പത്തിരിപ്പാലയിൽ സംഘർഷം; യൂത്ത് കോൺഗ്രസ് നേതാക്കളടക്കം 4 പേർക്കു പരുക്ക്

Mail This Article
പത്തിരിപ്പാല ∙ എസ്എഫ്ഐ മാർച്ചിനു സ്കൂൾ കുട്ടികളെ രക്ഷിതാക്കളുടെ അനുമതിയില്ലാതെ കൊണ്ടുപോയതായി വിവാദം നിലനിൽക്കുന്ന ജിവിഎച്ച്എസ്എസിൽ രാഷ്ട്രീയ തർക്കം സംഘർഷത്തിലെത്തി. ഇന്നലെ വൈകിട്ടുണ്ടായ സംഘർഷത്തിൽ 4 പേർക്കു പരുക്കേറ്റു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.എച്ച്.ഷക്കീർ ഹുസൈൻ (36), യൂത്ത് കോൺഗ്രസ് ലക്കിടിപേരൂർ മണ്ഡലം പ്രസിഡന്റ് ദീപക് കോൽക്കാട്ടിൽ (32), എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗം ദീപക്, സ്കൂൾ എസ്എംസി ചെയർമാൻ സി.അബ്ദുൽ റഹ്മാൻ (48) എന്നിവർക്കാണു പരുക്ക്. ഇന്നലെ വൈകിട്ട് 5നാണ് ഇരുവിഭാഗവും തമ്മിൽ സ്കൂളിനുള്ളിൽ ഏറ്റുമുട്ടിയത്.

പാലക്കാട് നടന്ന എസ്എഫ്ഐയുടെ അവകാശ സംരക്ഷണ മാർച്ചിന് ബിരിയാണി വാഗ്ദാനം ചെയ്ത് കുട്ടികളെ കൊണ്ടുപോയെന്ന പരാതി നിലനിൽക്കുന്ന വിദ്യാർഥികളിൽനിന്ന് എസ്എംസി ചെയർമാനും പിടിഎ ഭാരവാഹിയും ഒരു അധ്യാപകനും ചേർന്ന് ചില കാര്യങ്ങൾ എഴുതി വാങ്ങിയെന്ന് ആരോപിച്ച് സ്കൂളിലെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളുമായി സ്കൂൾ എസ്എംസി ചെയർമാനും പിടിഎ ഭാരവാഹിയും തമ്മിലുണ്ടായ വാഗ്വാദമാണ് സംഘർഷത്തിലേക്കു നയിച്ചത്.
സ്കൂളിനു പുറത്ത് ടൗണിൽ പ്രതിഷേധ പരിപാടികൾ നടത്തിയ എസ്എഫ്ഐ പ്രവർത്തകർ സ്കൂളിലെത്തി മർദിച്ചെന്നാണു പരാതി. സ്കൂളിൽവച്ച് എസ്എംഎസി ചെയർമാനു മർദനമേറ്റതായി വാർത്ത പ്രചരിച്ചതോടെ എസ്എഫ്ഐ പ്രവർത്തകർ കൂട്ടമായെത്തി യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി നേരിടുകയായിരുന്നു.
ഷക്കീർ ഹുസൈനു തലയ്ക്കു സാരമായ പരുക്കേറ്റു. ദീപക്ക് കോൽക്കാട്ടിലിനു കൈയ്ക്കു പരുക്കേറ്റു. വിവരമറിഞ്ഞ് ഇരുവിഭാഗവും സംഘടിച്ചതോടെ ഒരു മണിക്കൂർ നേരം സ്കൂളിനു മുന്നിൽ സംഘർവസ്ഥയായി. മങ്കര എസ്ഐ എം.കെ.സുരേഷിന്റെ നേതൃത്വത്തിൽ പൊലീസെത്തിയെങ്കിലും പ്രശ്നം അവസാനിച്ചില്ല. എസ്എഫ്ഐ, സിപിഎം പ്രവർത്തകർ സ്കൂളിനകത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്കൂളിനു പുറത്തുമായി സംഘടിച്ചു നിന്നു. അഞ്ചരയോടെ ഡിവൈഎസ്പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും മാറ്റി. പരുക്കേറ്റ യൂത്ത് കോൺഗ്രസ് നേതാക്കളും എസ്എംസി ചെയർമാനും പത്തിരിപ്പാല സ്വകാര്യ ആശുപത്രിയിലും എസ്എഫ്ഐ നേതാവ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. സംഘർഷ സാധ്യത പരിഗണിച്ചു പത്തിരിപ്പാലയിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. എസ്എഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധ പ്രകടനം നടത്തി.
പരുക്കേറ്റ യൂത്ത് കോൺഗ്രസ് നേതാക്കളെ സംസ്ഥാന സെക്രട്ടറി ഡോ.പി.സരിൻ, കോൺഗ്രസ് നേതാക്കളായ എം.എൻ.ഗോകുൽദാസ്, കെ.ശ്രീവത്സൻ, എൻ.കെ.ജയരാജൻ, മുസ്‌ലിം ലീഗ് നേതാവ് പി.എ.ഷൗക്കത്തലി, വനിതാ ലീഗ് ജില്ലാ സെക്രട്ടറി ഷംന ഷൗക്കത്ത് തുടങ്ങിയവർ സന്ദർശിച്ചു.