മുണ്ടൂർ ∙ ജംക്‌ഷനിലെ കുഴി കടക്കാൻ വാഹനങ്ങൾ കിതയ്ക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് 2നു മരംകയറ്റി വന്ന മിനിലോറി കുഴിയിൽ കുടുങ്ങി. വാഹനം മുന്നോട്ടുപോകാനാകാതെ ബുദ്ധിമുട്ടിയപ്പോൾ നാട്ടുകാർ സഹായത്തിനെത്തി. ഏറെ നേരത്തെ ശ്രമഫലമായാണ് വാഹനം തള്ളിനീക്കിയത്. ഇതേ സ്ഥലത്ത് ഇന്നലെ രാവിലെ ലോറിയും കുടുങ്ങിയിരുന്നു.
കുഴിയിൽനിന്നു കരകയറാനുള്ള കഠിന ശ്രമത്തിനിടെ വാഹനത്തിനു കേടുപാടുകൾ സംഭവിച്ചു. ദേശീയപാതയും സംസ്ഥാനപാതയും സംഗമിക്കുന്ന കോങ്ങാട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനു സമീപമാണ് കിടങ്ങിനു സമാനമായ കുഴി രൂപപ്പെട്ടിട്ടുള്ളത്. മുണ്ടൂർ- തൂത റോഡ് നവീകരണത്തിന്റെ ഭാഗമായി ഇവിടെ കലുങ്ക് പണിയാൻ കുഴിയെടുത്തിരുന്നു. എന്നാല്‍ ദേശീയപാത വിഭാഗം ജംക്‌ഷനിൻ വലിയതോതില്‍ വിപുലീകരണം ലക്ഷ്യമിട്ടിരുന്നു.
ആശയക്കുഴപ്പം വന്നതിനെ തുടര്‍ന്ന് കലുങ്കുപണി നിര്‍ത്തി. അടുത്തദിവസം തന്നെ ഇരു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി ഇവിടെ നവീകരണം ദേശീയപാത വിഭാഗം നടത്തുമെന്ന് തീരുമാനിച്ചു. തുടര്‍ന്ന് കലുങ്ക് പണി വേണ്ടെന്നുവയ്ക്കുകയായിരുന്നു. കുഴി മണ്ണിട്ട് നികത്തുകയും ചെയ്തു. ഇവിടെയാണ് റോഡ് കുളമായത്. കെണിയായി മാറിയ കുഴി അടിയന്തരമായി നികത്തണമെന്ന് നാട്ടുകാർ പറയുന്നു. മഴവെള്ളം കെട്ടിനില്‍ക്കുമ്പോൾ കുഴിയുടെ ആഴം അറിയുന്നില്ല. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു.