ADVERTISEMENT

പാലക്കാട് ∙ തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കു കടത്താൻ ശ്രമിച്ച മായം കലർത്തിയ 12,700 ലീറ്റർ പാൽ മീനാക്ഷിപുരം ക്ഷീര വികസന വകുപ്പിന്റെ ചെക്പോസ്റ്റിൽ പിടികൂടി. പാലിൽ കൊഴുപ്പ് വർധിപ്പിക്കാൻ യൂറിയ ചേർത്തതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. കൂടുതൽ പരിശോധനയ്ക്കു പാലിന്റെ സാംപിൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. മറ്റു രാസപദാർഥങ്ങൾ ചേർത്തിട്ടുണ്ടോയെന്നു പരിശോധിക്കും. ഫലം ലഭിച്ചശേഷം പാൽ എത്തിച്ച സ്ഥാപനത്തിനെതിരെ കേസെടുക്കുമെന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. 

കൃഷ്ണഗിരിയിൽ നിന്നു തൃശൂരിലേക്കാണു പാൽ കൊണ്ടുപോയതെന്നു ഡ്രൈവർ അധികൃതരെ അറിയിച്ചു. കൃഷ്ണഗിരിയിലെ സ്ഥാപനത്തിന്റെ വിവരങ്ങൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്.  യൂറിയ അകത്തു ചെന്നാൽ വൃക്കകളെ ബാധിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകുന്നു. ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കുന്നത് ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മാരകമായ രാസവസ്തുക്കൾ ചേർത്തതായി കണ്ടെത്തിയാൽ ശിക്ഷ കൂടും. 

ഓണ വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്കു മായം കലർത്തിയ ഭക്ഷ്യ ഉൽപന്നങ്ങൾ എത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കാൻ കലക്ടർ മൃൺമയി ജോഷി ശശാങ്ക് നിർദേശം നൽകി. ഗുണമേന്മയില്ലാത്തതും മായം ചേർത്തതുമായ ഉൽപന്നങ്ങൾ മടക്കി അയയ്ക്കാനും ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കാനും നിർദേശമുണ്ട്. 

പാലിന്റെ ഗുണമേന്മ പരിശോധിക്കാനുള്ള സംവിധാനം നിലവിൽ മീനാക്ഷിപുരം ചെക്പോസ്റ്റിൽ മാത്രമാണുള്ളത്. മറ്റ് ചെക്പോസ്റ്റുകളിലും ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com