ADVERTISEMENT

മംഗലംഡാം ∙ തളികക്കല്ല് പട്ടികവർഗ കോളനിയിലെ വീടുകളും കോളനിയിലേക്കുള്ള റോഡും പൂർത്തിയായിട്ടു മാസങ്ങൾ കഴിഞ്ഞെങ്കിലും വൈദ്യുതി കണക്‌ഷൻ ലഭിച്ചിട്ടില്ല. കോളനിയിലെ ശുദ്ധജല പ്രശ്നത്തിനും പരിഹാരമായില്ല. കുടിവെള്ളത്തിന് ഇപ്പോഴും മലമുകളിലെ കാട്ടുചോലയിൽ നിന്നുള്ള ചെറിയ കുഴൽ തന്നെയാണ് ആശ്രയം. പലപ്പോഴും ഇതും തടസ്സപ്പെടും. കാട്ടുചോലയിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടുമൃഗങ്ങൾ ഹോസ് ചവിട്ടി പൊട്ടിച്ചും ഹോസിനു സ്ഥാനചലനം സംഭവിച്ചുമാണു വെള്ളം മുടങ്ങുക. 57 കുടുംബങ്ങളാണു കോളനിയിലുള്ളത്. ഇതിൽ 40 കുടുംബങ്ങൾക്കാണു വീട് അനുവദിച്ചത്. 37 വീടുകളുടെ പണി പൂർത്തിയായി.

മൂന്നു വീടുകളുടെ പണി ബാക്കിയുണ്ട്. അതും ഉടനെ നടക്കും. 7.20 ലക്ഷം രൂപ ചെലവിൽ 420 ചതുരശ്ര അടിയിൽ ഒരേ രീതിയിലുള്ള വീടുകളാണു പണിതിട്ടുള്ളത്. നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞെങ്കിലും വീടുകൾക്കു വൈദ്യുതി ലഭിച്ചിട്ടില്ല. കോളനിയിലുണ്ടായിരുന്ന പഴയ വീടുകളിലെ വൈദ്യുതി കുടിശികയാണു പുതിയ വീടുകളുടെ കണക്‌ഷനു തടസ്സം. 2008ൽ ലഭിച്ച വൈദ്യുതി കണക്​ഷന് ആദ്യകാലത്തൊക്കെ ബില്ലുകൾ അടച്ചിരുന്നു.

പിന്നീടു കോളനി സന്ദർശിച്ച പലരും വൈദ്യുതി ബിൽ അടയ്ക്കേണ്ടെന്നും അതൊക്കെ സർക്കാർ നോക്കുമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ബിൽ അടയ്ക്കൽ നിർത്തി. പിന്നീട് വർഷങ്ങൾക്കു ശേഷം 30,000 മുതൽ 40,000 വരെയുള്ള ബില്ലുകൾ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചു കോളനിക്കാർ. കുടിശിക ഒഴിവാക്കി പുതിയ കണക്‌ഷൻ അനുവദിക്കാൻ ബന്ധപ്പെട്ട അധികാരികൾക്കെല്ലാം പരാതികൾ കൊടുത്തു കാത്തിരിക്കുകയാണിപ്പോൾ.

എംപി ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ചു നിർമിച്ച പുതിയ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ നാളെ ജില്ലാ കലക്ടറും എംപിയും മറ്റു ബന്ധപ്പെട്ടവരും കോളനിയിൽ എത്തുമ്പോൾ തങ്ങളുടെ സങ്കടങ്ങൾ നേരിട്ടു പറയാമെന്ന ആശ്വാസത്തിലാണു കോളനിക്കാർ. തോടിനു കുറുകെയുള്ള പാലവും റോഡിന്റെ പണിയും പൂർത്തിയായതു മേഖലയിലുള്ളവർക്കു വലിയൊരാശ്വാസമാണ്.

കാലവർഷമായാൽ തോടിനു കുറുകെയിട്ട മരത്തടിയിലൂടെ വേണം മറുകര കടക്കാൻ. ഇതു സ്ത്രീകൾക്കും കുട്ടികൾക്കും അസാധ്യവുമാണ്. കഴിഞ്ഞ വർഷങ്ങളിൽ കാട്ടുചോലയിലെ കുത്തൊഴുക്കിൽപെട്ടു രണ്ടോ മൂന്നോ ജീവനുകളും ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ട്. കാലവർഷം കനക്കുമ്പോൾ ദിവസങ്ങളോളം കോളനി ഒറ്റപ്പെടുന്നതു പതിവാണ്. ആദ്യകാല ഊരുമൂപ്പനായിരുന്ന രാഘവൻ ഹൈക്കോടതിയിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണു കോളനിയിലേക്കു വികസന പ്രവർത്തനങ്ങൾ എത്തിത്തുടങ്ങിയത്.

ആദിവാസി ക്ഷേമത്തിനായി മുടക്കുന്ന ഫണ്ടുകൾ യഥാവിധി ഫലത്തിലാകുന്നില്ലെന്നതാണു വസ്തുത. കാലവർഷം ശക്തി പ്രാപിക്കും മുൻപു വൈദ്യുതി കണക്‌ഷൻ നൽകി വീടുകൾ താമസയോഗ്യമാക്കാനും ശുദ്ധജല പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടാക്കാനും ബന്ധപ്പെട്ടവർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഊരുമൂപ്പൻ നാരായണൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com