ADVERTISEMENT

പാലക്കാട് ∙ ജനവാസ കേന്ദ്രങ്ങളിൽ നിന്നകന്നു കുറ്റിക്കാടുകളിലും തോട്ടുവരമ്പുകളിലും പനമ്പട്ട കൊണ്ട്  വീടുണ്ടാക്കി താമസിച്ച ജനതയെ തേടി മഹാത്മാഗാന്ധി എത്തി. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും കൊടികുത്തി വാണിരുന്ന കാലത്ത്‌ കുഴൽമന്ദം ദേശത്തും പ്രാന്തപ്രദേശങ്ങളായ കുത്തനൂർ, പെരിങ്ങോട്ടുകുറുശി, കോട്ടായി, പുളിനെല്ലി എന്നിവിടങ്ങളിലും തങ്ങളിലേക്കു ചുരുങ്ങിക്കഴിഞ്ഞിരുന്നവരാണ്‌ നായാടി സമൂഹം. 1934ൽ അകത്തേത്തറ ശബരി ആശ്രമത്തിലെത്തിയ ഗാന്ധിജി നൊച്ചുള്ളി ബാലകൃഷ്ണന്റെ പ്രവർത്തനങ്ങൾ അറിഞ്ഞാണ് നായാടി സമൂഹത്തെ തേടിയെത്തിയത്. പൊതുനിരത്തുകളിൽ പ്രവേശിക്കാൻ ഇവർക്ക് അധികാരം ഇല്ലായിരുന്നു. പൊതുജന മധ്യത്തിൽ പ്രത്യക്ഷപ്പെടുന്നവരെ ഉയർന്ന ജാതിക്കാർ ക്രൂരമായി മർദിച്ചു.

സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി സ്ഥാപിതമായ ശബരി ആശ്രമത്തിലേക്ക് നായാടി കുട്ടികളെ എത്തിച്ചിരുന്നത്  ഓലമടൽ കൊണ്ട് മറച്ചുപിടിച്ചായിരുന്നു. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള നൊച്ചുള്ളി ഈഴവ സമാജമാണു സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ചത്.  ഇവരെ ഒരുമിച്ച്‌ ചേർത്ത്‌ തനിക്ക് കുടുംബസ്വത്തായി ലഭിച്ച ഭൂമിയിൽ കുടിൽ കെട്ടി ജീവിക്കാൻ ധൈര്യം നൽകിയതു ബാലകൃഷ്ണനായിരുന്നു. കോളനി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നീണ്ട ഓടിട്ട കെട്ടിടം നിർമിച്ചു നൽകി. കെട്ടിടത്തിന് അന്നത്തെ തുക്കിടി (ആർഡിഒ) കാറൽസ്റ്റന്റെ പേരാണ് നൽകിയത്.

പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹമായിരുന്നു സമൂഹത്തിന് നൽകിയത്. അന്ന്‌ പൊതുകിണറിൽനിന്ന്‌ വെള്ളമെടുക്കാൻ മറ്റുള്ളവർ കോളനി നിവാസികളെ അനുവദിച്ചിരുന്നില്ല. ഇക്കാര്യം മനസ്സിലാക്കിയ ഗാന്ധിജി നൊച്ചുള്ളി ബാലകൃഷ്ണനുമായി സംസാരിച്ചശേഷം കോളനിയിൽ ഒരു കിണർ നിർമിക്കാനാവശ്യപ്പെട്ടു. അങ്ങനെ അവർക്ക് വെള്ളം കിട്ടി. ഗാന്ധിജി എത്തിയതോടെ പൊതുസമൂഹത്തിലുള്ളവർ ഇവരുമായി ഇടപെടാൻ തുടങ്ങി. മിശ്രഭോജനം സംഘടിപ്പിച്ച സ്ഥലങ്ങളിൽ എല്ലാം ഇവരെ ഉൾപ്പെടുത്താനും സംഘാടകർ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് 2020ൽ നൊച്ചുള്ളി നായാടി കോളനിയെ ദത്തെടുത്തു. കിണർ നവീകരിച്ച് ഗാന്ധി സ്മാരക പൊതുകിണറാക്കി മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com