ADVERTISEMENT

മുതലമട ∙ കാലിൽ മുറിവുമായി നിൽക്കുന്ന പറമ്പിക്കുളത്തെ പിടിയാനയെ ‘കൺമണി’യെ പോലെ ഒപ്പം നിന്നു പരിചരിച്ച് യുവാവ്. സുങ്കം കോളനിയിലെ ഗുരുസ്വാമിയുടെ മകൻ പ്രവീൺ (22) ആണ് ആനയെ പരിചരിക്കാൻ മുന്നിൽ നി‍ൽക്കുന്നത്. വന്യജീവിയുടെ ആക്രമണത്തിൽ പിൻഭാഗത്തെ വലതു കാലിനു പരുക്കേറ്റ നിലയിൽ സുങ്കം കോളനിക്കടുത്തു നിൽക്കുന്ന 30 വയസ്സുള്ള പിടിയാനയ്ക്കു തീറ്റകൊടുക്കാനും വനംവകുപ്പുകാരുടെ നിരീക്ഷണത്തിനു സൗകര്യമൊരുക്കാനുമൊക്കെയായി ആനയോട് ഇണങ്ങിനിൽക്കുകയാണ് ഈ ആദിവാസി യുവാവ്.

പ്രവീൺ വിളിക്കുമ്പോൾ തീറ്റയെടുക്കാനായി പിടിയാന വെള്ളത്തിൽനിന്നു കയറിവരുന്നതെല്ലാം ഏതാനും ദിവസങ്ങളായി ഇവിടെ കൗതുകമുള്ള കാഴ്ചയാണെന്നു നാട്ടുകാരനായ രമേഷ് പറമ്പിക്കുളം പറഞ്ഞു. ഈച്ചശല്യം കാരണം പകലിൽ ഏറെ നേരവും തൂണക്കടവ് അണക്കെട്ടിലെ വെള്ളത്തിൽ ചെലവഴിക്കുന്ന ആനയ്ക്ക് തെങ്ങിൻപട്ട ഉൾപ്പെടെയുള്ള തീറ്റ കൊടുക്കുന്ന കാര്യത്തിൽ ആനയെ കണ്ട നാൾ മുതൽ പ്രവീൺ ഏറെ കരുതൽ പുലർത്തുന്നുണ്ട്. പ്രവീൺ ‘കൺമണി’ എന്നു വിളിക്കുന്ന പിടിയാനയുടെ ചികിത്സയ്ക്കായി ശർക്കരയിൽ മരുന്നു കലർത്തി നൽകാൻ ശ്രമിച്ചെങ്കിലും ആന അതു കഴിച്ചിരുന്നില്ല. പിന്നീട് പഴത്തിൽ മരുന്നു കലർത്തി നൽകി. 

ആനയുടെ ആരോഗ്യം നിലനിർത്തുന്നതിനായുള്ള തീറ്റ കൊടുക്കുന്ന കാര്യത്തില്‍ പ്രവീണ്‍ എടുക്കുന്ന കരുതല്‍ വനംവകുപ്പിനും അനുഗ്രഹമായി. ആനയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി വെറ്ററിനറി വിദഗ്ധർ പറയുന്നു. വനം വെറ്ററിനറി ഓഫിസർ ഡോ.അനുമോദ് പറമ്പിക്കുളത്തുണ്ട്. വെറ്ററിനറി ഓഫിസർമാരായ ഡോ.ഡേവിഡ് ഏബ്രഹാം, ഡോ.നിഷാർ റേച്ചൽ എന്നിവർ ഇന്നെത്തും. തിങ്കളാഴ്ച വനം ചീഫ് വെറ്ററിനറി ഓഫിസർ അരുൺ സക്കറിയയും പറമ്പിക്കുളത്തെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com