ADVERTISEMENT

മുതലമട ∙ പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയാൻ ജനപ്രതിനിധികൾ പറമ്പിക്കുളത്തെത്തി. നിയമസഭാ സാമാജികർക്കായി വനം വകുപ്പ് നടത്തുന്ന ‘കാടിനെ അറിയാൻ’ പ്രത്യേക പഠന ക്യാംപിനായി 4 എംഎൽഎമാരാണു പറമ്പിക്കുളത്ത് എത്തിയിരിക്കുന്നത്. കുന്ദമംഗലം എംഎൽഎ പി.ടി.എ.റഹീം, പുതുക്കാട് എംഎൽഎ കെ.കെ.രാമചന്ദ്രൻ, തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ എന്നിവരാണു നെന്മാറ എംഎൽഎ കെ.ബാബുവിനൊപ്പം പറമ്പിക്കുളത്ത് എത്തിയിരിക്കുന്നത്. 

എംഎൽഎമാർക്കായി പറമ്പിക്കുളത്തെക്കുറിച്ചു ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. തുടർന്നു പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ പ്രത്യേകതകൾ, കാടിന്റെ സ്വഭാവം, വന്യജീവികൾ, അണക്കെട്ടുകൾ എന്നിവയെക്കുറിച്ചു പ്രത്യേകം ക്ലാസ് ഉണ്ടായി. തുടർന്നു കാടിന്റെ വിവിധ ഭാഗങ്ങൾ, അണക്കെട്ടുകൾ എന്നിവ എംഎൽഎമാർ സന്ദർശിച്ചു. കൂടാതെ ആനമല കടുവാ സങ്കേതത്തിലുള്ള തമിഴ്നാട് വനം വകുപ്പിന്റെ കോഴിക്കമുത്തി ആന ക്യാംപും ജനപ്രതിനിധികൾ സന്ദർശിച്ചു. 

ക്യാംപ് കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. വനം വകുപ്പ് അഡ്മിനിസ്ട്രേഷൻ വിഭാഗം അഡീഷനൽ പ്രിൻസിപ്പിൽ ചീഫ് കൺസർവേറ്റർ ഡോ.പി.പുകഴേന്തി അധ്യക്ഷനായി. ഈസ്റ്റേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കെ.വിജയാനന്ദ്, പറമ്പിക്കുളം കടുവാ സങ്കേതം ഡപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഖുറ ശ്രീനിവാസ് എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾക്കായി പറമ്പിക്കുളത്തെ ആദിവാസികളുടെ കലാപ്രകടനങ്ങളും ഉണ്ടായി. 

കാടിനെയും വന്യജീവികളെയും അറിയുക, ആദിവാസി ജീവിതരീതികൾ അടുത്തറിയുക എന്നിവ ലക്ഷ്യമിട്ടാണു വനം വകുപ്പ് എംഎൽഎമാരും മന്ത്രിമാരും പങ്കെടുക്കുന്ന കാടിനെ അറിയാൻ പ്രത്യേക പഠന ക്യാംപ് സംഘടിപ്പിക്കുന്നത്. മന്ത്രിമാരുൾപ്പെടെ ഇരുപതിലധികം പേർ പങ്കെടുക്കുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. 2017 ൽ പറമ്പിക്കുളത്തു നടത്തിയ കാടിനെ അറിയാൻ ക്യാംപിൽ അന്നത്തെ സ്പീക്കർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com