ADVERTISEMENT

അഗളി ∙ നൂറാം ദൗത്യത്തിന് തയാറായി കുങ്കിയാന കലീം. കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെ ടോപ് സ്ലിപ്പിൽ നിന്നു പ്രത്യേക വാഹനത്തിൽ അട്ടപ്പാടിയുടെ അതിർത്തിയിൽ എത്തിച്ചത്. മട്ടത്തുക്കാടിനടുത്ത് കൊടുങ്കരപള്ളം പുഴക്കരയിലെ ഗോപനാരിയിലാണ് താൽക്കാലിക താവളം. അക്രമികളായ കാട്ടാനകളെ മെരുക്കുകയും കാടുകയറ്റുകയുമാണ് കലീമിന്റെ പ്രധാന ദൗത്യം.

അട്ടപ്പാടിയുടെ അതിർത്തിയിൽ അവശ നിലയിൽ കണ്ട കൊമ്പനെ കണ്ടെത്തി മെരുക്കാനാണ് ഇത്തവണത്തെ വരവ്.ഏഴുപേരെ കൊന്ന ‘പീലാണ്ടി ചന്ദ്രു’ എന്ന ആനയെ പിടികൂടാൻ കലീം മുൻപ് അട്ടപ്പാടിയിലെത്തിയിരുന്നു.കലീം ഉൾപ്പടെ 4 കുങ്കിയാനകളാണു പീലാണ്ടിയെ മെരുക്കിയത്. ജോലിയിൽ മിടുക്കനാണ് കലീമെന്ന് പാപ്പാൻ ആർ. മണി പറഞ്ഞു.

ഇതിന് മുൻപ് ഏറ്റെടുത്ത 99 ദൗത്യങ്ങളിലും വിജയിച്ചിട്ടുണ്ട്. 1972ൽ സത്യമംഗലം വനത്തിൽ നിന്നാണ് കലീമിനെ പിടികൂടിയത്. ഇപ്പോഴത്തെ പാപ്പാൻ മണിയുടെ അമ്മാവനായിരുന്നു ആദ്യം പരിപാലിച്ചിരുന്നത്. 19 വർഷമായി മണിയാണ് ചുമതലക്കാരൻ.പൊതുവെ ശാന്തനാണ് കലീം. കാടിറങ്ങുന്ന ആനകളെ അനുനയത്തിലും അടിച്ചും ഓടിക്കും. ആവശ്യമെങ്കിൽ പിന്തുടർന്നു പിടികൂടും.

തിരുവനന്തപുരം പേപ്പാറയിൽ 15 ദിവസം ശ്രമിച്ചാണ് കൊലകൊല്ലി എന്ന കാട്ടാനയെ കലീമിന്റെ നേതൃത്വത്തിൽ മെരുക്കിയത്. തിരുവണ്ണാമലയിൽ 2 ദിവസത്തിൽ 6 ആനകളെ മെരുക്കിയ സംഘത്തിന്റെ നേതാവും കലീമായിരുന്നു.1993ൽ പശ്ചിമ ബംഗാളിൽ കാട്ടാനകളെ കിലോമീറ്ററുകളോളം ഓടിത്തളർത്തി പിടിച്ച ചരിത്രവും കലീമിനുണ്ടെന്ന് പാപ്പാൻ മണി പറഞ്ഞു.

 റാഗിയും ചോറുമാണ് പ്രധാന ഭക്ഷണം. മുതിരയും കരിമ്പും കൊടുക്കും. 100 ഗ്രാം വീതം ഉപ്പും ശർക്കരയും 150 ഗ്രാം നല്ലെണ്ണയും ഭക്ഷണത്തോടൊപ്പം പതിവാണ്. രാവിലെ 8 നും വൈകുന്നേരം 6നുമാണ് ഭക്ഷണം. കുടിക്കാനും കുളിക്കാനും ശുദ്ധജലം നിർബന്ധം.കൊടുങ്കര പുഴയിലെ കുറഞ്ഞ വെള്ളത്തിലേക്കിറക്കാൻ പാപ്പാൻ സമ്മതിച്ചിട്ടില്ല. ടാങ്കറിൽ വെള്ളമെത്തിച്ചാണ് കലീമിന്റെ കുടിയും കുളിയും. 3 വർഷം കൂടിയേ കലീമിന് വനം വകുപ്പിൽ സർവീസുള്ളു. 60 വയസ്സിൽ പിരിയണം. പിന്നെ ക്യാംപിൽ വിശ്രമ ജീവിതമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com