ADVERTISEMENT

പാലക്കാട് ∙ സിപിഎം മരുതറോഡ് കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിൽ രാഷ്ട്രീയ ആരോപണങ്ങൾ തള്ളിക്കളയാതെയും ശരിവയ്ക്കാതെയും പ്രതികളുടെ അറസ്റ്റുമായി പൊലീസ് മുന്നോട്ട്.ഞായറാഴ്ച രാത്രി 9നാണു കുന്നങ്കാടു വച്ച് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനു പിന്നിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരെന്ന് സിപിഎമ്മും കൊലയ്ക്കു പിന്നിൽ സിപിഎമ്മിലെ വിഭാഗീയതയും ആഭ്യന്തര പ്രശ്നങ്ങളും കുടിപ്പകയുമെന്ന് ബിജെപിയും ആർഎസ്എസും നിലപാടെടുത്തു. 

  പ്രതി ശബരീഷിനെ കൊലപാതക സ്ഥലത്തു  തെളിവെടുപ്പിന് എത്തിച്ചപ്പോൾ.
പ്രതി ശബരീഷിനെ കൊലപാതക സ്ഥലത്തു തെളിവെടുപ്പിന് എത്തിച്ചപ്പോൾ.

പരസ്പരം ആരോപണങ്ങളും ശക്തമായി.ഇതോടെ പൊലീസ് അതീവ ജാഗ്രതയിലായിരുന്നു. എത്രയും പെട്ടെന്നു പ്രതികളെ അറസ്റ്റു ചെയ്യാനുള്ള കഠിന ശ്രമത്തിലായിരുന്നു പൊലീസ്. ബിജെപിയും സിപിഎമ്മും പരസ്പരം ആരോപണം ഉന്നയിച്ചിരുന്നെങ്കിലും പ്രകോപനം പാടില്ലെന്ന് ഇരുപാർട്ടികളുടെയും നേതൃത്വം പ്രവർത്തകർക്കു ശക്തമായ നിർദേശം നൽകിയിരുന്നു.

 പ്രതികളെ കൊലപാതകം നടന്ന കുന്നങ്കാട് തെളിവെടുപ്പിനെത്തിച്ചപ്പോൾ ‘ഒരു കുടുംബത്തെ അനാഥമാക്കിയില്ലേ’ എന്നു ചോദിച്ചു വിതുമ്പുന്ന ഷാജഹാന്റെ ബന്ധുക്കൾ.
പ്രതികളെ കൊലപാതകം നടന്ന കുന്നങ്കാട് തെളിവെടുപ്പിനെത്തിച്ചപ്പോൾ ‘ഒരു കുടുംബത്തെ അനാഥമാക്കിയില്ലേ’ എന്നു ചോദിച്ചു വിതുമ്പുന്ന ഷാജഹാന്റെ ബന്ധുക്കൾ.

പൊലീസ് പറഞ്ഞത്:

ഷാജഹാൻ 2019ൽ സിപിഎം ബ്രാഞ്ച്  സെക്രട്ടറിയായ ശേഷം പ്രതികൾക്കു കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഇതോടെ പാർട്ടി പ്രവർത്തനത്തിൽനിന്ന് ഇവർ അകന്നു. ഈയിടെ പ്രതികളുൾപ്പെടെയുള്ളവർ രാഖി കെട്ടിയിരുന്നു. കൊലപാതക ദിവസം നവീനും ഷാജഹാനുമായി, രാഖി കെട്ടിയതും ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവ ബോർഡ് വയ്ക്കുന്നതുമായി ബന്ധപ്പെട്ടും തർക്കമുണ്ടായി.അന്നു രാത്രിയായിരുന്നു കൊലപാതകം.

  പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ എന്തിനായിരുന്നു ‘ഈ അരുംകൊലയെന്നു’ ചോദിച്ചു വിതുമ്പുന്ന വീട്ടമ്മ.
പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ എന്തിനായിരുന്നു ‘ഈ അരുംകൊലയെന്നു’ ചോദിച്ചു വിതുമ്പുന്ന വീട്ടമ്മ.

ഇന്നലെ അറസ്റ്റിലായ 3 പ്രതികളാണു ഷാജഹാനെ വെട്ടിയത്.   രാഷ്ട്രീയ കൊലപാതകമാണോ എന്ന ചോദ്യത്തിന് എല്ലാ വശവും പരിശോധിക്കുകയാണെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ മറുപടി. അറസ്റ്റിലായവർ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണോ എന്ന ചോദ്യത്തിനും എല്ലാ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഓരോ പ്രതിക്കും ഓരോ രീതിയിൽ ഷാജഹാനുമായി പ്രവർത്തന അതൃപ്തി ഉണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. 

  കുന്നങ്കാട് തെളിവെടുപ്പിനെത്തിച്ച പ്രതികൾക്കു നേരെ നാട്ടുകാരും പാർട്ടി പ്രവർത്തകരും മുദ്രാവാക്യം വിളിക്കുന്നു.
കുന്നങ്കാട് തെളിവെടുപ്പിനെത്തിച്ച പ്രതികൾക്കു നേരെ നാട്ടുകാരും പാർട്ടി പ്രവർത്തകരും മുദ്രാവാക്യം വിളിക്കുന്നു.

രോഷത്തോടെ, സങ്കടത്തോടെ നാട്

അറസ്റ്റിലായ പ്രതികളെ കൊലപാതകം നടന്ന കുന്നങ്കാട് തെളിവെടുപ്പിനെത്തിച്ചപ്പോൾ വീട്ടമ്മമാർ ഉൾപ്പെടെ രോഷാകുലരായി. പിന്നീട് സങ്കടക്കാഴ്ചയായി. ‘വെട്ടിക്കൊല്ലുമ്പോൾ ‍ഞങ്ങളുടെ മുഖമൊന്നും നീയ് ഓർത്തില്ലല്ലോടാ’ എന്ന ചോദ്യങ്ങൾ ഉയർന്നു. ‘ഒരു കുടുംബം തകർത്തിട്ട് നീയൊക്കെ എന്തു നേടിയെടാ’ എന്നും വീട്ടമ്മമാർ കരഞ്ഞു ചോദിക്കുന്നുണ്ടായിരുന്നു. നവീൻ ഒഴികെയുള്ള പ്രതികളെയാണ് തെളിവെടുപ്പിനെത്തിച്ചത്.

  പ്രതികൾക്കു കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പ്രതീകാത്മകമായി തൂക്കുകയർ പ്രദർശിപ്പിച്ചപ്പോൾ.
പ്രതികൾക്കു കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പ്രതീകാത്മകമായി തൂക്കുകയർ പ്രദർശിപ്പിച്ചപ്പോൾ.

കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. ജനം പ്രകോപിതരായെങ്കിലും നാട്ടുകാർ ഇടപെട്ടു നിയന്ത്രിച്ചു. പൊലീസും പ്രവർത്തകരെ സമാധാനിപ്പിച്ചു. 

പുഴ കടന്ന് മലകയറി'

ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതികൾ കാടുകയറിയതു പുഴ കടന്ന്. കൊലപാതകം നടന്നിടത്തുനിന്ന് വടക്കോട്ടുള്ള റോഡിലൂടെ രക്ഷപ്പെട്ട് കോരയാർ പുഴ കടന്ന് വടിവാളുകൾ പുഴയോരത്തെ പാടത്ത് ഉപേക്ഷിച്ചാണു പ്രതികൾ രക്ഷപ്പെട്ടത്. ഇതിനിടെ ബാറിലെത്തി മദ്യപിച്ചു.  ശേഷം മലമ്പുഴ കവ വനമേഖലയിൽ എത്തി കുന്നിൻ മുകളിൽ കയറി നിലയുറപ്പിച്ചു. 7 പേരാണ് കുന്നിൻ മുകളിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച രാത്രി 9നു കൊലപാതകം നടത്തി തിങ്കൾ പുലർച്ചെ മൂന്നോടെ കവ കുന്നിൻ മുകളിലെത്തിയെന്നാണു പ്രതികളുടെ മൊഴി.

ഇവർക്കു ഭക്ഷണവുമായി പോകുന്നതു ശ്രദ്ധയിൽ പെട്ടതോടെയാണ് പൊലീസ് പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയത്. ഇവിടെനിന്നു ഭക്ഷണ അവശിഷ്ടങ്ങളും കണ്ടെത്തി. കോരയാർ പുഴയുടെ തീരത്തുനിന്നു കണ്ടെടുത്ത 3 വാളുകളിൽ ഒരെണ്ണം വളഞ്ഞ നിലയിലാണ്. ശക്തമായി വെട്ടിയപ്പോൾ വാൾ വളഞ്ഞെന്നാണു പ്രതികളുടെ മൊഴി.

അഴിമതി മറയ്ക്കാൻ കൊലപാതകക്കേസ്:കെ.സുരേന്ദ്രൻ

ലോകായുക്ത ഓർഡിനൻസ്, ഗവർണർ ഓർഡിനൻസ് മുതലായ അഴിമതിക്ക് വേണ്ടിയുള്ള സർക്കാർ നീക്കങ്ങൾ മറയ്ക്കാനാണ് പാലക്കാട് കൊലപാതക കേസിലൂടെ സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.  സിപിഎമ്മുകാർ സ്വന്തം പാർട്ടിക്കാരെ തല്ലിക്കൊന്ന കേസ് ആർഎസ്എസിന്റെ  തലയിലിടാൻ പൊലീസ് ശ്രമിച്ചാൽ ബിജെപി ചെറുത്തു തോൽപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. 

ലോകായുക്തയുടെ കഴുത്ത് ഞെരിച്ചു കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നത്. യൂണിവേഴ്സിറ്റി നിയമനങ്ങൾ അട്ടിമറിക്കാനാണ് ഗവർണറുടെ അധികാരം കവരുന്നത്. പ്രതിപക്ഷം ഇതിന് കൂട്ടുനിൽക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com