ADVERTISEMENT

പാലക്കാട് ∙ ബഫർസേ‍ാൺ വിഷയം ഉൾപ്പെടെയുള്ള കർഷകരുടെ ആശങ്കകളുടെയും പ്രതിസന്ധികളുടെയും പശ്ചാത്തലത്തിൽ വിവിധ കർഷകസംഘടനകളുടെ നേതൃത്വത്തിൽ കർഷകദിനം കരിദിനമായി ആചരിച്ചു. കെസിബിസി നേതൃത്വത്തിലുള്ള അതിജീവന കർഷക സമിതിയുടെ ആഹ്വാനമനുസരിച്ച്, കർഷക പ്രതീക്ഷകൾ തകർക്കുന്ന നിയമങ്ങളിൽ പ്രതിഷേധിച്ചായിരുന്നു കരിദിനാചരണം. ആയിരക്കണക്കിനു കർഷകർ പങ്കെടുത്ത പ്രതിഷേധ പ്രകടനം അഞ്ചുവിളക്കു പരിസരത്തുനിന്ന് ആരംഭിച്ചു കലക്ടറേറ്റിനു മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന യോഗം ജില്ലാ കർഷക സംരക്ഷണ സമിതി പ്രസിഡന്റ് അഡ്വ. തോമസ് കിഴക്കേക്കര ഉദ്ഘാടനം ചെയ്തു. 

കേരളത്തിൽ നിലവിൽ 35% കർഷകർ മാത്രമാണുള്ളതെന്നും ഒരുതരത്തിലും കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതികെ‍ാണ്ടാണു കൃഷി ഉപേക്ഷിക്കുന്നതെന്നും സ്വതന്ത്ര കർഷക സംഘടനയായ കിഫയുടെ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ പറഞ്ഞു. കർഷകന് എന്താണ് വേണ്ടതെന്നു കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കു നിശ്ചയമില്ല. വകുപ്പിന്റെ തലതിരിഞ്ഞ നിയമങ്ങൾ മൂലം കർഷകർ ഏറെ ബുദ്ധിമുട്ടുന്നു. സർക്കാരിന് ആർജവം ഉണ്ടായാൽ കർഷകരുടെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം ഉണ്ടാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

ബഫർ സോൺ വനാതിർത്തിയിൽ നിർത്തുക, വിഷയത്തിൽ 2019ലെ മന്ത്രിസഭാ തീരുമാനം പിൻവലിക്കുക, പരിസ്ഥിതിലോല മേഖല സംബന്ധിച്ച ശാത്രീയപഠനത്തിനു വനം വകുപ്പിനെ മാത്രം ചുമതലപ്പെടുത്താതിരിക്കുക, വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണുക, നെല്ലിന്റെ താങ്ങുവില ഉയർത്തുക, ജോയിന്റ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചു. 

ദേശീയ കർഷക സമാജം ജനറൽ സെക്രട്ടറി മുതലാംതോട് മണി അധ്യക്ഷനായി. ഭൂസംരക്ഷണ സമിതി ചെയർമാൻ കെ.ജി.എൽദോ അയിലൂർ, ഡെന്നി തെങ്ങുംപള്ളി, സജീഷ് കുത്തന്നൂർ, ജോസ് മുക്കട, ഹരിദാസ് കല്ലടിക്കോട്, എം.സിറാജ് കൊടുവായൂർ, ജോർജ് സിറിയക്, പി.പി.ഏനു, കെ.എ.രാമകൃഷ്ണൻ, റെയ്മണ്ട് ആന്റണി തുടങ്ങി വിവിധ കർഷക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com