ADVERTISEMENT

മുതലമട ∙ അകലെയെങ്ങും പോകില്ലെന്ന് ഉറച്ചു വിശ്വസിച്ചു കാണാതായ മകനെ കാത്തിരുന്ന ആ അമ്മ യാത്രയായി. ചപ്പക്കാട് ലക്ഷംവീട് കോളനിയിൽ കാണാതായ യുവാക്കളിലൊരാളായ സാമുവലി‍‍ന്റെ(സ്റ്റീഫൻ) അമ്മ പാപ്പാത്തി (ആരോഗ്യമേരി–55) മറ്റൊരു മകൻ മരിച്ചതിന്റെ നാലാം നാൾ മരിച്ചു. സാമുവലിന്റെ സഹോദരനും പാപ്പാത്തിയുടെ മകനുമായ ജോയൽരാജിനെ(ജോൺ) തിങ്കളാഴ്ചയാണു വീടിനു സമീപത്തെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ ന്യുമോണിയ ബാധിച്ചതാണു മരണ കാരണമെന്നു കണ്ടെത്തിയിരുന്നു. 

കാണാതായ സാമുവൽ (സ്റ്റീഫൻ), മുരുകേശൻ

ജനുവരി 22നു പാപ്പാത്തിയുടെ ഭർത്താവ്, സാമുവലിന്റെ അച്ഛൻ ശബരിമുത്തുവും മരിച്ചിരുന്നു. മകൻ കാണാതാവുകയും ഭർത്താവിനു പിന്നാലെ മറ്റൊരു മകൻ മരിക്കുകയും ചെയ്തതിനെത്തുടർന്ന് ഏറെ മനോവിഷമത്തിലായിരുന്ന പാപ്പാത്തിക്കു വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടു.

ഈ സമയം വീട്ടിലുണ്ടായിരുന്ന പാപ്പാത്തിയുടെ അച്ഛൻ ഉത്തരീയവും അമ്മ ശിലൈത്തമ്മയും തൊട്ടടുത്ത ഷെഡിൽ ഉറങ്ങുകയായിരുന്ന പാപ്പാത്തിയുടെ അവസാനത്തെ മകൻ രാജുവിനെ വിളിച്ചു വരുത്തി. തുടർന്നു കാമ്പ്രത്ത്ചള്ളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മകന്റെ തിരോധാനവും ഭർത്താവിന്റെയും മറ്റൊരു മകന്റെയും മരണവും പാപ്പാത്തിയെ തളർത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സാമുവലിനെ കാണാതായി ഒരു വർഷം തികയുന്നതിനു മുൻപു 3 മരണങ്ങളാണ് ഈ കുടുംബത്തിലുണ്ടായത്.

രാജു

‌ഏകനായി രാജു

കാണാതായ സഹോദരനെക്കുറിച്ച് ഒരു തുമ്പുമില്ല, മാസങ്ങൾക്കു മുൻപ് അച്ഛനും ദിവസങ്ങളുടെ വ്യത്യാസത്തിൽ സഹോദരനും അമ്മയും മരിച്ചു. എന്തു ചെയ്യണമെന്നറിയാതെ ദുരന്തങ്ങളുടെ നടുക്കത്തിൽ കുടുംബത്തിൽ ഏകനായി രാജു(27). ചപ്പക്കാട് ലക്ഷംവീട് കോളനിയിലെ ശബരിമുത്തു-പാപ്പാത്തി ദമ്പതികളുടെ അവസാനത്തെ മകൻ രാജുവിന് ഏകനായി. ഒരു സഹോദരനാക‌ട്ടെ ഇപ്പോഴും കാണാമറയത്ത്.

ആകെ അവശേഷിക്കുന്നത് അമ്മയുടെ അച്ഛൻ ഉത്തരീയവും(73) അമ്മ ശിലൈത്തമ്മ(65) എന്നിവരും പിന്നെ അച്ഛനും അമ്മയും വളർത്തിയ കന്നുകാലികളും.  കഴിഞ്ഞ വർഷം ഓഗസ്റ്റ് 30നു രാത്രി രാജുവിന്റെ സഹോദരൻ സാമുവ‍ലിനെ(സ്റ്റീഫൻ) സുഹൃത്തായ മുരുകേശനൊപ്പം കാണാതായതോടെയാണു കുടുംബത്തിന്റെ ദുരന്തങ്ങൾക്കു തുടക്കം. സാമുവലിനായി ചപ്പക്കാട് മേഖലയിൽ പൊലീസ് നടത്തിയ തിരച്ചിലിൽ അച്ഛൻ ശബരിമുത്തുവും മരിച്ച സഹോദരൻ ജോയൽരാജും രാജുവുമെല്ലാം ഭാഗമായിരുന്നു.

യുവാക്കളുടെ തിരോധാനം: ഇന്നേക്ക് 355 ദിവസം

മുതലമട ∙ ചപ്പക്കാട്ടുനിന്നു 2 യുവാക്കളെ കാണാതായിട്ട് ഒരു വർഷം തികയാൻ ഇനി 10 ദിവസം മാത്രം അവശേഷിക്കെ അവർക്ക് എന്തുപറ്റിയെന്നു പറയാനാകാതെ പൊലീസും. ചപ്പക്കാട് ലക്ഷം വീട് കോളനിയിൽ നിന്നും സാമുവൽ(സ്റ്റീഫൻ–28), മുരുകേശൻ(26) എന്നിവർ ഓഗസ്റ്റ് 30നു രാത്രിയാണു കാണാതായത്. കൊല്ലങ്കോട് പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയിട്ടും യുവാക്കൾക്ക് എന്തു സംഭവിച്ചെന്നു പൊതുസമൂഹത്തിനു മുന്നിൽ പറയാൻ കഴിഞ്ഞിട്ടില്ല.

പ്രദേശത്തെ നീർച്ചാലുകളിലെ മണ്ണു നീക്കിയും കൊക്കർണിയിലെ വെള്ളം വറ്റിച്ചും തുടർ പരിശോധനകൾ നടന്നു. ഇതിനൊപ്പം എൻഎസ്ജി ഭീകര വിരുദ്ധ ദൗത്യങ്ങൾക്ക് ഉപയോഗിക്കുന്ന, ഭൂമിക്കടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ ഘ്രാണ ശേഷിയുള്ള ബെൽജിയൻ മെലിനോയ്സ് വിഭാഗത്തിൽപെട്ട നായകളുമായി രണ്ടു തവണ നടത്തിയ പരിശോധനകളിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 

ഡിഎൻഎ പരിശോധനാ ഫലം കാത്ത് പൊലീസ്

യുവാക്കളെ കാണാതായതിന് ഏറെ അകലെയല്ലാതെ ആലാംപാറയിൽ കഴിഞ്ഞ ഫെബ്രുവരി 12നു മനുഷ്യ തലയോട്ടി കണ്ടെത്തിയതോടെ അന്വേഷണം അതിനെ ചുറ്റിപ്പറ്റിയായി. തലയോട്ടിയിൽനിന്നു ഡിഎൻഎ വേർതിരിക്കാനുള്ള ശാസ്ത്രീയ പ്രവർത്തനങ്ങൾ നടത്തിയശേഷം കോടതി വഴി തൃശൂരിലെ റീജനൽ ലാബിലേക്കു കൈമാറി.

പരിശോധന ഫലം വന്നാൽ അന്വേഷണത്തിനു വഴിത്തരിവ് ഉണ്ടാകുമെന്നാണു പൊലീസിന്റെ വിലയിരുത്തൽ.20നും 40നും ഇടയ്ക്കു പ്രായമുള്ളയാളിന്റേതാണു തലയോട്ടി എന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പുരുഷന്റെയോ, സ്ത്രീയുടെയോ എന്ന് ഉറപ്പിച്ചിട്ടില്ല. അന്വേഷണത്തെ വഴിതിരിച്ചു വിടാൻ ആരെങ്കിലും തലയോട്ടി അവിടെ കൊണ്ടിട്ടതാണോ എന്നും ശ്മശാനങ്ങൾ‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com