ഷാജഹാന്റെ കൊലപാതകം; പാർട്ടിയിലെ വിഭാഗീയതയാണെന്ന് ആർഎസ്എസ്, കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് സിപിഎം

  മരുതറോഡ് കൊട്ടേക്കാട് കുന്നങ്കാട്ട് കൊല്ലപ്പെട്ട സിപിഎം നേതാവ് ഷാജഹാന്റെ മൃതദേഹം മരുതറോഡ് ലോക്കൽ കമ്മിറ്റി ഓഫിസിൽ എത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാനെത്തിയവർ.
മരുതറോഡ് കൊട്ടേക്കാട് കുന്നങ്കാട്ട് കൊല്ലപ്പെട്ട സിപിഎം നേതാവ് ഷാജഹാന്റെ മൃതദേഹം മരുതറോഡ് ലോക്കൽ കമ്മിറ്റി ഓഫിസിൽ എത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാനെത്തിയവർ.
SHARE

പാലക്കാട് ∙ സിപിഎം മരുതറോഡ് കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയതു സിപിഎമ്മുകാരാണെന്നും പാർട്ടിയിലെ വിഭാഗീയതയാണു കൊലപാതകത്തിനു പിന്നിലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് എന്നിവർ ആരോപിച്ചു. സിപിഎം ഏരിയ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ കൊലയാളി സംഘത്തിനുണ്ട്. ബ്രാഞ്ച് സെക്രട്ടറിയായതോടെ ഷാജഹാനു പാർട്ടിക്കുള്ളിൽ എതിർപ്പുകൾ വർധിച്ചിരുന്നതായി കൊലപാതകത്തിനു ശേഷം ഉണ്ടായ വെളിപ്പെടുത്തലുകളിൽ നിന്നു വ്യക്തമാണ്.

 മരുതറോഡ് കൊട്ടേക്കാട് കുന്നങ്കാട്ട് കൊല്ലപ്പെട്ട സിപിഎം നേതാവ് ഷാജഹാന്റെ വീട്ടിൽ എത്തിയ പൊളിറ്റ്‌ബ്യൂറോ അംഗം എം.എ.ബേബി അച്ഛൻ സായ്‌ബ്‌ കുട്ടിയെ ആശ്വസിപ്പിക്കുന്നു.
മരുതറോഡ് കൊട്ടേക്കാട് കുന്നങ്കാട്ട് കൊല്ലപ്പെട്ട സിപിഎം നേതാവ് ഷാജഹാന്റെ വീട്ടിൽ എത്തിയ പൊളിറ്റ്‌ബ്യൂറോ അംഗം എം.എ.ബേബി അച്ഛൻ സായ്‌ബ്‌ കുട്ടിയെ ആശ്വസിപ്പിക്കുന്നു.

പാർട്ടിയിലെ വിഭാഗീയത മറയ്ക്കാനാണു കൊലപാതകം ബിജെപിയുടെയും ആർഎസ്എസിന്റെയും തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത്. കൊലപാതകത്തെ ബിജെപി അപലപിക്കുന്നു. സംഭവം ദുഃഖകരമാണ്. കൊലപാതകത്തിലോ കൊലപാതകികളുമായോ ബിജെപിക്കും ആർഎസ്എസിനും ബന്ധമില്ല.സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നു നൽകിയ തിരക്കഥയ്ക്കനുസരിച്ചാണു പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്.

അന്വേഷണവും ആ രീതിയിലാണ്. വസ്തുതകൾ അന്വേഷിച്ച് ഇക്കാര്യത്തിൽ നീതിപൂർവകമായ മാറ്റം വരുത്താൻ ജില്ലാ പൊലീസ് മേധാവി തയാറാകണം. പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നവരുടെ സമൂഹമാധ്യമ പോസ്റ്റുകളും ഫോൺ കോളുകളും പരിശോധിച്ചാൽ വസ്തുത മനസ്സിലാകും. വ്യാജ ആരോപണങ്ങൾ ചമച്ചു സിപിഎം ജില്ലയെ രാഷ്ട്രീയ സംഘർഷത്തിലേക്കും വർഗീയ സാഹചര്യത്തിലേക്കും തള്ളിവിടുകയാണെന്നു ബിജെപി മലമ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് എംസുരേഷ് ആരോപിച്ചു.

സിപിഎം എന്ന് ആർഎസ്എസ് 

കൊട്ടേക്കാട് കുന്നങ്കാട് സിപിഎം നേതാവിന്റെ കൊലപാതകത്തിനു പിന്നിൽ സിപിഎമ്മിനകത്തുള്ള ആഭ്യന്തര പ്രശ്നങ്ങളെന്ന് ആർഎസ്എസ് നേതൃത്വം. ബിജെപി പ്രവർത്തകനായിരുന്ന ആറുച്ചാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തികളും അവരുടെ ആളുകളുമാണു കൊലപാതകത്തിനു പിന്നിലെന്നാണു ലഭ്യമായ വിവരം. അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ സഹപ്രവർ‍ത്തകരെ വരെ കൊലപ്പെടുത്തുന്ന കൃത്യത്തിനാണു സിപിഎം നേതൃത്വം നൽകിയത്.

പാലക്കാടിനെ കൊലക്കളമാക്കാനാണു സിപിഎം ശ്രമിക്കുന്നത്. കൊലപാതകികളെയും ഇവർക്കു പിന്നിലുള്ളവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആർഎസ്എസ് ജില്ലാ കാര്യകാരി ആവശ്യപ്പെട്ടു. സമൂഹത്തിൽ ശാന്തിയും സമാധാനവും പുലർത്താൻ ജില്ലാ ഭരണകൂടം മുൻകൈ എടുക്കണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു.

ബിജെപി, ആർഎസ്എസ് എന്ന് സിപിഎം 

സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നാട്ടിൽ ബോധപൂ‍ർവം കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നു സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു. ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ് കൊലയ്ക്കു പിന്നിൽ. ഒരു സംഘർഷവും ഇല്ലാത്ത പ്രദേശത്താണ് ആസൂത്രിത കൊലപാതകം നടത്തിയത്.

സ്വാതന്ത്ര്യദിനത്തിന്റെ തലേന്നു രാത്രി നടത്തിയ കൊലപാതകം തികച്ചും ആസൂത്രിതവും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുമാണ്. പ്രതികളെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

∙ പാലക്കാട്‌ മരുത റോഡിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്തിയത്‌ ആർഎസ്എസ്–ബിജെപി സംഘം ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സിപിഎം പ്രവർത്തകരെ അരിഞ്ഞു തള്ളുകയും തുടർന്നു നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നത്‌ ആർഎസ്എസിന്റെ പതിവു ശൈലിയാണ്‌.ആർഎസ്എസ്–ബിജെപി പ്രവർത്തകർക്കു ബന്ധമുള്ള ക്രിമിനൽ സംഘങ്ങൾ നടത്തുന്ന കഞ്ചാവു വിൽപനയടക്കം പ്രവർത്തനങ്ങളെ ഷാജഹാന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തതും തടയാൻ ശ്രമിച്ചതുമാണു കൊലയ്ക്കുള്ള പ്രേരണ.

ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ ഷാജഹാന്റെ നേതൃത്വത്തിൽ ബോർഡ്‌ വച്ചപ്പോൾ അതു മാറ്റി അതേ സ്ഥലത്തു ശ്രീകൃഷ്‌ണ ജയന്തിയുടെ ബോർഡ്‌ വയ്ക്കാൻ ആർഎസ്‌എസ്‌ സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഷാജഹാനെ വെട്ടി വീഴ്‌ത്തിയതാണെന്നും സിപിഎം ആരോപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA