ADVERTISEMENT

ചിറ്റിലഞ്ചേരി ∙ പൊതുപ്രവർത്തനത്തിലെ ശ്രദ്ധേയ യുവ സാന്നിധ്യമായിരുന്ന സൂര്യപ്രിയയുടെ കൊലപാതകം ഞെട്ടലോടെയാണ് നാട് കേട്ടത്. ഏതു പ്രശ്നത്തിലും ഇടപെടാനും നാട്ടുകാരുടെ എല്ലാ ആവശ്യങ്ങൾക്കും ഓടിയെത്താനും വിളിപ്പുറത്തുണ്ടായിരുന്നു സൂര്യപ്രിയ. ഡിവൈഎഫ്ഐയുടെ പ്രധാന സ്ഥാനങ്ങൾ വഹിച്ച് സമരമുഖങ്ങളിൽ മുൻനിരയിലായിരുന്നു സ്ഥാനം. സൗമ്യമായ പെരുമാറ്റം കൊണ്ടു ജനഹൃദയങ്ങളിൽ ഇടം നേടിയ സൂര്യപ്രിയ പഠനത്തിലും കഴിവു കാട്ടി. ആലത്തൂരിലെ സമാന്തര പഠന കേന്ദ്രത്തിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കിയ ശേഷമാണ് രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളിലേക്ക് എത്തിയത്. ആ സമയത്താണു സുജീഷും അവിടെ പഠിച്ചിരുന്നത്. 

നാടിന്റെ സജീവ പ്രശ്നങ്ങളിലെ ഇടപെടലാണു സൂര്യപ്രിയയെ ഡിവൈഎഫ്ഐയുടെ കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറി, ചിറ്റിലഞ്ചേരി മേഖല വൈസ് പ്രസിഡന്റ്, ആലത്തൂർ ബ്ലോക്ക് കമ്മിറ്റിയംഗം, കുടുംബശ്രീ സിഡിഎസ് അംഗം, സിപിഎം കൈതോണ്ട ബ്രാഞ്ച് കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളിലെത്തിച്ചത്. പൊതുജീവിതത്തിലും സ്ത്രീശാക്തീകരണത്തിന്റെ പാതയിലും സാമൂഹിക ജീവിതത്തിലും നാടിന്റെ ശബ്ദമായ സൂര്യപ്രിയയുടെ വേർപാട് താങ്ങാനാകാത്ത വിഷമത്തിലായിരുന്നു ആലത്തൂരിലെയും ചിറ്റിലഞ്ചേരിയിലെയും ഡിവൈഎഫ്ഐ പ്രവർത്തകർ.

വീട്ടിൽ ആരും ഇല്ലെന്നറിഞ്ഞു തന്നെയാണ് സുജീഷ് എത്തിയതെന്നു സംശയമുണ്ട്. സൂര്യപ്രിയയും മാതാവ് ഗീതയും ഗീതയുടെ സഹോദരങ്ങളായ രാധാകൃഷ്ണനും രാജിയും ഇവരുടെ പിതാവ് മണിയുമാണു വീട്ടിൽ താമസിച്ചിരുന്നത്. ഇതിൽ രാജിയും കുടുംബവും കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ പോയിരുന്നു. ഗീത തൊഴിലുറപ്പു പണിക്കും രാധാകൃഷ്ണൻ സഹകരണ ബാങ്കിലെ ജോലിക്കും രാവിലെ തന്നെ പോയി.

10 മണിയോടെ മുത്തച്ഛൻ മണി ചായ കുടിക്കാനായി വീട്ടിൽ നിന്നു പുറത്തേക്കും പോയി. റോഡിൽ നിന്നു വിട്ട് രണ്ടു പാടങ്ങൾക്കപ്പുറത്തായിരുന്നു ഇവരുടെ വീട്.  ഒറ്റപ്പെട്ട വീടായതിനാൽ സംഭവം ആരും അറിഞ്ഞില്ല. പൊലീസ് എത്തിയ ശേഷമാണ് വീട്ടുകാരും പ്രദേശവാസികളും സംഭവം അറിയുന്നത്. തുടർന്നു ഡോക്ടറെ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com