ADVERTISEMENT

പാലക്കാട് ∙ തങ്കം ആശുപത്രിയിലെ ചികിത്സപ്പിഴവ് അന്വേഷിക്കുക, ചികിത്സക്കിടെ ഉണ്ടായ മരണങ്ങളിൽ ഉത്തരവാദികളായ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആശുപത്രിയിലേക്ക് യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ   നേരിയ സംഘർഷാവസ്ഥ. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡിവൈഎസ്പി പി.സി.ഹരിദാസിന്റെ നേതൃത്വത്തിൽ വൻ പൊലീസും സ്ഥലത്തുണ്ടായിരുന്നു. ആംബുലൻസ് ഉൾപ്പെടെ അത്യാവശ്യ വാഹനങ്ങൾ പ്രതിഷേധക്കാർ തടസ്സമുണ്ടാക്കാതെ കടത്തിവിട്ടു.

 യുവമോർച്ച

യുവമോർച്ച നടത്തിയ മാർച്ച് ആശുപത്രിക്കു മുന്നിൽ പൊലീസ് തടഞ്ഞു. തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.ഷിനു, ഉപാധ്യക്ഷൻ കെ.എം.പ്രതീഷ്, സെക്രട്ടറി ആർ.ശ്രീജിത്ത്, ഭാരവാഹികളായ എച്ച്.മോഹൻദാസ്, ജി.അജേഷ്, വിഷ്ണു ഗുപ്ത, പ്രാണേഷ് ഒലവക്കോട്, സജിത്ത് കണ്ണൻ, ശ്രേയസ്സ്, എം.മനോജ്, നന്ദു ആൽത്തറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്

ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി കെ.സി. റിയാസുദീൻ ഉദ്ഘാടനം ചെയ്യുന്നു.

ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ പൊലീസ് വലയം ഭേദിക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും തടഞ്ഞു. തുടർന്നു നടത്തിയ പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി കെ.സി.റിയാസുദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.ജയദേവൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എസ്.ഷക്കീർ, ജില്ലാ ട്രഷറർ എം.രൺദീഷ്, സെക്രട്ടേറിയറ്റ് അംഗം എം.എ.ജിതിൻരാജ്, ആർ.ഷനോജ്, വി.ജി.സജിത്ത്കുമാർ എന്നിവർ നേതൃത്വം നൽകി. ആശുപത്രിക്കു മുന്നിൽ പ്രതിഷേധ ബാനർ സ്ഥാപിച്ചു. യോഗശേഷം പ്രവർത്തകർ സ്വയം പിരിഞ്ഞുപോയി. 

 യൂത്ത് കോൺഗ്രസ്

പാലക്കാട് തങ്കം ആശുപത്രിയിലേക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ.

യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രവർത്തകർ ആശുപത്രിയിലേക്കു തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. തുടർന്നും പ്രതിഷേധിച്ച പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തു നീക്കി. ആശുപത്രിക്കു മുന്നിൽ പ്രതിഷേധ ബാനർ കെട്ടി. നിയോജകമണ്ഡലം പ്രസിഡന്റ് കെ.സദ്ദാംഹുസൈൻ, സംസ്ഥാന നിർവാഹകസമിതി അംഗം പ്രശോഭ് വത്സൻ,  ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് ചെറാട്, ജനറൽ സെക്രട്ടറി സി.വിഷ്ണു, പി.എസ്.വിബിൻ, സി.നിഖിൽ, കെ.മൻസൂർ, അഖിലേഷ് അയ്യർ, സക്കീർ മേപ്പറമ്പ്, പ്രശാന്ത് യാക്കര, അനുപമ പ്രശോഭ്, സുരഭി ഉണ്ണിക്കൃഷ്ണൻ, നിഖിൽ കണ്ണാടി, എ.കാജാഹുസൈൻ, നവാസ് മാങ്കാവ്, എച്ച്.നാസർ ഹുസൈൻ, ശ്യാം ദേവദാസ് എന്നിവർ പ്രസംഗിച്ചു.

 എഐവൈഎഫ് 

എഐവൈഎഫ് പ്രവർത്തകർ ആശുപത്രിക്കുള്ളിൽ കയറി പ്രതിഷേധിക്കുന്നു.

തങ്കം ആശുപത്രിക്കുള്ളിൽ കയറി പ്രതിഷേധിച്ച എഐവൈഎഫ് പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തു നീക്കി. ജീവനക്കാരെന്ന മട്ടിൽ ആശുപത്രിക്കുള്ളിൽ കയറിയ ഇവർ പൊടുന്നനെ കൊടി ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. പൊലീസ് പാഞ്ഞെത്തി ഇവരെ പിടികൂടി. ജില്ലാ പ്രസിഡന്റ് പി.നൗഷാദ്, സെക്രട്ടറി കെ.കൈതച്ചിറ, രാജേഷ് മണ്ണൂർ, പി.കാർത്തിക്, അലി ആലത്തൂർ, ഭരത് മണ്ണാർക്കാട്, ഷൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com