ADVERTISEMENT

പട്ടാമ്പി ∙ സംസ്ഥാനത്ത് മൃഗസംരക്ഷണത്തിനും ക്ഷീരകർഷകരെ സഹായിക്കാനും ആവശ്യമായ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ഓങ്ങല്ലൂർ ‍ പഞ്ചായത്തിലെ മൃഗാശുപത്രി കെട്ടിട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. വളർത്തുമൃഗങ്ങളുൾപ്പെടയുള്ള മൃഗങ്ങൾക്ക് അടിയന്തിര ഘട്ടങ്ങളിൽ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകൾക്കും ആംബുലൻസ് നൽകും. ‍

ഡ്രൈവറും അറ്റൻഡറും ചികിത്സാ ഉപകരണങ്ങളും ഉൾപ്പെടെ സൗകര്യമുള്ള ആംബുലൻസ് സേവനം കർഷകർക്ക് 24 മണിക്കൂറും പ്രയോജനപ്പെടുത്താനാകും.പശുഗ്രാമം പദ്ധതിയിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും ഒരു പശുവിനെ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. കന്നുകുട്ടി പരിപാലനത്തിന് കന്നുകുട്ടികളെ ദത്തെടുക്കുന്ന പദ്ധതി നടപ്പാക്കും. എല്ലാ സൗകര്യങ്ങളുമുള്ള ടെലി വെറ്ററിനറി യൂണിറ്റ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ആരംഭിക്കും.

പശുക്കൾക്ക് കുറഞ്ഞ ചെലവിൽ തീറ്റപ്പുൽ ലഭ്യമാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനിൽ തീറ്റപ്പുൽ എത്തിക്കുന്ന പദ്ധതി നടപ്പാക്കുന്ന കാര്യം റെയിൽവേയുമായി ചർച്ചയിലാണ്. എല്ലാ തെരുവുനായ്ക്കളെയും പഞ്ചായത്ത് സഹകരണത്തോടെ വന്ധ്യംകരിക്കാനുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മൃഗാശുപത്രിയിലെ 60 വർഷം പഴക്കമുള്ള കെട്ടിടത്തിന് പകരം ഒരു കോടി രൂപ ചെലവിൽ കൂടൂതൽ സൗകര്യങ്ങളോടെയുള്ള കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ നിലവിലെ മൃഗാശുപത്രി പോളി ക്ലിനിക് ആക്കി ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. 

മുഹമ്മദ് മുഹസിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗ സംരക്ഷണ ഓഫിസർ ഡോ. പി.ബി. പത്മജ , ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ കെ.സി. സുബ്രഹ്മണ്യൻ, പഞ്ചായത്ത് അധ്യക്ഷ രതി ഗോപാലകൃഷ്ണൻ, ഉപാധ്യക്ഷൻ ടി.പി. രജീഷ് ജില്ലാ പഞ്ചായത്തംഗം എ. എൻ. നീരജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.പി. ഉണ്ണിക്കൃഷ്ണൻ, വി. സെയ്ദാലി, പി. പ്രസന്ന, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രിയ പ്രശാന്ത്, കെ. പുഷ്പലത, ജലജ ശശികുമാർ, പഞ്ചായത്തംഗം പി. രോഹിത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. ആർ. ജയശങ്കർ, അ‍ഡ്വ. . ധർമദാസ്, പി. ഉണ്ണിക്കൃഷ്ണൻ, വി.ടി.സക്കീർ, വി.സി. സന്തോഷ്, കർഷക പ്രതിനിധി പി.എം . വാസുദേവൻ, ക്ഷീരോൽപാദക സംഘം പ്രസിഡന്റുമാരായ കെ. സുബ്രഹ്മണ്യൻ, കെ. കോരൻ, വി. ചാമി, സീനിയർ വെറ്ററിനറി സർജൻ ഡോ. ജി. ദിനേശ് എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com