ADVERTISEMENT

വാളയാർ ∙ ദേശീയപാതയിൽ സ്വകാര്യ കോളജ്‌ ബസ്‌ തടഞ്ഞു നിർത്തിയ ഒരു സംഘം വിദ്യാർഥികളെ ആക്രമിച്ചു. സംഭവത്തിൽ ഒരു കോളജ് വിദ്യാർഥി ഉൾപ്പെടെ 5 പേർക്കെതിരെ കേസെടുത്തു. കഞ്ചിക്കോട് മുക്രോണി തുമ്പിക്കുന്നം സ്വദേശിയായ വിദ്യാർഥിക്കും ഇയാളുടെ സുഹൃത്തുക്കളായ കണ്ടാലറിയുന്ന മറ്റു 4 പേർക്കെതിരെയുമാണു കേസെടുത്തത്. വ്യാഴാഴ്ച വൈകിട്ടു കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷനിൽ ബസ് തടഞ്ഞായിരുന്നു ആക്രമണം. പത്തോളം വിദ്യാർഥികൾക്കു പരുക്കേറ്റിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ല.

വ്യാഴാഴ്ച രാവിലെ കോളജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കേസിലുൾപ്പെട്ട വിദ്യാർഥിക്കു മർദനമേറ്റിരുന്നു. ഇതിനു പ്രതികാരമെന്നോണമാണു ബസ് കഞ്ചിക്കോട്ടെത്തിയപ്പോൾ ഒരു സംഘം ബസ് തടഞ്ഞു നിർത്തി അകത്തു കയറി വിദ്യാർഥികളെ ആക്രമിച്ചത്. പെൺകുട്ടികൾ ഉൾപ്പെടെ മുപ്പതിലേറെ പേർ ബസിലുണ്ടായിരുന്നു. സംഭവം വാളയാർ പൊലീസിൽ അറിയിച്ചെങ്കിലും വിദ്യാർഥികൾ പരാതി നൽകാത്തതിനാൽ കേസെടുത്തില്ല.

ബസിലെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നതോടെ മാനേജ്മെന്റ് പരാതിയുമായെത്തി. എന്നാൽ, വിദ്യാർഥികൾ പരാതിയില്ലെന്നു വീണ്ടും പറഞ്ഞതോടെ കേസെടുക്കാൻ സാധിച്ചില്ല. പിന്നീട് കോളജ് മാനേജ്മെന്റ് നിർദേശ പ്രകാരം ബസ് ഡ്രൈവറുടെ പരാതിയിൽ വാളയാർ പൊലീസ്‌ കേസെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പ്രതികൾക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നും എസ്ഐ എച്ച്.അർഷാദ് അറിയിച്ചു. 

കുറ്റക്കാർക്കെതിരെ നടപടി  വേണം: ഡിവൈഎഫ്‌ഐ

പുതുശ്ശേരി ∙ കോളജ്‌ ബസിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിദ്യാർഥികളെ ആക്രമിച്ചതു ആർഎസ്എസ് ഗുണ്ടകളാണെന്നും ഇവർക്കെതിരെ നിയമ നടപടി വേണമെന്നും ഡിവൈഎഫ്‌ഐ പുതുശ്ശേരി ബ്ലോക്ക്‌ കമ്മിറ്റി ആവശ്യപ്പെട്ടു. കഞ്ചിക്കോടും പുതുശ്ശേരിയിലും സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തണം. വിദ്യാർഥിനികളുടെ മുന്നിലിട്ടാണ് സഹപാഠികളെ ആക്രമിച്ചത്‌. കോളജ്‌ അധികൃതർ വിഷയം ഗൗരവമായി കാണണമെന്നും ബ്ലോക്ക്‌ സെക്രട്ടറി ആർ.മിഥുൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com