ADVERTISEMENT

വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ഒരേ ആശങ്ക

50 കിലോ പാക്ക് ചെയ്ത അരി ചില്ലറയായി വിൽക്കുന്നതു ചെറുകിട വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും നഷ്ടമാണ്. ഇതോടെ കിലോയ്ക്ക് രണ്ടു രൂപയോളം വില വർധിച്ചു. ജില്ലയിൽ കുറുവ അരിക്കാണ് ആവശ്യക്കാരേറെ. മൊത്ത വിതരണ കേന്ദ്രങ്ങളിൽ 30.20 – 32 രൂപ വില. ഇതു ചില്ലറ വിൽപന കേന്ദ്രങ്ങളിൽ എത്തുമ്പോൾ രണ്ടു രൂപയിലേറെ വിലവർധന വരും. ജിഎസ്ടി കൂടി വന്നതോടെ ഈ അരി അടുക്കളയിൽ എത്തുമ്പോൾ കിലോയ്ക്ക് വില 35–38 രൂപ. പൊന്നി അരിയിൽ രാജപൊന്നിയിനത്തിനു മൊത്ത വിപണിയിൽ 56 രൂപ വിലയുണ്ട്.

ചെറുകിട വ്യാപാരികളിലൂടെ കൈമറിഞ്ഞ് അടുക്കളയിൽ എത്തുമ്പോൾ 60 രൂപയിലേറെയാകും. ജയ അരി മാർക്കറ്റ് വില 48 രൂപയാണ്. ജിഎസ്ടി വന്നതോടെ 52–56 രൂപ വരെയെത്തും. പച്ചരിക്കും വില വർധിക്കും. മൊത്ത വിപണിയിൽ 32.70 രൂപയാണ്. ചില്ലറ വിൽപനയിലൂടെ 35 രൂപ വരെയെത്തുന്ന വില നികുതി വന്നതോടെ 37–38ലെത്തും. ഗുണത്തിന്റെ അടിസ്ഥാനത്തിൽ വിലക്കുറവുണ്ടെങ്കിലും ശരാശരി രണ്ടു രൂപയുടെ വർധനയുണ്ടാകുമെന്നും വ്യാപാരികൾ പറയുന്നു.

പാൽ, പത്രം, ഗ്യാസ്, ഫോൺ, ടിവി, അരി... ഉപേക്ഷിക്കാനോ മാറ്റിവയ്ക്കാനോ കഴിയില്ല. കുട്ടികളുടെ പഠന കാര്യത്തിൽ അത്ര പോലും പിശുക്ക് കാണിക്കാനുമാകില്ല. ചെലവു ചുരുക്കാനൊരു ചെറിയ വഴി തെളിയുന്നിടത്തേക്കാണ് ഇപ്പോൾ സാധാരണക്കാരന്റെ നോട്ടം. അരി, ഇന്ധനം, വണ്ടിക്കൂലി, വൈദ്യുതി, ഇപ്പോഴിതാ ജിഎസ്ടിയുടെ പേരിലും കീശ കീറുന്നു. ജിഎസ്ടി 5% വർധിച്ചതോടെ അരിയുടെയും പയർ വർഗങ്ങളുടെയും വില വർധന കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും. കോവിഡ് ആഘാതത്തിൽ വരുമാനം പൂർണമായോ പകുതിയെങ്കിലുമോ ഇല്ലാതായ അവസ്ഥയിലാണ് ഈ ഇരുട്ടടി. എവിടെത്തിരിഞ്ഞാലും തീവില. ഇതിനിടയിൽ എന്തെങ്കിലും രോഗം കൂടി വന്നാലുള്ള അവസ്ഥ ചിന്തിക്കാൻ പോലും കഴിയില്ല. 

വില നിലവാരം

(മൊത്ത വിപണി, ചെറുകിട വിപണി, നികുതിയടക്കം)
പരിപ്പ് 1 കിലോ –95–100, 120, 123
ഉരുന്ന്–95–112, 100–115, 115–118
വെള്ളപ്പയർ–80, 85, 88,
ചെറുപയർ: 95–100, 100–105, 102–107,
പച്ചക്കടല–65, 70, 73,
മുതിര–65,70,73,
കടല–60,65,67 രൂപ വരെയും വർധിക്കാം. നിലവിൽ പപ്പടം, 20, 30, 50 രൂപ പാക്കറ്റുകളിലാണു വിൽപന. ഇതിൽ രണ്ടു രൂപവരെ വർധിക്കാം. തൈര്, കട്ടിമോര്, കപ്പ് തൈര്, ലെസി അടക്കമുള്ള പാക്കറ്റ് ഉൽപന്നങ്ങൾക്കും മൂന്നു മുതൽ അഞ്ചു രൂപവരെ വർധനയുണ്ടാകും.

"പണിക്കൂലി, രാസവള വിലവർധന, ട്രാക്ടർ വാടക ഉൾപ്പെടെയുളള കൃഷിപ്പണിക്കുള്ള ചെലവ്  കൂടി. കർഷകന്റെ വരുമാനം താഴോട്ടാണ്. കൃഷിയെ മാത്രം ആശ്രയിച്ച് ഇപ്പോൾ ഒരു കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്. അതിനിടയ്ക്കാണ് ഇപ്പോൾ ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം. സർക്കാരിനും ഇടനിലക്കാർക്കും ഗുണം ചെയ്യുമെന്നല്ലാതെ ഉത്പാദിപ്പിക്കുന്ന കർഷകന്  ഗുണം ലഭിക്കുന്നില്ല" - പി.കൃഷ്ണമൂർത്തി, മുട്ടിമാമ്പള്ളം  കൊഴിഞ്ഞാമ്പാറ

"കുടുംബത്തിന്റെ താളം തെറ്റി. രണ്ടു മാസം മാത്രമാണ് തൊഴിലുറപ്പ് പണി ലഭിക്കുന്നത്. കൂലി വീട്ടുചെലവിനു തികയാറില്ല. വീണ്ടും വിലകൂടിയാൽ എങ്ങനെ ജീവിക്കും?"- കെ.ഇന്ദിര, തൊഴിലുറപ്പ് തൊഴിലാളി, ചോറംകുളം

"ഇന്ധന വിലയും ടാക്സും കൂട്ടിയതോടെ തന്നെ ജീവിതം വഴിമുട്ടി. ഓടിക്കിട്ടുന്ന കൂലി കൊണ്ട് എണ്ണയടിക്കാൻ തികയില്ല. വാഹനത്തിന്റെ ലോൺ അടവ് അടയ്ക്കാൻ പോലും നിർവാഹമില്ല. ഇതിനിടെയാണ് വിലക്കയറ്റം." - സലീം വെള്ളപ്പാടം, മണ്ണാർക്കാട്

"ജിഎസ്ടി പ്രഖ്യാപന സമയത്ത് അരി, ഗോതമ്പ്, പയർ വർഗങ്ങൾ തുടങ്ങിയവ നികുതി രഹിതമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനു വിരുദ്ധമാണ് ജിഎസ്ടി കൗൺസിലിന്റെ പുതിയ തീരുമാനം. പൂർണമായും അൺബ്രാൻഡായ റീ പായ്ക്ക്ഡ്, റീ ലേബൽഡ് ഉൽപന്നങ്ങൾക്കു ചുമത്തിയ പുതിയ നികുതി പിൻവലിക്കണം." - വി.എം.ലത്തീഫ്, ജില്ലാ പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി

"പെട്രോൾ വിലയിലെ വർധന യാത്രച്ചെലവ് കൂട്ടി. കുട്ടികളെ സ്കൂളിലയയ്ക്കുന്ന ഓട്ടോറിക്ഷയുടെ വാടക കൂടി. കറന്റ് ചാർജിലെ വർധന അടുത്ത മാസം ബില്ല് വരുമ്പോൾ അറിയാം.  കുടുംബശ്രീ വായ്പകളുടെ അടവും വേറെ. വല്ലപ്പോഴും സിനിമയ്ക്ക് പോകുന്നതും വിരുന്നു പോകുന്നതുമൊക്കെ ഒഴിവാക്കി പിടിച്ചു നിൽക്കണം." - കെ. ബിന്ദുമോൾ, അഗളി, പലവ്യഞ്ജന കടയിലെ ജീവനക്കാരി

"വരുമാനത്തെക്കാൾ ചെലവ് എന്ന നിലയിലേക്കാണു ജീവിതം നീങ്ങുന്നത്. കടയിൽ കയറിയാൽ കയ്യിലുള്ള പണത്തിന് ഉദ്ദേശിച്ച സാധനങ്ങൾ മുഴുവൻ വാങ്ങാനാകുന്നില്ല. ന്യായവില ഷോപ്പുകൾ വഴി ഗുണമേന്മയുള്ള സാധനങ്ങൾ വിതരണം ചെയ്യണം." - പ്രിയ മഠത്തൊടി,ഒറ്റപ്പാലം, കുടുംബശ്രീ പ്രവർത്തക

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com