രൂപം മാറി തമിഴ്നാട് റേഷനരി; കടത്താൻ പല വഴികൾ

പൊള്ളാച്ചിയിൽ നിന്നു കേരളത്തിലേക്കു കടത്താൻ ശ്രമിക്കവേ പിടിച്ചെടുത്ത റേഷനരി.
SHARE

പാലക്കാട് ∙ തമിഴ്നാട്ടിൽനിന്നു റേഷൻ അരി സംസ്ഥാനത്തേക്കു കടത്തുന്നതിനു പുതിയ തന്ത്രങ്ങളും വഴികളും. പെട്ടെന്നു വരുമാനം ഉണ്ടാക്കുമെന്നതിനാൽ യുവാക്കളുടെ സംഘമാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. ഗോവിന്ദാപുരം മുതൽ വാളയാർ വരെയുള്ള അതിർത്തി മേഖലകളിലാണ് തമിഴ്നാട്ടിൽ നിന്നുള്ള റേഷൻ അരി വ്യാപകമായി എത്തുന്നത്. കിലോ ഗ്രാമിന് 2 മുതൽ 5 രൂപ വരെ നൽകിയാണ് തമിഴ് ഗ്രാമങ്ങളിലെ വീട്ടമ്മമാർ അരി ശേഖരിക്കുന്നത്. ഇവർക്ക് നാമമാത്രമായ പണം നൽകി കേരളത്തിൽ നിന്നുള്ള സംഘം അരി ശേഖരിക്കും. സ്കൂട്ടർ മുതൽ മിനി ലോറി വരെ ഈ അരിക്കടത്തിന് ഉപയോഗിക്കുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകിയാണ് അതിർത്തിയിലൂടെ അരി കടത്തുന്നത്. 

വേഷം മാറി ബ്രാൻഡാകും

അതിർത്തിയിലെ ഒഴിഞ്ഞ സ്ഥലങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിൽ സംഭരിക്കുന്ന അരി രാത്രികാലങ്ങളിൽ ലോറികളിൽ കയറ്റി മില്ലുകളിലെത്തിക്കും. പോളിഷ്, പ്രത്യേക ദ്രാവകം ചേർത്തു റേഷനരിയിലെ ഗന്ധം മാറ്റും. ഇവ പാലക്കാടൻ മട്ടയുടെ നിറത്തിലാക്കാനുള്ള വിദ്യയും മില്ലുകളിലുണ്ട്. 30 മുതൽ 45 രൂപ നിരക്കിൽ  ഇവ  വ്യാജ കമ്പനികളുടെ പേരിലാക്കി കടകളിൽ എത്തിക്കും.

അരി കടത്ത് ഇതുവഴി

എരുത്തേമ്പതി, നടുപ്പുണി, മീനാക്ഷിപുരം, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിന് എതിർവശം, പള്ളിത്തെരുവ്, വടകരപ്പതിയിലെ തേനംപതി, പുതുശേരി, കഞ്ചിക്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് അരി സംഭരിക്കുന്ന രഹസ്യ കേന്ദ്രങ്ങളുള്ളത്. കഴിഞ്ഞ ആഴ്ച മാത്രം ഗോവിന്ദാപുരത്തും മീനാക്ഷിപുരത്തുമായി 7 ടണ്ണോളം റേഷനരിയാണ് പിടികൂടിയത്. എന്നാൽ, ഇതിന്റെ പതിന്മടങ്ങ് അരി കടത്തുന്നുണ്ടെന്നാണ് സൂചന. അരിക്കടത്ത് സംഘങ്ങൾ ഒറ്റുമ്പോഴാണ് പലരും പിടിയിലാകുന്നത്. സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യത്തെത്തുടർന്ന് കൊഴിഞ്ഞാമ്പാറ മേഖലയിൽ പലതവണ സംഘർഷമുണ്ടായിട്ടുണ്ട്. പെട്രോൾ ബോംബ് എറിയുന്ന സ്ഥിതിയുമുണ്ടായി. അരികടത്തുകാർക്ക് പൊലീസിലെ ചില വിഭാഗങ്ങളുടെ പിന്തുണയുള്ളതായാണു വിവരം.

പങ്ക് പാർട്ടി നേതാക്കൾക്കും 

റേഷനരി കടത്തിൽ സിപിഎമ്മിന്റെ നേതാക്കൾക്ക് പങ്കുണ്ടെന്നാണ് ആക്ഷേപം. അരി കടത്ത് വിഡിയോ  പുറത്തായതിനു പിന്നാലെ പുതുശ്ശേരി പഞ്ചായത്ത് അംഗവും സിപിഎം വാളയാർ ലോക്കൽ കമ്മിറ്റി അംഗവുമായ ആൽബർട്ട് എസ്.കുമാറിനെയും ബ്രാഞ്ച് കമ്മിറ്റി അംഗം ശിവകുമാറിനെയും ഒരു വർഷത്തേക്കു പാർട്ടി സസ്പെൻഡ് ചെയ്തു. ഉന്നത നേതാക്കൾക്കു പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്നു പാർട്ടി അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

പച്ചക്കറി വണ്ടിയിൽ അരി!

ഓണക്കാല വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്കു റേഷനരി കടത്ത് വ്യാപകമായതായതിനാൽ തമിഴ്നാട്ടിൽ പൊലീസ് പരിശോധന ശക്തമാക്കി. പച്ചക്കറി വാഹനങ്ങളിൽ രഹസ്യമായി റേഷനരി കടത്തുന്നതായി ഭക്ഷ്യ സുരക്ഷാ അധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന ശക്തമാക്കിയത്. പൊള്ളാച്ചി, ഒട്ടൻഛത്രം, പഴനി ഭാഗങ്ങളിൽനിന്നു പച്ചക്കറി കയറ്റി വരുന്ന വാഹനങ്ങളിൽ റേഷനരി വച്ചതിന് ശേഷം മുകളിൽ പച്ചക്കറി കൊണ്ട് മറച്ച് ടാർപോളിൻ പൊതിഞ്ഞാണ് കടത്ത്. സ്വകാര്യ മില്ലുകളിൽനിന്ന് അരി കൊണ്ടുവരാനുള്ള വ്യാജ രേഖയും സംഘം ഉണ്ടാക്കുന്നതായി അറസ്റ്റിലായ സേലം സ്വദേശി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

പരിശോധന ശക്തം

തമിഴ്നാട്ടിൽ നിന്ന് അരികടത്ത് വ്യാപകമായ പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കിയതായി സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. തമിഴ്നാടിനോടു ചേർന്ന പ്രദേശങ്ങളിൽ റെയ്ഡ് നടത്താൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കൊടുമ്പ് പഞ്ചായത്തിൽ തസ്രാക്കിലേക്കു പോകുന്ന ഭാഗത്ത് കനാൽ പാലത്തിനടുത്ത് സ്വകാര്യ ഗോഡൗണിൽനിന്ന് രേഖകളില്ലാതെ സൂക്ഷിച്ച അരിയുടെയും ഗോതമ്പിന്റെയും ശേഖരം പിടികൂടിയിരുന്നു. പിടിച്ചെടുത്ത 14,160 കിലോഗ്രാം അരിയും 80 കിലോഗ്രാം ഗോതമ്പും സപ്ലൈകോയുടെ എൻഎഫ്എസ്എ ഗോഡൗണിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവ പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യും. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും.

കാറിൽ റേഷനരി കടത്ത്; യുവാവ് അറസ്റ്റിൽ

പൊള്ളാച്ചി ∙ കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 1500 കിലോ റേഷനരി പൊലീസ് പിടിച്ചെടുത്തു, യുവാവിനെ അറസ്റ്റ് ചെയ്തു. മാപ്പിളകൗണ്ടന്നൂരിലെ ഇബ്രാഹിമാണ് (23) അറസ്റ്റിലായത്. പനമരത്തുപള്ളം വഴി കേരളത്തിലേക്കു റേഷനരി കടത്തുന്നതായി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}