ADVERTISEMENT

പാലക്കാട് ∙ അടുത്തടുത്ത ദിവസങ്ങളിൽ നവജാതശിശു ഉൾപ്പെടെ 3 പേർ ചികിത്സയ്ക്കിടെ മരിച്ച തങ്കം ആശുപത്രിക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ആശുപത്രിക്കെതിരെ ഈ നിയമപ്രകാരം നടപടിയെടുക്കുന്നത്. പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം സഹകരണ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി മരിച്ചു.

മൂന്നു മരണത്തിലും ചികിത്സപ്പിഴവുണ്ടായെന്ന ബന്ധുക്കളുടെ പരാതി പരിഗണിച്ചാണു സർക്കാർ നിർദേശം. ജില്ലാ കലക്ടർ അധ്യക്ഷയും മെഡിക്കൽ ഓഫിസർ ഉപാധ്യക്ഷയുമായ ജില്ലാ റജിസ്ട്രേഷൻ അതോറിറ്റിയോടു സംഭവം അന്വേഷിക്കാനും മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതുൾപ്പെടെ അന്വേഷണ പരിധിയിൽ വരും. മൂന്നു മരണങ്ങളിലും ചികിത്സപ്പിഴവുണ്ടോ എന്നു കണ്ടെത്താൻ വിദഗ്ധരടങ്ങിയ മെഡിക്കൽ ടീം രൂപീകരിക്കും. ചിറ്റൂർ തത്തമംഗലം ചെമ്പകശ്ശേരി എം.രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും ഇവരുടെ ആൺകുഞ്ഞും തങ്കം ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കിടെ മരിച്ചിരുന്നു. സംഭവത്തിൽ ആശുപത്രിയിലെ 2 ഗൈനക്കോളജിസ്റ്റുകളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കാലിനു ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച, കോങ്ങാട് ചെറായ കാക്കറത്ത് വീട്ടിൽ ഹരിദാസന്റെ മകൾ കാർത്തിക (27) ചൊവ്വാഴ്ച രാത്രിയാണു മരിച്ചത്. ശസ്ത്രക്രിയയ്ക്കായി അനസ്തീസിയ നൽകിയ ശേഷമായിരുന്നു മരണമെന്നു ബന്ധുക്കൾ പറഞ്ഞു. ടൗൺ സൗത്ത് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനു ശേഷം കാർത്തികയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കാർത്തികയുടെ മരണത്തിനു കാരണം ചികിത്സപ്പിഴവല്ലെന്നും സാധ്യമായ എല്ലാ ചികിത്സയും നൽകിയിരുന്നുവെന്നും ഇതിനിടെ ഹൃദയാഘാതം കൂടി സംഭവിച്ചതോടെയാണു മരണമെന്നും തങ്കം ആശുപത്രി മാനേജിങ് ഡയറക്ടർ രാജ്മോഹൻ നായർ അറിയിച്ചു. ഡിവൈഎസ്പി പി.സി.ഹരിദാസ്, ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഇങ്ങനെ

സംസ്ഥാനത്തെ എല്ലാ ചികിത്സാ, പരിശോധനാ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നതിനാണു കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം പാസാക്കിയത്. ചികിത്സച്ചെലവു പരസ്യപ്പെടുത്തൽ, സ്ഥാപനങ്ങളുടെ ഗ്രേഡിങ് എന്നിവ ഉൾപ്പെടെ നിയമത്തിന്റെ പരിധിയിൽ വരും. ഓരോ ചികിത്സയ്ക്കും ഈടാക്കുന്ന നിരക്കു വിലയിരുത്തി രോഗികൾക്കും ബന്ധുക്കൾക്കും ആശുപത്രി തിരഞ്ഞെടുക്കാം എന്നതുൾപ്പെടെയാണു നേട്ടം.

അലോപ്പതി, ആയുർവേദം, ഹോമിയോ, യുനാനി തുടങ്ങിയ അംഗീകൃത ചികിത്സാ സമ്പ്രദായങ്ങളുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കു നിയമം ബാധകമാണ്. ആശുപത്രി, മെറ്റേണിറ്റി ഹോം, നഴ്സിങ്‌ ഹോം, ഡിസ്പെൻസറി, ക്ലിനിക്, സാനറ്റോറിയം, ലബോറട്ടറികൾ എന്നിവയെല്ലാം പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമം പ്രാബല്യത്തിൽ വന്നെങ്കിലും നിബന്ധനകൾ സംബന്ധിച്ചു വ്യക്തമായ നിർദേശം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യസ്ഥാപനങ്ങൾ പറയുന്നു. നിയമത്തിലെ നിബന്ധനകൾ പലതും പ്രവർത്തനങ്ങളെ  ദോഷമായി ബാധിക്കുമെന്ന് ഒരുവിഭാഗം ആശുപത്രികൾക്കു പരാതികളുണ്ട്. പല ആശുപത്രികളും ഈ നിയമപ്രകാരം റജിസ്റ്റർ ചെയ്തിട്ടില്ല.

കണ്ണീർ തോരാതെ കാക്കറത്ത് വീട്

കോങ്ങാട് ∙ പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച ചെറായ കാക്കറത്ത് വീട്ടിൽ ഹരിദാസിന്റെ മകൾ കാർത്തികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്കായി അനസ്തീസിയ നൽകിയതിനെത്തുടർന്നാണ് കാർത്തിക മരിച്ചത്. ചികിത്സയിലെ അനാസ്ഥയാണ് മരണകാരണമെന്ന് വീട്ടുകാർ ആരോപിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കാർത്തികയ്ക്കു അന്ത്യോപചാരം അർപ്പിക്കാൻ നാടാകെ കാക്കറത്ത് വീട്ടിലേക്കു ഒഴുകിയെത്തി. ബന്ധുക്കളും നാട്ടുകാരും ദുഃഖം താങ്ങാനാവാതെ വിങ്ങി. കാലിന്റെ ശസ്ത്രക്രിയയ്ക്കു വേണ്ടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  മാതാപിതാക്കൾക്കൊപ്പം ഏറെ പ്രതീക്ഷയോടെയാണ് കാര്‍ത്തിക ആശുപത്രിയിലേക്കു പോയത്.

ആന്തരിക സൂക്ഷ്മ പരിശോധനാ ഫലങ്ങളും നിർണായകം 

പാലക്കാട് ∙ തങ്കം ആശുപത്രിയിൽ നടന്ന അമ്മയുടെയും കുഞ്ഞിന്റെയും യുവതിയുടെയും മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധന ഫലവും ലഭിക്കുന്നതോടെ കൂടുതൽ നടപടികളെന്ന് പൊലീസ്. ഒപ്പം ചികിത്സാപ്പിഴവുണ്ടോ എന്നു പരിശോധിക്കാൻ രൂപീകരിക്കുന്ന മെഡിക്കൽ വിദഗ്ധരും ഗവ. പ്ലീഡറും ഉൾപ്പെടുന്ന സമിതിയുടെ റിപ്പോർട്ടും നിർണായകമാകും. 2 സംഭവങ്ങളിലായി നടന്ന 3 മരണത്തിലും വിശദ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉടൻ അന്വേഷണ സംഘത്തിനു ലഭിക്കും. കഴിഞ്ഞ ദിവസം മരിച്ച കോങ്ങാട് ചെറായ കാക്കറത്തു വീട്ടിൽ കാർത്തികയുടെ (27) മരണത്തിൽ ബന്ധുക്കൾ സംശയം ഉന്നയിച്ചിട്ടുണ്ട്.

ഇക്കാര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമാണ്. ഇതിന്റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു വരുന്നു. അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ചിറ്റൂർ തത്തമംഗലം ചെമ്പകശ്ശേരി എം.രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും കുഞ്ഞും പ്രസവ ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഡോക്ടർമാരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. സംഭവത്തിൽ മൊഴിയെടുപ്പും രേഖകളുടെ പരിശോധനയും തുടരുന്നു. കേസിൽ പൊലീസ് അന്വേഷണം തുടരുന്നതോടൊപ്പമാണ് കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരമുള്ള അന്വേഷണത്തിനും ആരോഗ്യ മന്ത്രി നിർദേശിച്ചത്.

‘ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രചാരണം അവസാനിപ്പിക്കണം’

പാലക്കാട് ∙ എല്ലാ മരണങ്ങളും ചികിത്സാപ്പിഴവ് മൂലമാണെന്ന പ്രചാരണത്തെ അപലപിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.എൻ.എം.അരുൺ,  ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തീസിയോളജിസ്റ്റ്സ് സെക്രട്ടറി ഡോ.ദീപക് ഫൽഗുനൻ എന്നിവർ അഭിപ്രായപ്പെട്ടു.

ചെറുപ്രായത്തിൽ വാതരോഗം വന്നു തളർന്ന യുവതിയുടെ നിവർന്നു നടക്കാനുള്ള അതിയായ ആഗ്രഹം സഫലമാക്കാനുള്ള ചികിത്സയ്ക്കിടെയാണ് കഴിഞ്ഞ ദിവസം തങ്കം ആശുപത്രിയിൽ മറ്റൊരു മരണം ഉണ്ടായത്. അവിചാരിതമായ മരണത്തിൽ അനുശോചിക്കുന്നു. ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന രീതിയിലുള്ള സമ്മർദങ്ങളും പ്രചാരണങ്ങളും അവസാനിപ്പിക്കണം. അതു തുടരുന്നത് നിലവിലെ ആരോഗ്യ ചികിത്സാ സൗകര്യങ്ങളെ ഹാനികരമായി ബാധിക്കുമെന്നും ഇവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com