കോഴിക്കോട്ടേക്ക് 2 മണിക്കൂർ, മുടക്ക് 8018 കോടി; ഗ്രീൻഫീൽഡ് ഹൈവേയുടെ നേട്ടങ്ങളേറെ, ആശങ്കകളും

kalladikode-mala
SHARE

പാലക്കാട് ∙ കല്ലടിക്കോടൻ മലയടിവാരത്തിലൂടെ കടന്നു പോകുന്ന കോഴിക്കോട്–പാലക്കാട് ദേശീയപാതയ്ക്ക് ഏറ്റെടുക്കുന്ന ഭൂമി അടയാളപ്പെടുത്തി ഈമാസം തന്നെ കല്ലിടൽ ആരംഭിക്കും. വിവിധ വകുപ്പുകളുടെ സംയുക്ത ഫീൽഡ് സർവേ, നഷ്ടപരിഹാരം കണക്കാക്കാനുള്ള നടപടികൾ എന്നിവയും ഇതോടൊപ്പം തുടങ്ങും. ഫീൽഡ് സർവേ പൂർത്തിയാകുന്നതോടെ പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ലഭ്യമാകും. തുടർന്നു നഷ്ടപരിഹാരം നൽകേണ്ടവരുടെ പട്ടികയും നൽകേണ്ട തുകയും കണക്കാക്കി പണം കൈമാറും. 

ഭൂമിയെടുപ്പുമായി ബന്ധപ്പെട്ടു ലഭിച്ച നാലായിരത്തോളം പരാതികളിൽ ഹിയറിങ് ഈ മാസം അവസാനമേ അവസാനിക്കുകയുള്ളുവെങ്കിലും  പൂർത്തിയായ മേഖലകളിൽ നിന്ന് കല്ലിടൽ ആരംഭിക്കാനാണ് തീരുമാനം. അതേ സമയം, ഭൂമിയെടുപ്പു നടപടികൾക്കു റവന്യൂവിഭാഗത്തിന് കൂടുതൽ ജീവനക്കാരെ നിയോഗിക്കുമെന്നു വാഗ്ദാനം ചെയ്തെങ്കിലും ലഭ്യമായിട്ടില്ല. 28 പേർ അടങ്ങുന്ന പുതിയ യൂണിറ്റ് അനുവദിക്കുമെന്നാണ് അറിയിച്ചിരുന്നത്

പരാതികളിൽ എന്തു നടപടി ?

പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന മേഖലയിൽ നിന്ന് ഒട്ടേറെ പരാതികളാണ് ലഭിച്ചത്. അഭിപ്രായങ്ങൾ കേട്ടശേഷം ഇവ തുടർനടപടികൾക്കു ദേശീയപാത അതോറിറ്റിക്ക് റവന്യൂവകുപ്പ് കൈമാറി. മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ജനവാസകേന്ദ്രങ്ങളിൽ നിന്ന് അലൈൻമെന്റ് ഒഴിവാക്കണമെന്നുമാണ് പ്രധാന ആവശ്യം. നിലവിലെ അലൈൻമെന്റിൽ സാങ്കേതികപിഴവുകൾ കണ്ടെത്തിയാൽ ആ മേഖലകളിൽ മാറ്റം വരുത്തുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. നഷ്ടപരിഹാരം മതിയായില്ലെന്ന പരാതികൾ ഉണ്ടെങ്കിൽ  പരിഹരിക്കാൻ ആർബിട്രേഷൻ സംവിധാനം ഉണ്ട്. നഷ്ടപരിഹാരം കൊടുത്തുതീർത്തതിനു ശേഷം മാത്രമേ ഭൂമി വിട്ടു നൽകേണ്ടതുള്ളുവെന്നും അധികൃതർ അറിയിച്ചു. 

ആശങ്കകൾ പരിഹരിക്കണം

ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ജനങ്ങളിൽ നിന്ന് ആവശ്യമുയരുന്നു. വിവിധ പ്രദേശങ്ങളിൽ ആക്‌ഷൻ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളും പട്ടണങ്ങളും പരമാവധി ഒഴിവാക്കിയ പാതയാണെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, വിജ്ഞാപനം വന്നപ്പോൾ നേരത്തെ പ്രഖ്യാപിച്ചതിൽ നിന്നു വ്യത്യസ്തമായി ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടുന്നുവെന്നും പരാതിയുണ്ട്.  വീടും കൃഷിസ്ഥലവും നഷ്ടപ്പെടുന്ന ഭീതി ഏറെ പേർക്കുണ്ട്. പരമാവധി ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട്ടേക്ക് രണ്ടു മണിക്കൂർ; പദ്ധതിക്കു നേട്ടങ്ങളേറെ

സേലം–കൊച്ചി ദേശീയപാതയിൽ മരുതറോഡ് പഞ്ചായത്തിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് എതിർവശത്തു നിന്ന് (ഏകദേശം) ആരംഭിച്ച് മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂരിലാണ് ജില്ലയുടെ ഭാഗം അവസാനിക്കുക. തുടർന്ന് മലപ്പുറം ജില്ല വഴി ദേശീയപാത 55 ൽ കോഴിക്കോട് പന്തീരാങ്കാവിൽ അവസാനിക്കും. രണ്ടു മണിക്കൂർ കൊണ്ട് പന്തീരാങ്കാവിൽ എത്തുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. നാലു വരിയായി 45 മീറ്ററിലാണ് ദേശീയപാത നിർമിക്കുക. എളുപ്പത്തിൽ എത്തുമെന്നതിനാൽ ചരക്കുനീക്കം ഈ വഴിയാകും. ഉൾപ്രദേശങ്ങളിൽ കൂടുതൽ വികസനം എത്താൻ പദ്ധതി സഹായിക്കും. 

ജില്ലയിൽ മുടക്കുന്നത് നാലായിരം കോടി

പദ്ധതിക്കായി ആകെ മുടക്കുന്നത് 8018 കോടി രൂപയിൽ നാലായിരം കോടി രൂപയും വിനിയോഗിക്കുക പാലക്കാട് ജില്ലയിലാണ്. ഭൂമിയെടുപ്പിനു മാത്രം 2000 കോടി രൂപ ചെലവാക്കും. 2000 കോടി രൂപയാണ് നിർമാണത്തിന് ചെലവാക്കുക. ഭൂമിയെടുപ്പിന് കണക്കാക്കുന്ന ചെലവ് (ഒരുകിലോമീറ്ററിന് )  : 33.17 കോടി റോഡ് നിർമാണത്തിന് കണക്കാക്കുന്ന ചെലവ് : 24.75 കോടി

പാത ഇങ്ങനെ

∙ജില്ലയിൽ നിർമിക്കുന്ന ദൂരം : 61.44 കിലോമീറ്റർ
∙ജില്ലയിൽ ആകെ ഏറ്റെടുക്കുന്ന ഭൂമി : 277.48 ഹെക്ടർ
∙ഏറ്റെടുക്കേണ്ട വനഭൂമി : 7.42 ഹെക്ടർ
∙വീട് ഉൾപ്പെടെ പൊളിച്ചുമാറ്റേണ്ട സ്ഥിരം കെട്ടിടങ്ങൾ : 983, താൽകാലിക കെട്ടിടങ്ങൾ : 788

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}