ADVERTISEMENT

പട്ടാമ്പി/ കോയമ്പത്തൂർ‍ ∙ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ. റൗഫിന്റെ പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ കേന്ദ്ര സംഘം പരിശോധനയ്ക്ക് എത്തിയതു പുലർച്ചെ മൂന്നിന്. രാവിലെ 9.30 വരെ പരിശോധന നീണ്ടു. എൻഐഎ സംഘവും ഇഡി ഉദ്യോഗസ്ഥരും വലിയ പൊലീസ് സന്നാഹത്തോടെയാണു വീട്ടിലെത്തിയത്. ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഇസ്മായിലിന്റെ കോയമ്പത്തൂർ‍ കരുമ്പുക്കട ഷൗക്കാർ നഗറിലെ വീട്ടിൽ എൻഐഎ ഡൽഹിയിൽ നിന്നുള്ള 15 അംഗ സംഘം എത്തിയതു പുലർച്ചെ അഞ്ചരയോടെ.

വീടിനു മുന്നിൽ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഒരു മണിക്കൂറിലധികം പരിശോധന നടത്തിയ സംഘം ഇസ്മായിലിനെ അന്വേഷണത്തിനായി ഡൽഹിയിലേക്കു കൊണ്ടുപോയി. ഇന്നലെ രാവിലെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കർണാടക സെക്രട്ടറി സാദിഖ് മുഹമ്മദിനെയും എൻഐഎ ഉദ്യോഗസ്ഥർ ഡൽഹിയിലേക്കു കൊണ്ടുപോയി. പട്ടാമ്പിയിൽ സംഘം എത്തിയപ്പോൾ റൗഫ് വീട്ടിലുണ്ടായിരുന്നില്ല.

ഭാര്യയുടെ മൊബൈൽ ഫോണും വീട്ടിൽ സൂക്ഷിച്ചിരുന്ന പോപ്പുലർ ഫ്രണ്ട് മാസികകളും ലഘുലേഖകളും സംഘം പിടിച്ചെടുത്തു. ഈ സമയം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി വീട്ടുപടിക്കൽ നിലയുറപ്പിച്ചു. പരിശോധന പൂർത്തിയാകും വരെ മുദ്രാവാക്യംവിളി നീണ്ടു. സംഘം പരിശോധന പൂർത്തിയാക്കി പോയതോടെ പ്രവർത്തകർ പട്ടാമ്പിയിൽ റേ‍ാഡ് ഉപരോധിച്ചു. പൊലീസ് ബലംപ്രയേ‍ാഗിച്ച് ഇവരെ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

നേതാക്കളുടെ വീടുകളിലും സംഘടനാ ഓഫിസുകളിലും നടത്തിയ പരിശോധനയിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. റൗഫിന്റെ വീട്ടിലും പട്ടാമ്പിയിലെ സംഘടനാ ഓഫിസിലുമായിരുന്നു പാലക്കാട്ടെ പരിശോധന. അന്വേഷണ ഏജൻസികളെ ആർഎസ്എസിന്റെ ചട്ടുകമാക്കി ഭരണകൂടം നടത്തുന്ന ഭീകരത ജനാധിപത്യത്തിനും മൗലികാവകാശങ്ങൾക്കും നേരെയുള്ള പരസ്യമായ വെല്ലുവിളിയാണെന്നു പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ.പി.മുഹമ്മദലി, സെക്രട്ടറി കബീർ എന്നിവർ ആരോപിച്ചു.

ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ പ്രകടനങ്ങളും ഉപരോധവും നടത്തി. കൂറ്റനാട്, വാണിയംകുളം, ഒലവക്കോട് എന്നിവിടങ്ങളിൽ നേതാക്കളെയും പ്രവർത്തകരെയും പെ‍ാലീസ് അറസ്റ്റ് ചെയ്തു നീക്കി. കോയമ്പത്തൂരിൽ ഇസ്മായിലിന്റെ വീട്ടിൽ പരിശോധന നടത്തുന്നതിൽ പ്രതിഷേധിച്ച് ഉക്കടം ആത്തുപ്പാലം റോഡ്, ഒപ്പനക്കാര വീഥി, സായിബാബ കോളനി, കുനിയമുത്തൂർ, കുറിച്ചി തുടങ്ങിയ ഭാഗങ്ങളിൽ റോഡ് ഉപരോധിക്കാൻ ശ്രമിച്ച നൂറ്റിയൻപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com