ADVERTISEMENT

പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ ക്രിക്കറ്റ് കളിച്ച് പണം സ്വരൂപിച്ച് പലർക്കായി സഹായം നൽകിയത് 6 ലക്ഷം രൂപ. ഐപിഎൽ മാതൃകയിൽ നടക്കുന്ന കോളജ് പ്രീമിയർ ലീഗ് (സിപിഎൽ) ആരംഭിച്ചിട്ട് 10 വർഷത്തോളമായി. എല്ലാ വർഷവും നടക്കുന്ന സിപിഎൽ മത്സരങ്ങളിലൂടെയാണ് ഇത്രയും പണം സ്വരൂപിച്ചു സഹായം നൽകിയത്. കഴിഞ്ഞ മേയിൽ നടന്ന സിപിഎൽ സീസണിൽനിന്നു ലഭിച്ച 23,500 രൂപ പുതുപ്പരിയാരത്തെ മുൻ ജനപ്രതിനിധിക്കു ചികിത്സാ സഹായം നൽകി.

മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയിലൂടെ ഇദ്ദേഹത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ വിദ്യാർഥികൾ വീട്ടിൽ നേരിട്ടെത്തിയാണ് തുക കൈമാറിയത്. കോളജ് ക്രിക്കറ്റ് ടീം, കോളജ് യൂണിയൻ എന്നിവയുടെ സഹകരണത്തോടെയാണ് കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ അതിവിപുലമായ രീതിയിൽ സിപിഎൽ സംഘടിപ്പിക്കുന്നത്. ഐക്കൺ പ്ലെയർ, താരലേലം തുടങ്ങി ഐപിഎല്ലിന്റെ രീതികളെല്ലാം സിപിഎല്ലിനും ബാധകമാണ്. താരലേലത്തിൽ പണത്തിനു പകരം കളിമികവിന്റെ അടിസ്ഥാനത്തിലുള്ള പോയിന്റാണു പരിഗണിക്കുന്നതെന്നു മാത്രം. പെൺകുട്ടികളും അധ്യാപകരും അടക്കമുള്ള ടീം മാനേജ്മെന്റുകളാണ് ഓരോ ടീമിനെയും രംഗത്തിറക്കുക, പങ്കെടുക്കാൻ താൽപര്യമുള്ള എല്ലാ വിദ്യാർഥികളും മുൻകൂട്ടി റജിസ്റ്റർ ചെയ്യും. റജിസ്ട്രേഷൻ ഫീസായി ഇൗടാക്കുന്ന ചെറിയ തുകയും സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുന്ന തുകയുമാണ് വരുമാനം.

ഇതിൽ നിന്ന് ചെറിയൊരു ഭാഗം പ്രൈസ് മണി അടക്കമുള്ള ചെലവുകൾക്കു വിനിയോഗിക്കും. ബാക്കി തുക പൂർണമായും അർഹരായവരെ കണ്ടെത്തി സഹായം നൽകും. കോവിഡിനു ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് നാടു മുക്തമാകുന്നതോടെ വരും സീസണുകളിൽ സിപിഎല്ലിലൂടെ കൂടുതൽ വരുമാനം കണ്ടെത്തി കൂടുതൽ പേർക്ക് സഹായം എത്തിക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാർഥികളെന്ന് കോളജ് കായിക വിഭാഗം മേധാവിയും സിപിഎൽ ടൂർണമെന്റ് കൺവീനറുമായ ഡോ.സി.ബി. രാജേഷ് പറഞ്ഞു. ജില്ലാ സി ഡിവിഷൻ ക്രിക്കറ്റ് ക്ലബ്ബായ കോളജ് ടീം ഇതിനകം ഒട്ടേറെ ടൂർണമെന്റുകളിൽ ജേതാക്കളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com