ADVERTISEMENT

ശ്രീകൃഷ്ണപുരം∙ മത്സ്യക്കൃഷിക്കുള്ള 9 ബയോഫ്ലോക് ടാങ്കുകളും പെട്രോൾ എൻജിൻ വാട്ടർ പമ്പ്, ഇൻവർട്ടർ, ബാറ്ററി എന്നിവയും വിൽപനയ്ക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയിരിക്കുകയാണ് ശ്രീകൃഷ്ണപുരം കരിമ്പുഴയിലെ 5 യുവ സംരംഭകർ. കരിമ്പുഴ തെരുവിലെ രാകേഷ്, ആനന്ദ്, മണികണ്ഠൻ,ഗൗതമൻ, രാജേഷ് കുമാർ എന്നിവരാണ് സാധനങ്ങൾ തൂക്കിവിൽക്കുന്നത്.

ലോക്ഡൗൺ കാലത്ത് വിദേശത്ത് ജോലി നഷ്ടപ്പെട്ടവരും നാട്ടിലെ ബിസിനസ് നഷ്ടത്തിലായവരുമാണു 2020 നവംബറിൽ മത്സ്യക്കൃഷിക്ക് ഇറങ്ങിയത്. വ്യവസ്ഥകൾക്കനുസരിച്ച് മലമ്പുഴയിലെ ഫിഷറീസ് ഓഫിസിൽ ഡിസംബർ 22ന് റജിസ്റ്റർ ചെയ്തു. 4 ടാങ്ക് നിർമിക്കണമെന്ന ഉദ്ദേശ്യത്തോടെ റജിസ്റ്റർ ചെയ്ത തങ്ങളോട് 7 ടാങ്കുകൾ നിർമിച്ചാൽ മാത്രമേ സബ്സിഡി ലഭിക്കൂവെന്ന് ഓഫിസിൽനിന്ന് അറിയിച്ചതായി മണികണ്ഠൻ പറഞ്ഞു.

ആവശ്യമായ എല്ലാ രേഖകളും തയാറാക്കി സബ്സിഡി ലഭിക്കുമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ച് ടാങ്ക് പണിതു. കടം വാങ്ങിയും പ്രവാസ ജീവിതത്തിൽനിന്നു മാറ്റിവച്ച സമ്പാദ്യവുമായ 14 ലക്ഷം രൂപ കൊണ്ടായിരുന്നു നിർമാണം. പിന്നീട് അധികൃതർ ഇതുവഴി തിരിഞ്ഞു നോക്കിയില്ലെന്നു സംരംഭകർ പരാതിപ്പെട്ടു. ആദ്യം 16,000 കുഞ്ഞുങ്ങളെയും രണ്ടാം തവണ 9000 കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. ഇവയിൽ ഏറെയും ചത്തുപോയി. കോവിഡ് കാലത്ത് വിൽപനയായിരുന്നു പ്രയാസം. സുഹൃത്തുക്കൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും ശ്രമിച്ചപ്പോൾ കുറച്ചൊക്കെ വിറ്റുപോയെങ്കിലും നഷ്ടം സംഭവിച്ചു.

മത്സ്യക്കൃഷി മേഖലയിൽ മുൻ പരിചയം ഇല്ലാത്ത ഇവർ പല സംശയങ്ങൾക്കും മലമ്പുഴയിലെ ഓഫിസിലേക്കും ചുമതലയുള്ള ജീവനക്കാരെയും വിളിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നാണു പരാതി. ഭീമമായ വൈദ്യുതിത്തുകയാണ് ഓരോ മാസവും വന്നിരുന്നത്. കോവിഡ് കാലത്തും അതിനു ശേഷവും മത്സ്യ തീറ്റയുടെ വില ക്രമാതീതമായി വർധിച്ചുകൊണ്ടേയിരുന്നു. പ്രതിസന്ധിയിൽപെട്ട് പകച്ച യുവ സംരംഭകർ പദ്ധതി പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com