ADVERTISEMENT

മലമ്പുഴ ഡാമിൽ ഇറങ്ങി സഞ്ചാരികൾ; സുരക്ഷ ഒരുക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് പരാതി

പാലക്കാട് ∙ ജലനിരപ്പ് ഉയർന്ന മലമ്പുഴ ഡാമിൽ ഇറങ്ങിയും വഴുക്കലുള്ള മല മുകളിൽ കയറിയും വിനോദ സഞ്ചാരികളുടെ ‘സാഹസികത’. ഇതു തടയാനോ സുരക്ഷ ഒരുക്കാനോ പൊലീസോ വനം, ജലസേചന വകുപ്പ് അധികൃതരോ തയാറാകുന്നില്ലെന്നു നാട്ടുകാരുടെ പരാതി. മലമ്പുഴ ഡാമിലും വൃഷ്ടി പ്രദേശത്തും ഇറങ്ങുന്നതിനു ജലസേചന വകുപ്പും മല കയറുന്നതിനു വനംവകുപ്പും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു ലംഘിക്കുന്നവർക്ക് പിഴ ഈടാക്കാറുണ്ട്. പക്ഷേ, പരിശോധന ഇല്ലാത്തതിനാൽ സന്ദർശകർ വിലക്ക് ലംഘിക്കുകയാണെന്നാണു നാട്ടുകാരുടെ പരാതി.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പോലും 8 അടി വരെ താഴ്ചയുള്ള കുഴികളുണ്ടെന്നു മത്സ്യബന്ധന തൊഴിലാളികൾ പറയുന്നു. ഇതിലെല്ലാം വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ പെട്ടെന്ന് ശ്രദ്ധയിൽപെടില്ല. കഴിഞ്ഞ ദിവസം കുഴിയിൽ വീണ വിനോദ സഞ്ചാരിയെ മത്സ്യബന്ധന തൊഴിലാളികൾ രക്ഷിച്ചിരുന്നു. ഡാമിന്റെ വശങ്ങളിലുള്ള പാറക്കെട്ടുകളിൽ വഴുക്കലുണ്ട്. ഇതിൽ കയറിനിന്നു സെൽഫി പകർത്തുന്നവർ അപകടം ക്ഷണിച്ചു വരുത്തുകയാണെന്നു നാട്ടുകാർ മുന്നറിയിപ്പു നൽകി. മഴ ശക്തമായതിനാൽ ഡാമിലേക്കുള്ള പുഴകളെല്ലാം കുത്തിയൊലിച്ച് ഒഴുകുന്നുണ്ട്.

ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിലെ തോടുകളിൽ പോലും വിലക്ക് ലംഘിച്ചു സന്ദർശകർ ഇറങ്ങുന്നുണ്ട്. ഡാമിൽ വാഹനങ്ങൾ ഇറക്കുന്നതും പതിവാണ്. കൊല്ലങ്കുന്നിലെ തകർന്ന പാലത്തിനു മുകളിൽ കുട്ടികളെ ഉൾപ്പെടെയുള്ളവരെ കയറ്റി സന്ദർശകർ ഫോട്ടോ പകർത്തുന്നതും പതിവാണ്. ദിനംപ്രതി മൂവായിരത്തിലേറെ സന്ദർശകരാണ് മലമ്പുഴയിലെത്തുന്നത്. സന്ദർശകർ ഡാമിൽ ഇറങ്ങുന്നതു ശ്രദ്ധയിൽപ്പെടുത്തിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു. അടുത്തിടെ മലമ്പുഴ ഡാമിൽ വീണ് 2 പേർ മരിച്ചിരുന്നു. സുരക്ഷ ഒരുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com