്സാഹം. എല്ലാവരും ഒരേ നിറത്തിൽ സാരി ധരിച്ച് ഏറ്റെടുത്ത ദൗത്യം ഭംഗിയാക്കി. പാരിജാതം കാറ്ററിങ് സർവീസ് ഏറ്റെടുത്ത പരിപാടിയായിരുന്നു ഇന്നലത്തേത്.