ADVERTISEMENT

പാലക്കാട് ∙ 8 മീറ്റർ എന്ന സ്വപ്നദൂരം എം.ശ്രീശങ്കർ മറികടന്നത് 21 തവണ. 2018ൽ ലോക ജൂനിയർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിലാണ് ആദ്യമായി 8 മീറ്റർ മറികടന്നത്, 8.20. വെള്ളി പുലർച്ചെ കോമൺവെൽത്ത് ലോങ്ജംപിൽ സ്വർണം നേടിയ ലാക്വാൻ നയിനും വെള്ളി നേടിയ ശ്രീശങ്കറും 8.08 മീറ്ററാണു ചാടിയതെങ്കിലും മത്സരത്തിലെ മികച്ച രണ്ടാമത്തെ പ്രകടനം കണക്കാക്കിയപ്പോഴാണു ശ്രീശങ്കർ രണ്ടാമതായത്. 7.94 മീറ്ററായിരുന്നു ലാക്വാൻ നയിന്റെ മികച്ച രണ്ടാമത്തെ പ്രകടനം. ശ്രീശങ്കറിന്റേത് 7.84 മീറ്ററും. 

ഒളിംപിക്സിലെ നിരാശയ്ക്കു മധുരപ്രതികാരം പോലെ ഈ വർഷം 2 തവണയാണു ശ്രീശങ്കർ 8 മീറ്റർ ദൂരം മറികടന്നത്. ചെന്നൈയിൽ നടന്ന ദേശീയ സീനിയർ അത്‌ലറ്റിക്സ് മീറ്റിൽ 8.23 മീറ്റർ ചാടി കേരളത്തിനായി സ്വർണം നേടി. കോഴിക്കോട് നടന്ന ഫെഡറേഷൻ കപ്പിൽ 8.36 മീറ്റർ മറികടന്നു സ്വർണം നേടിയതാണ് താരത്തിന്റെ കരിയറിലെ മികച്ച പ്രകടനം. 

‘ശങ്കുവിന്റെ’ വെള്ളിക്കു സ്വർണത്തിന്റെ തിളക്കമാണെന്ന് അമ്മയും മുൻ ഇന്ത്യൻ താരവുമായ കെ.എസ്.ബിജിമോൾ പറഞ്ഞു. കഠിനാധ്വാനിയാണെങ്കിലും ഇടയ്ക്കു ഭാഗ്യക്കേട് കൂടെയുണ്ട്. കൂടുതൽ പരിശ്രമിക്കുന്നതിന് ഈ വെള്ളിനേട്ടം ഇടയാക്കുമെന്നും ബിജിമോൾ പറഞ്ഞു. ട്രിപ്പിൾ ജംപിലെ ദേശീയ താരമായിരുന്ന അച്ഛൻ കെ.എസ്.മുരളി തന്നെയാണു മകന്റെ പരിശീലകൻ.

ലോക റാങ്കിങ്ങിൽ രണ്ടാമതാണു ശ്രീശങ്കർ. ഒളിംപിക്സ് ചിഹ്നങ്ങൾ കതകിലും ഗേറ്റിലും കൊത്തിയ ‘കളത്തിൽ’ വീട്ടിലേക്ക് ഒരു നാൾ ശ്രീശങ്കർ ഒളിംപിക്സ് മെഡൽ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണു കുടുംബം. 10ന് മെണോക്കോയിൽ നടക്കുന്ന ഡയമണ്ട് ലീഗിലും പങ്കെടുത്ത ശേഷമാകും ശ്രീശങ്കറിന്റെ നാട്ടിലേക്കുള്ള മടക്കം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com