ADVERTISEMENT

മണ്ണാർക്കാട്∙ അട്ടപ്പാടിയിലെ ആദിവാസിഭൂമിയിൽ അതിക്രമിച്ചു കയറി കുടിലുകൾ കത്തിച്ചെന്ന കേസിൽ ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി (എച്ച് ആർഡിഎസ്) ഭാരവാഹികൾക്കു ജാമ്യം. എച്ച്ആർഡിഎസ് പ്രസിഡന്റ് സ്വാമി ആത്മനന്ദി, വൈസ് പ്രസിഡന്റ് വേണുഗോപാൽ, ജോയ് മാത്യു എന്നിവർക്കാണു മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 2021 ജൂൺ 20ന് അട്ടപ്പാടി ഷോളയൂർ വട്ട്ലക്കിയിൽ ആദിവാസിഭൂമി കയ്യേറി കുടിൽ കത്തിക്കുകയും ജാതിപ്പേരു വിളിച്ചു ആക്ഷേപിക്കുകയും ചെയ്തെന്നാണു കേസ്. സംഭവം നടന്ന് ഒരു വർഷത്തിനുശേഷം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കഴിഞ്ഞ ജൂലൈ 11നു സെക്രട്ടറി അജികൃഷ്ണനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം അനുവദിച്ചു. 

കേസിലെ ‍അഞ്ചാം പ്രതി എച്ച്ആർഡിഎസ് പ്രസിഡന്റ് സ്വാമി ആത്മനന്ദി, നാലാം പ്രതി എച്ച്ആർഡിഎസ് വൈസ് പ്രസിഡന്റ് കെ.ജി.വേണുഗോപാൽ, രണ്ടാം പ്രതി പി.ജെ.ജോയ് മാത്യു എന്നിവർക്കാണു കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിന്റെ കാലാവധി തീരാനിരിക്കെയാണു കോടതിയിൽ കീഴടങ്ങി ജാമ്യാപേക്ഷ നൽകിയത്. ഒന്നിടവിട്ട ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം, രാജ്യത്തിനു പുറത്തു പോകാൻ കോടതിയുടെ അനുമതി തേടണം, സാക്ഷികളെ നേരിട്ടോ ഫോണിലോ ബന്ധപ്പെടരുത് തുടങ്ങിയ വ്യവസ്ഥകളിലാണു ജഡ്ജി കെ.എം.രതീഷ്കുമാർ ജാമ്യം അനുവദിച്ചത്. 

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് എച്ച്ആർ‍ഡിഎസ് ജോലി നൽകിയതു വിവാദമായിരുന്നു. തുടർന്നാണ് എച്ച്ആർഡിഎസിനെതിരെ പൊലീസ് കേസെടുത്തതും സെക്രട്ടറിയെ അറസ്റ്റ് ചെയ്തതും. കേരളത്തിൽ നടക്കുന്ന രാഷ്ട്രീയക്കളികൾ കോടതികൾ തിരിച്ചറിയുന്നുണ്ട് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ജാമ്യമെന്ന് എച്ച്ആർഡിഎസ് ഫൗണ്ടർ സെക്രട്ടറി അജികൃഷ്ണൻ പറഞ്ഞു.

ജീവിതത്തിലെ ആദ്യ അനുഭവമാണിതെന്നു സ്വാമി ആത്മനന്ദി പറഞ്ഞു. എന്താണു കേസെന്നു പോലും അറിയില്ലായിരുന്നു. എന്തു കേസാണെന്ന് അറിയാനാണു വന്നത്. കേട്ടപ്പോൾ ആദ്യം ചിരിയാണു വന്നത്. പൂർണമായും അടിസ്ഥാനരഹിതമായ കേസാണിത്. പിന്നിൽ രാഷ്ട്രീയ കളിയാണ്. ഇത്തരം പ്രവൃത്തികൾ മോശമാണെന്നും നിർത്തുന്നതാണു നല്ലതെന്നും സ്വാമി ആത്മനന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com