ADVERTISEMENT

അഗളി ∙ അവശനിലയിൽ തമിഴ്നാട്ടിലെ ചെങ്കുട്ടയിൽ കണ്ടെത്തിയ കാട്ടാന അപ്രത്യക്ഷനായി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തമിഴ്നാട്ടിലെയും കേരളത്തിലെയും വനപാലകർ നടത്തിയ തിരച്ചിലിൽ ആനയെ കണ്ടെത്തിയിരുന്നു. വിവരം ഇരു സംസ്ഥാനങ്ങളിലെയും ഉന്നത വനം ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു. ആനയെ കണ്ടെത്താനുള്ള ശ്രമത്തിൽ സഹകരിച്ചതിന് തമിഴ്നാട് ഉദ്യോഗസ്ഥർ കേരള വനം ഉദ്യോഗസ്ഥരോട് നന്ദി പറയുകയും ചെയ്തു.

ആനയെ മയക്കി ചികിത്സ നൽകുന്നതിന് കുങ്കിയാനകളും വെറ്ററിനറി സർജനും ഉൾപ്പെടെ സജ്ജമായിരിക്കെ രാവിലെ വീണ്ടും ആനയെ കാണാതായി.ഇന്നലെ വൈകുന്നത് വരെ തിരച്ചിൽ നടത്തിയിട്ടും ആനയെ കണ്ടെത്താനായില്ല. ഒരാഴ്ച മുൻപാണ് ആനക്കട്ടി ദാസനൂരിനടുത്ത് കൊടുങ്കരപള്ളം പുഴക്കരയിൽ അവശനായ നിലയിൽ കാട്ടുകൊമ്പനെ കണ്ടത്. മുറിവേറ്റ ആനയെ കേരള വനാതിർത്തിയിലേക്ക് കടത്തിവിടാൻ ശ്രമമുണ്ടെന്ന് കർഷകർ ആരോപിച്ചു.

ഈ സാഹചര്യത്തിൽ അട്ടപ്പാടി വനാതിർത്തിയിൽ കേരള വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി. തുടർച്ചയായി ഒട്ടേറെ കാട്ടാനകളാണ് സമീപ കാലത്ത് തമിഴ്നാട്ടിൽ കൊല്ലപ്പെട്ടത്.

കലീമിന് കൂട്ടായി മുത്തു

അവശനാണെങ്കിലും കേരള,തമിഴ്നാട് വനപാലകർക്ക് മുന്നിൽ ഒളിച്ചു കളിക്കുന്ന കാട്ടാനയെ പിടികൂടാൻ സംസ്ഥാന അതിർത്തിയിൽ രണ്ടാമത്തെ കുങ്കിയാന എത്തി. തമിഴ്നാട്ടിലെ ടോപ്സ്ലിപ്പിലെ ആന ക്യാംപിലെ പുതിയ അംഗം അരിസി രാജ എന്ന മുത്തുവാണ് ഗോപനാരിയിലെത്തിയത്. മുത്തുവിന്റെ ആദ്യ ദൗത്യമാണ്. കോയമ്പത്തൂർ വെള്ളലൂരിലും പരിസരത്തും വീടുകളിലും കടകളിലും കയറി അരി കട്ടു തിന്നുന്നത് പതിവാക്കിയതിനെ തുടർന്ന് നാട്ടുകാർ നൽകിയ പേരാണ് അരിസി രാജ. ഏഴു പേരെ കൊലപ്പെടുത്തിയ ചരിത്രമുണ്ട് മുത്തുവിന്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com