ADVERTISEMENT

കൊല്ലങ്കോട് ∙ ശരണം വിളികൾ മുഴങ്ങവെ ശബരീശനു നിറപുത്തരിക്കായുള്ള കതിരുകൾ കൊയ്തെടുത്തു. നെന്മേനി പാടശേഖരത്തിലെ ആർ.കൃഷ്ണകുമാറിന്റെ പാടത്തു നിന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, കെ.ബാബു എംഎൽഎ, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം കെ.ആർ.ഗോപിനാഥ്, ശബരിമല മുൻ മേൽശാന്തിമാരായ ദാമോദരൻ പോറ്റി, ശശി പോറ്റി, എസ്.ഇ.ശങ്കരൻ നമ്പൂതിരി, മാളികപ്പുറം മുൻ മേൽശാന്തി പുതുമന മനു നമ്പൂതിരി, കൊല്ലങ്കോട് പഞ്ചായത്ത് അധ്യക്ഷൻ കെ.സത്യപാൽ എന്നിവരുടെ സാന്നിധ്യത്തിലാണു കതിരുകൾ കൊയ്തെടുത്തത്. 

നാളെ പുലർച്ചെയാണു ശബരിമല അയ്യപ്പനു നിറപുത്തരി സമർപ്പണം. ശക്തമായ മഴ കണക്കിലെടുത്ത് ഇന്നലെ വൈകിട്ടു തന്നെ കതിർക്കറ്റകൾ സന്നിധാനത്തിലേക്കു കൊണ്ടുപോയി. അയ്യപ്പസേവാസംഘം പ്രവർത്തകൻ കൂടിയായ കർഷകൻ ആർ.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വ്രതാനുഷ്ഠാനങ്ങളോടെ അയ്യപ്പഭക്തരുടെ സംഘം ഇന്നു പുലർച്ചെ സന്നിധാനത്തിലെത്തും. 

രണ്ടു പതിറ്റാണ്ടിലേറെയായി ശബരിമല അയ്യപ്പനു നിറപുത്തരിക്കു നെന്മേനിയിലെ കൃഷ്ണകുമാറിന്റെ കൃഷിയിടത്തിൽ നിന്നാണു കതിർക്കറ്റകൾ സമർപ്പിക്കാറുള്ളത്. ഈ വർഷം ഏപ്രിൽ 3നു വിത്തിട്ട എഎസ്ഡി നെല്ല് വിളഞ്ഞതാണ് ഇന്നലെ ഭക്ത്യാദരപൂർവം കൊയ്തെടുത്തത്. കാർഷിക ആചാരത്തിന്റെ ഭാഗമായി കണക്കാക്കുന്നതാണു കതിർ സമർപ്പണം. മേൽശാന്തി തീർഥം തളിച്ചു സ്വീകരിക്കുന്ന കതിരുകൾ നാളെ പുലർച്ചെ നിറപുത്തരിക്കു സമർപ്പിക്കും. തുടർന്നു ഭക്തർക്കു നെൽക്കതിരുകൾ പ്രസാദമായി നൽകുകയും ചെയ്യും.

ആചാരഅനുഷ്ഠാനങ്ങൾക്ക് മുടക്കം വരില്ല: അനന്തഗോപൻ

കൊല്ലങ്കോട് ∙ ഏതു പ്രളയം വന്നാലും ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ നിറപുത്തരി ഉൾപ്പെടെയുള്ള ആചാരാനുഷ്ഠാനങ്ങൾക്കു മുടക്കം വരില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസി‍ഡന്റ് കെ.അനന്തഗോപൻ. ശബരിമല ശാസ്താവിനു നിറപുത്തരിക്കുള്ള കതിർ കൊല്ലങ്കോട് നെന്മേനിയിലെ അയ്യപ്പസേവാസംഘം പ്രവർത്തകൻ ആർ.കൃഷ്ണകുമാറിന്റെ പാടശേഖരത്തിൽ നിന്നു കൊയ്തെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിറപുത്തരിക്കുള്ള ഒരുക്കങ്ങൾ സന്നിധാനത്തു പൂർത്തിയാക്കിയിട്ടുണ്ട്. കതിർക്കറ്റകൾ ഇന്നു തന്നെ ശബരിമലയിൽ എത്തിക്കും. പ്രളയം ഉൾപ്പെടെയുള്ള മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ആചാരാനുഷ്ഠാനങ്ങൾ മുടങ്ങാതിരിക്കാനുള്ള മുന്നൊരുക്കം നടത്തിയതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com