ADVERTISEMENT

മണ്ണാർക്കാട്  ∙ അട്ടപ്പാടി മധു വധക്കേസിൽ 10 സാക്ഷികൾ കൂറുമാറി. ഇരുപതാം സാക്ഷി മരുതൻ എന്ന മയ്യനാണ് ഇന്നലെ കൂറുമാറിയത്. പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി ഇതുവരെ മൊഴി നൽകിയത്. മറ്റൊരാൾ ഇൻക്വസ്റ്റ് സാക്ഷിയാണ്.  വനംവകുപ്പിന്റെ പൊട്ടിക്കല്ലിലെ മരക്കൂപ്പിൽ തടികയറ്റാൻ പോകുന്നയാളാണു മരുതൻ.

കാട്ടിൽ മധുവിനെ കണ്ടെന്നു വനംവകുപ്പ് വാച്ചറായിരുന്ന കാളിമൂപ്പൻ പ്രതിപ്പട്ടികയിലുള്ള മരയ്ക്കാറിനോടു പറയുന്നതു കേട്ടുവെന്നു പൊലീസിനു മൊഴി നൽകിയ ആളാണ് മരുതൻ. സംഭവദിവസമായ 2018 ഫെബ്രുവരി 22നു വനംവകുപ്പിന്റെ തേക്ക് കൂപ്പിൽ മരം കയറ്റുന്ന ജോലി ഇല്ലാത്തതിനാൽ കാളിമൂപ്പനും മരുതനും ക്രെയ്ൻ ഡ്രൈവർമാരും ചേർന്നു വനം കാണാൻ പോയെന്നും അവിടെ ആണ്ടിഅള എന്ന സ്ഥലത്തെത്തിയപ്പോൾ പാറപ്പുറത്തിരുന്ന ഒരാൾ ഇറങ്ങിപ്പോകുന്നതു കാളിമൂപ്പൻ കണ്ടുവെന്നും ഗുഹയിൽ അലുമിനിയം പാത്രങ്ങളും മസാലപ്പൊടികളും ഉൾപ്പെടെ കണ്ടുവെന്നും പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

തിരികെ വണ്ടിക്കടവിലെത്തിയപ്പോൾ ലോറി ഡ്രൈവറായ പ്രതി മരയ്ക്കാറിനോട് മധു അജുമുടി എന്ന സ്ഥലത്തുണ്ടെന്നു കാളിമൂപ്പൻ പറയുന്നതു കേട്ടുവെന്നും മരുതൻ മൊഴി നൽകിയെന്നാണു പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കാട് കാണാൻ പോയെന്നും ഗുഹയും അതിനുള്ളിലെ സാധനങ്ങളും കണ്ടില്ലെന്നും മധുവിനെ കണ്ടെന്നു കാളിമൂപ്പൻ പറഞ്ഞെന്ന കാര്യം അറിയില്ലെന്നും മരുതൻ ഇന്നലെ കോടതിയിൽ പറഞ്ഞു. തുടർന്നാണു കൂറു മാറിയതായി പ്രഖ്യാപിച്ചത്. പ്രതിഭാഗം അഭിഭാഷകൻ മരുതനെ വിസ്തരിച്ചില്ല.

ബുധനാഴ്ച 21, 22 സാക്ഷികളെ വിസ്തരിക്കും. മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളാണുള്ളത്, 121 സാക്ഷികളും. ഇതിൽ ഒന്നു മുതൽ ഒൻപതു വരെയുള്ളവർ ഇൻക്വസ്റ്റ് നടപടികൾക്കു സാക്ഷികളായവരാണ്. ഇതിൽ ഒരാളെ മാത്രമാണു വിസ്തരിച്ചത്. 10 മുതൽ 20 വരെയുള്ള സാക്ഷികളെ വിസ്തരിച്ചതിൽ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴിയിൽ ഉറച്ചുനിന്നത്. പ്രതികൾക്കു സാക്ഷികളുമായി ഇടപെടാനും അതിലൂടെ വലിയ സ്വാധീനമുണ്ടാക്കാനും സാധിച്ചെന്നും ഇതിന്റെ ഫലമായാണു സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുന്നതെന്നും സ്പെഷൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ പറഞ്ഞു.

മധു കേസിൽ പ്രോസിക്യൂഷൻ നോക്കുകുത്തിയായി: ചെന്നിത്തല 

തിരുവനന്തപുരം∙അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ തല്ലിക്കൊന്ന കേസിൽ സാക്ഷികളുടെ കൂറുമാറ്റം തടയാൻ കഴിയാതെ പ്രോസിക്യൂഷൻ നോക്കുകുത്തിയായി നിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന  സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാരും ഇടതു സംഘടനകളും നൽകിയ വാഗ്ദാനങ്ങളുടെ കാപട്യമാണ് വെളിവാകുന്നത്.

പല പ്രതികൾക്കും സിപിഎമ്മുമായി ബന്ധമുണ്ടെന്നും ഇതിന്റെ ഫലമായാണ് വിചാരണ അട്ടിമറിക്കപ്പെടുന്നത് എന്നുമുള്ള  വിമർശനം ശക്തമാണ്. സിപിഎമ്മിനു താൽപര്യമുളള ക്രിമിനലുകളെ സംരക്ഷിക്കാനായി  ഖജനാവിൽ നിന്നു വൻതുക ചെലവഴിച്ച്  അഭിഭാഷകരുടെ സേവനം പ്രയോജനപ്പെടുത്താൻ കാണിക്കുന്ന ശുഷ്‌കാന്തിയുടെ ഒരു അംശമെങ്കിലും  ഈ കേസിന്റെ നടത്തിപ്പിൽ സർക്കാർ പ്രകടിപ്പിക്കണം.  മുഴുവൻ പ്രതികൾക്കും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com