ADVERTISEMENT

മണ്ണാർക്കാട് ∙ അട്ടപ്പാടി മധു വധക്കേസിൽ ഇന്നലെ ഹാജരായ 7 സാക്ഷികളുടെയും വിചാരണ മാറ്റി. പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ തീർപ്പാകും വരെ സാക്ഷിവിസ്താരം നിർത്തി വയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ തെളിവുകളുടെ പകർപ്പു ലഭിച്ചില്ലെന്നു പ്രതിഭാഗം അഭിഭാഷകർ കോടതിയെ അറിയിച്ചു. ഉടൻ നൽകണമെന്നു സ്പെഷൽ കോടതി ജ‍ഡ്ജി കെ.എം.രതീഷ്കുമാർ നിർദേശിച്ചു. ഇതുവരെ വിസ്തരിച്ച 16 സാക്ഷികളിൽ 3 പേർ മാത്രമാണു പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. 

പ്രതിപ്പട്ടികയിലുള്ള മരയ്ക്കാർ, ഷംസുദ്ദീൻ, അനീഷ്, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദീഖ്, നജീബ്, ജൈജുമോൻ, അബ്ദുൽ കരീം, സജീവ്, ബിജു എന്നിവരുടെ ജാമ്യം റദ്ദാക്കാനാണു പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. വിചാരണ കാലയളവിൽ ‍ പ്രതികൾ നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെടരുതെന്ന വ്യവസ്ഥ ലംഘിച്ചവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവർ സാക്ഷികളെ സ്വാധീനിക്കാൻ നിരന്തരം ഫോണിലൂടെയും അല്ലാതെയും ബന്ധപ്പെട്ടുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. സാക്ഷികളെ സ്വാധീനിച്ചതിന്റെ കൃത്യമായ രേഖകൾ കോടതിയിൽ ഹാജരാക്കിയതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ പറഞ്ഞു. 

സാക്ഷികളെ സ്വാധീനിച്ചതായി ഹർജിയിലെ ആരോപണങ്ങൾ ഇങ്ങനെ

പ്രതിപ്പട്ടികയിലുള്ള ഷംസുദ്ദീൻ പതിനാലാം സാക്ഷി ആനന്ദിനെ 63 തവണയും മുപ്പത്തിരണ്ടാം സാക്ഷി അബ്ദുൽ മനാഫിനെ 9 തവണയും വിളിച്ചു. പ്രതികളായ മരയ്ക്കാർ, അനീഷ്, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദീഖ് തുടങ്ങിയവരും വിവിധ സാക്ഷികളെ വിളിച്ചു. സാക്ഷികളെ വിളിക്കാൻ ഉപയോഗിച്ച ഫോൺ നമ്പർ ഊത്തുകുഴി ഊരിലെ ഭഗവതിയുടെ പേരിലാണെങ്കിലും തന്റെ പേരിൽ ഇത്തരമൊരു സിം കാർഡ് ഉള്ളതായി അറിയില്ലെന്നും ഭഗവതി പറഞ്ഞു. 

പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയ പതിമൂന്നാം സാക്ഷി സുരേഷ് മണ്ണാർക്കാട്ടെ ഒരു ലോ‍ഡ്ജിൽ ജൂൺ ഏഴു മുതൽ ഒൻപതു വരെ മുറിയെടുത്തിരുന്നു. പ്രതികളെ സഹായിക്കുന്ന ആഞ്ചൽ എന്നയാളും പതിനൊന്നാം സാക്ഷി ചന്ദ്രനും സുരേഷിനൊപ്പം ലോഡ്ജിൽ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളുണ്ട്. 

ഭൂമിതട്ടിപ്പ്: ഒറ്റമൂലി ചികിത്സാകേന്ദ്രത്തിനെതിരെ അന്വേഷണം

കൊല്ലപ്പെട്ട മധുവിന്റെ അമ്മയുടേതടക്കം, വനാവകാശ നിയമപ്രകാരം സർക്കാർ അനുവദിച്ച പട്ടയങ്ങൾ സ്വകാര്യ ഒറ്റമൂലി ചികിത്സാ കേന്ദ്രത്തിന്റെ ഉടമ പണയമെന്ന വ്യാജേന കൈവശപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. അഗളി ഡിവൈഎസ്പിക്കാണു ചുമതല.  പട്ടയം കൈവശപ്പെടുത്തുന്നതിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തി നിയമനടപടി സ്വീകരിക്കാനാണു കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഉത്തരവ്. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണം.

5,000 മുതൽ 25,000 രൂപ വരെയുള്ള തുകകൾക്കാണു പട്ടയം പണയപ്പെടുത്തിയതെന്നും ഉയർന്ന പലിശയാണ് ഇവരിൽ നിന്ന് ഈടാക്കുന്നതെന്നും എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂരിന്റെ പരാതിയിൽ പറയുന്നു. മധു വധക്കേസിൽ നിന്നു പിന്മാറാൻ ചികിത്സാ കേന്ദ്രത്തിന്റെ ഉടമയുടെ ഭാര്യാപിതാവ് മധുവിന്റെ അമ്മ മല്ലിയമ്മയിൽ സമ്മർദ്ദം ചെലുത്തിയതായി അവർ അഗളി സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

മധുവിന്റെ കുടുംബത്തിനു നീതി ; സർക്കാർ പരാജയമെന്ന് കെ.സുധാകരൻ

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിനു നീതി ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സാക്ഷികൾ തുടർച്ചയായി കൂറു മാറുന്നത് നിയമ വ്യവസ്ഥയ്ക്കും ഭരണ സംവിധാനത്തിനും അപമാനകരമാണ്.

കൂറുമാറിയവർക്കും അതിനു കളമൊരുക്കിയവർക്കും എതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിൽ സർക്കാർ കാട്ടുന്ന അലംഭാവം ഗുരുതരമാണ്. ആദിവാസികളോടുള്ള എൽഡിഎഫ് സർക്കാരിന്റെ സമീപനം വ്യക്തമാക്കുന്നതാണ് ഈ നിലപാട്. എത്രയും വേഗം ആ കുടുംബത്തിനു നീതി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു സുധാകരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com