ADVERTISEMENT

പാലക്കാട് ∙ മലനിരകളിൽ ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിലെ ഡാമുകൾ പരമാവധി സംഭരണ ശേഷിയിലേക്ക് നീങ്ങുന്നു. ഇന്നലെ ചുള്ളിയാർ ഡാം തുറന്നു. ചുള്ളിയാറിൽ ഒരു ഷട്ടർ 5 സെന്റി മീറ്ററാണു തുറന്നത്. ചാവടി–വാളയാർ മലനിരകളിൽ മഴ ശക്തമായി തുടരുന്നതിനാൽ ഇന്നു രാവിലെ 8നു വാളയാ‍ർ ഡാമും തുറക്കും. ജലനിരപ്പു ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഒരു ഷട്ടർ 5 സെന്റിമീറ്റർ തുറക്കാനാണു തീരുമാനം. സെക്കൻഡിൽ 100 ഘന അടി വെള്ളമാണ് പുറത്തേക്കൊഴുകുക. മഴ തുടർന്നാൽ അടുത്ത ദിവസങ്ങളിൽ 2 ഷട്ടറുകളും തുറക്കും. 

വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ഡാമുകളിൽ ജലനിരപ്പു ക്രമീകരിക്കണമെന്ന നിർദേശത്തെ തുടർന്നാണ് മലമ്പുഴയ്ക്കു പിന്നാലെ വാളയാർ ഡാമും തുറക്കുന്നത്.  വാളയാർ ഡാം ജലനിരപ്പ് ഇന്നലെ രാത്രിയോടെ 202.12 ൽ എത്തി. ഡാമിന്റെ സംഭരണ ശേഷി 203 മീറ്ററാണ്. കോരയാർ, വാളയാർ പുഴകളിൽ നീരൊഴുക്കു കൂടുമെന്നതിനാൽ പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഡാം തുറക്കുന്നതിനു മുന്നോടിയായി വടകരപ്പതി, പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളം ഉയരുമെന്നു മുന്നറിയിപ്പുള്ളതിനാൽ 3 പഞ്ചായത്തുകളിലായുള്ള 7 നിലപ്പതി പാലങ്ങളിലൂടെയുള്ള യാത്രകൾക്കു നിയന്ത്രണം ഏർപ്പെടുത്തുമെന്നു വാളയാർ–കസബ പൊലീസ് അറിയിച്ചു. വാളയാർ ഡാം തുറന്നാൽ വാളയാർ പുഴ, കോരയാർ പുഴ വഴി മുക്കൈ പുഴയിലും കൽപാത്തി പുഴയിലും വെള്ളമെത്തും.

ഈ പുഴകളിൽ ജലനിരപ്പ് ഉയർന്നാൽ ഉണ്ടായേക്കാവുന്ന അപകടം മുന്നിൽ കണ്ടു മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ ഇന്നലെ ഉച്ചയോടെ 80 സെന്റിമീറ്ററാക്കി ഉയർത്തി. ഇതോടെ അകത്തേത്തറ ആണ്ടിമഠം പ്രദേശത്ത് പതിനെട്ടോളം വീടുകളിൽ വെള്ളം കയറി. മുക്കൈ പാലം വഴി ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇന്നു രാവിലെ വാളയാർ ഡാം തുറന്നാൽ ഉടൻ മലമ്പുഴയിൽ ഷട്ടറുകൾ നേരിയ തോതിൽ താഴ്ത്തി പുഴയിലേക്കുള്ള ജലമൊഴുക്ക് നിയന്ത്രിക്കുമെന്നു ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 

ജില്ലയിൽ തുറന്ന മറ്റു ഡാമുകൾ

∙ കാഞ്ഞിരപ്പുഴ ഡാം 3 ഷട്ടർ 80 സെന്റിമീറ്റർ വീതം.

∙ മംഗലം ഡാം 6 ഷട്ടറുകളിൽ 3 എണ്ണം 62 സെന്റിമീറ്റർ വീതവും മറ്റു 3 എണ്ണം 5 സെന്റിമീറ്റർ വീതവും തുറന്നു. 

∙ പോത്തുണ്ടി ഡാം 40 സെന്റിമീറ്റർ 

∙ ശിരുവാണി ഡാം റിവർ സ്ലൂയിസുകൾ ഒരു മീറ്റർ ഉയർത്തി. 

∙ മൂലത്തറ റഗുലേറ്റർ 19 ഷട്ടറുകളിൽ 5 എണ്ണം തുറന്നു. 

∙ തമിഴ്നാട് ആളിയാർ ഡാമിന്റെ 11 ഷട്ടറുകൾ 21 സെന്റിമീറ്റർ വീതം തുറന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com