ADVERTISEMENT

ചിറ്റൂർ ∙ യുവാവിനെ അടിച്ചുകൊന്നു യാക്കരപ്പുഴയിൽ കെട്ടിത്താഴ്ത്തിയ സംഭവത്തിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ലഹരി ഇടപാടുകൾ ഉൾപ്പെടെ അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണു തത്തമംഗലം ആറാംപാടം കിഴക്കേക്കളം സ്വദേശി സുവീഷീന്റെതെന്നു(20) കരുതുന്ന മൃതദേഹം പുഴയിൽ കണ്ടെത്തിയത്. 

ജൂലൈ 19 മുതൽ മകനെ കാണാനില്ലെന്ന സുവീഷിന്റെ അമ്മ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പിടിയിലായ പ്രതികളിൽ നിന്നാണു മൃതദേഹത്തെക്കുറിച്ചു സൂചന ലഭിച്ചത്. മൃതദേഹം സുവീഷിന്റേതു തന്നെയാണോ എന്നുറപ്പിക്കാൻ ശാസ്ത്രീയ പരിശോധനയുടെ ഫലം വരേണ്ടതുണ്ട്. സംഭവത്തിൽ പിരായിരി പള്ളിക്കുളം സ്വദേശി ഷമീർ അലി(22), തിരുവാലത്തൂർ സ്വദേശി വി.റിഷികേശ്(21), കാടാങ്കോട് സ്വദേശികളായ സുരാജ്(22), എസ്.ഹക്കിം(22), ആർ.അജയ്(21), തിരുനെല്ലായി സ്വദേശി ടി.മദൻകുമാർ(24) എന്നിവരാണ് അറസ്റ്റിലായത്. ആറു പേരും സുഹൃത്തുക്കളാണ്.

അനുജനെ കൂട്ടി വരാൻ പോയി, പിന്നെ കാണുന്നതിങ്ങനെ: അമ്മ

‘ഇനി ഞാൻ അവരോടു കൂട്ടില്ല. അവരുടെ കയ്യിൽ കിട്ടിയാൽ എന്നെ കൊല്ലും. ഇനി അമ്മയോടൊപ്പം താമസിക്കാം’ – സാമ്പത്തിക ഇടപാടിനെ ചൊല്ലി സുഹൃത്തുക്കളുമായി തർക്കമുണ്ടായപ്പോൾ സുവീഷ് അമ്മയോടു പറഞ്ഞതാണിത്. സുഹൃത്തുക്കളിൽ ഒരാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ചു സുവീഷിനെ വീട്ടിൽ കയറി മർദിച്ചിരുന്നു. ഇതു തുടർന്നപ്പോൾ അവരോട് സംസാരിച്ചു പ്രശ്നം തീർക്കണമെന്നു സുവീഷ് വിജിയോട് ആവശ്യപ്പെടുകയും തുടർന്ന് ഇരട്ടയാലിൽ വച്ചു സുഹൃത്തുക്കളെ കണ്ടു മകനെ ഒന്നും ചെയ്യരുതെന്ന് അഭ്യർഥിക്കുകയും ചെയ്തു. അതിനു ശേഷം സുവീഷ് അമ്മയോടൊപ്പം വേലന്താവളത്തു താമസമാക്കി.

എന്നാൽ, ജൂലൈ 14ന് സുഹൃത്തുക്കൾ സുവീഷിന്റെ തത്തമംഗലത്തെ വീട്ടിലെത്തി സാധനങ്ങളെല്ലാം തല്ലിത്തകർത്തു. ഇക്കാര്യമറിഞ്ഞ സുവീഷ് തത്തമംഗലത്തെ വീട്ടിലെത്തി 17 വരെ അവിടെ താമസിച്ചു. ഈ ദിവസങ്ങളിൽ സുവീഷിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. 17നു വേലന്താവളത്തെ വീട്ടിൽ തിരിച്ചെത്തി. 19 ന് ഉച്ചയ്ക്കു ശേഷമാണു പുറത്തുപോയത്. കുറച്ചു സമയം കഴിഞ്ഞിട്ടും കാണാതായതോടെ ഫോണിൽ വിളിച്ചപ്പോൾ ബൈക്ക് നന്നാക്കുന്നതിനായി കൽമണ്ഡപത്തു വന്നതാണെന്നും പാലക്കാട്ടേക്കു വന്ന അനുജനെ കൂട്ടി വരാമെന്നും പറഞ്ഞു.

അനുജൻ വീട്ടിലെത്തി ഏറെ നേരം കഴിഞ്ഞിട്ടും സുവീഷ് വീട്ടിലെത്താതിരുന്നതോടെ വിജി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. മുൻപും പലതവണ ഇത്തരത്തിൽ സ്വിച്ച് ഓഫ് ചെയ്ത് പോയിരുന്നതിനാൽ സംശയം തോന്നിയില്ലെന്നു വിജി പറയുന്നു. മകനുമായുള്ള പ്രശ്നം തീർക്കാൻ ഇരട്ടിയാലിലെത്തിയപ്പോൾ കഴിഞ്ഞ ദിവസം അറസ്റ്റിലായവരിൽ ചിലർ അവിടെ ഉണ്ടായിരുന്നതായും വിജി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com