നമസ്കാരം മോദിജീ ! ചെങ്കോട്ടയിലെത്തി പ്രധാനമന്ത്രിക്കു കൈകൊടുത്ത് പാലക്കാട് സ്വദേശി അഫ്ബിൻ

ഒ.സി.അഫ്ബിൻ ചെങ്കോട്ടയ്ക്കു മുന്നിൽ.
SHARE

ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കൈകൊടുത്തു നമസ്കാരം പറഞ്ഞ ഒരാളുണ്ട് പാലക്കാട്ട്. മലക്കുളം ഊർക്കുളം ഒ.സി.അഫ്ബിൻ. 75ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ഇന്ത്യൻ ഭൂപടത്തിന്റെ മാതൃകയിൽ അണിനിരന്ന എൻസിസി കെഡറ്റുകൾക്കിടയിൽ അഫ്ബിനുണ്ടായിരുന്നു. സ്വാതന്ത്ര്യദിന പ്രസംഗത്തിനുശേഷം പ്രധാനമന്ത്രി ഇവർക്കരികിലേക്ക് എത്തി. സംസ്ഥാനത്തിന്റെ തനതു വസ്ത്രമായ മുണ്ടും കുർത്തയുമായിരുന്നു ഇവരുടെ വേഷം.

അഫ്ബിൻ പറയുന്നു: ‘പ്രധാനമന്ത്രി വരില്ലെന്നായിരുന്നു ആദ്യം അറിയിച്ചത്. വന്നാൽതന്നെ മുന്നിൽ വന്നു കണ്ടശേഷം ഉടൻ തിരിക്കുമെന്നും പറഞ്ഞു. എന്നാൽ, എല്ലാ എൻസിസി കെഡറ്റുകളുടെയും അടുത്തെത്തി കുശലം പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. അടുത്തെത്തിയപ്പോൾ നമസ്കാരം പറഞ്ഞു കൈ കൊടുത്തു. ഒരു മടിയും കൂടാതെ കൈ തന്നു തിരിച്ചു നമസ്കാരം പറഞ്ഞു. അതു വളരെയേറെ സന്തോഷമുളവാക്കി...’ 

പാലക്കാട്ടുനിന്ന്  അഫ്ബിൻ 

സംസ്ഥാനത്തുനിന്നു 30 പേരാണു സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. പാലക്കാട്ടു നിന്ന് അഫ്ബിൻ മാത്രമായിരുന്നു. 14 ജില്ലകളിൽനിന്നു 14 കെഡറ്റുകൾ. ബാക്കിയുള്ളവർ കഥകളി, മോഹിനിയാട്ടം എന്നിവ അവതരിപ്പിക്കാൻ എത്തി. ജൂലൈ 30നാണ് 3 അധ്യാപകരും ഒരു അസോസിയേറ്റ് എൻസിസി ഓഫിസറും ഉൾപ്പെടെ 34 പേരടങ്ങുന്ന സംഘം യാത്ര തിരിച്ചത്. ഓഗസ്റ്റ് ഒന്നിന് അവിടെ എത്തി. അന്നു മുതൽ 14 വരെ ക്യാംപ് ഉണ്ടായിരുന്നു.

ചെങ്കോട്ടയിലായിരുന്നു സ്വാതന്ത്ര്യദിന പരേഡിന്റെ റിഹേഴ്സൽ. പുലർച്ചെ 4ന് അവരുടെ വാഹനമെത്തി ചെങ്കോട്ടയിലേക്കു കൊണ്ടുപോകും. അവിടെ ആർമി, നേവി, എയർഫോഴ്സ്, ഡൽഹി പൊലീസ് എന്നിവരുടെ പരേഡുകൾ ഉണ്ടാകും. അതിനിടയിൽ എൻസിസി കെഡറ്റുകൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അറിയിപ്പുകളും പരിശീലനവും നൽകും. ഉച്ചവരെ അവിടെയായിരിക്കും പരിപാടി. പിന്നീട് ഡിജിഎൻസിസി ഓഫിസിലെത്തും. വൈകിട്ട് അവിടെ കലാപരിപാടികൾ നടക്കും. 

കനത്ത  സുരക്ഷയിൽ 

സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ കനത്ത സുരക്ഷയായിരുന്നു. ആധാർകാർഡുമായി ലിങ്ക് ചെയ്ത് ഓരോ വിഭാഗങ്ങളിലേക്കുമുള്ള 3 തിരിച്ചറിയൽ കാർഡുകളാണു ലഭിച്ചത്. സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ 3നു ക്യാംപിൽനിന്നു പുറപ്പെട്ടു. ഒരു കിലോമീറ്റർ അകലെ വാഹനം നിർത്തി. പിന്നീട് ഇടയ്ക്കിടെയുള്ള പരിശോധനകൾ കഴിഞ്ഞു കാൽനടയായിട്ടായിരുന്നു ചെങ്കോട്ടയിലെത്തിയത്. ശക്തമായ പരിശോധനയായിരുന്നു അവിടെ.

ആലത്തൂർ എസ്എൻ കോളജിൽ ബിഎസ്‌സി ബോട്ടണി വിദ്യാർഥിയായി ചേർന്നതോടെയാണ് അഫ്ബിൻ എൻസിസി കെഡറ്റായത്. ആർമിയിൽ ചേരാനാണ് അഫ്ബിനു താൽപര്യം. അതിനാണ് എൻസിസിയിൽ സജീവ പങ്കാളിയായത്. ഊർക്കുളം അചന്ദ നിവാസിൽ ചുമട്ടുത്തൊഴിലാളിയായ ചന്ദ്രന്റെയും ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫിസ് മലക്കുളം നെയ്ത്ത് കേന്ദ്രത്തിലെ ഇൻസ്ട്രക്ടറായ ബിന്ദുവിന്റെയും മകനാണ് അഫ്ബിൻ. സഹോദരൻ: ആൽബിൻ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}