ADVERTISEMENT

വടക്ക‍ഞ്ചേരി ∙ രാജ്യാന്തര ഫുട്ബോള്‍ മൈതാനങ്ങളിൽ മുന്നേറ്റനിരയിലെ കരുത്തനായിരുന്ന മുന്‍ ഇന്ത്യന്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഐ.എം.വിജയന്‍, തന്റെ ആരാധകനായ കിഴക്കഞ്ചേരി ചീരക്കുഴിയിലെ അബ്ദുല്ലയെ കാണാനെത്തി. ഒരു നാട് മുഴുവന്‍ ഫുട്ബോള്‍ ആവേശത്താല്‍ ജയ് വിളികളോടെ വിജയനെ സ്വീകരിച്ചു. എന്നാല്‍, ഫുട്ബോള്‍ ഇഷ്‌ടമാണോ എന്ന ഐ.എം.വിജയന്റെ ചോദ്യത്തിനു വിജയനെപ്പോലും അമ്പരപ്പിച്ച് ഞാന്‍ വോളിബോള്‍ പ്രേമിയാണെന്നും വോളിബോളിനാണു പ്രാധാന്യം നല്‍കേണ്ടതെന്നുമാണു അബ്ദുല്ല മറുപടി പറഞ്ഞത്. എങ്കിലും ഐ.എം.വിജയന്‍ തന്റെ ഇഷ്ടതാരമാണെന്നും തന്നെ കാണാന്‍ വന്നതില്‍ വലിയ സന്തോഷമുണ്ടെന്നും അബ്ദുല്ല പറഞ്ഞതോടെ ആരവം മുഴങ്ങി. 

  കിഴക്കഞ്ചേരി ചീരക്കുഴിയിലെ അബ്ദുല്‍കാദര്‍-ആസിയ ദമ്പതികളുടെ മകനായ അബ്ദുല്ല ജന്മനാ കാലുകള്‍ക്കു ചലനശേഷി നഷ്ടപ്പെട്ട് വീടിനുള്ളില്‍ ഒതുങ്ങുകയായിരുന്നു. പിന്നീട് മാതാപിതാക്കളും കൂട്ടുകാരും എടുത്തുകൊണ്ട് വീടിന് സമീപമുള്ള വോളിബോള്‍ കോര്‍ട്ടിനരികെ ഇരുത്തി. കളി കണ്ടു തുടങ്ങിയതോടെ അബ്ദുല്ല വോളിബോളിനെ സ്നേഹിച്ചു തുടങ്ങി. മൊബൈല്‍ കിട്ടിയതോടെ ലോകം മുഴുവനുമുള്ള വോളിബോള്‍ കളികള്‍ കണ്ട‌ു. ഇന്ത്യന്‍ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ് അടക്കമുള്ളവരുടെ ആരാധനകനായി.   

പിന്നീട് താരങ്ങളുടെ നമ്പര്‍ സംഘടിപ്പിച്ച് അവരെ വിളിക്കാന്‍ തുടങ്ങി. ആ സൗഹൃദം മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ ടോം ജോസഫിനെ തന്റെ വീട്ടിലെത്തിക്കുന്നതില്‍ വരെയെത്തി. ടോം അന്നു സമ്മാനിച്ച വോളിബോള്‍ ഇന്നും നിധിപോലെ സൂക്ഷിക്കുന്ന അബ്ദുല്ല ഒരു വീഡിയോയിലൂടെ ഐ.എം.വിജയനെ കാണണമെന്ന ആഗ്രഹം അറിയിച്ചതോടെയാണ് മറ്റൊരു പരിപാടിക്ക് പോകുന്ന വഴി വിജയന്‍ അബ്ദുല്ലയുടെ വീട്ടിലെത്തിയത്. വിജയൻ ടീ ഷര്‍ട്ടും ജേഴ്സിയും സമ്മാനമായി നല്‍കി. വീല്‍ ചെയറിലിരുന്ന അബ്ദുല്ലയോടൊപ്പം സെല്‍ഫിയെടുത്തു. യാത്ര പറയും മുന്‍പ് ആരാധകനെ കെട്ടിപ്പിടിച്ചു മുത്തം നല്‍കാനും വിജയന്‍ മറന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com