ADVERTISEMENT

ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം എന്ന സന്ദേശവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പാലക്കാട് ജില്ലയിൽ എത്തുന്നതിന്റെ ആഹ്ലാദത്തിലാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. വരിക വരിക സഹജരേ സഹന സമര സമയമായ്, കരളുറച്ച് കൈകൾ കേ‍ാർത്തു കാൽനടയ്ക്കു പോയിടാം... എന്ന കെപിസിസി ആഹ്വാനം ഏറ്റെടുത്ത് ജില്ലയിൽ ആയിരക്കണക്കിനാളുകൾ യാത്രയിൽ അണിനിരക്കും. പ്രിയ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര അവിസ്മരണീയമാക്കാനുള്ള ഒറ്റക്കെട്ടായുള്ള ഒരുക്കത്തിലാണു ജില്ലയിലെ കോൺഗ്രസ് നേതൃത്വം.

യാത്രയിലുടനീളം കണ്ടെയ്നറുകൾ
ലോറിയിൽ ഘടിപ്പിച്ച കണ്ടെയ്നറുകൾ യാത്രയിലുടനീളം രാഹുൽ ഗാന്ധിയെയും സംഘത്തെയും പിന്തുടരുന്നുണ്ട്. പാലക്കാട് എത്തുന്ന കണ്ടെയ്നറുകൾ കരിങ്ങനാട് ഇംഗ്ലിഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിലാണു നിർത്തിയിടുന്നത്.

∙ രാഹുൽഗാന്ധി ഒന്നാം നമ്പർ കണ്ടെയ്നറിലാണു താമസം. ഒരാൾക്കു കിടക്കാനുള്ള സൗകര്യത്തിനു പുറമേ, എസി, അലമാര, സോഫ, ശുചിമുറി എന്നിവയും കണ്ടെയ്നറിലുണ്ട്. യെലോ സോൺ എന്നാണ് ഇതിനു പേരിട്ടത്.

∙ ബ്ലൂ സോൺ കണ്ടെയ്നറിൽ രണ്ടു പേർക്ക് കിടക്കാനുള്ള സൗകര്യവും ശുചിമുറിയുമാണ് ഉള്ളത്. കെ.സി.വേണുഗോപാൽ, ജയറാം രമേശ്, ദിഗ്‌വിജയ്സിങ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളാണ് ഇത്തരം കണ്ടെയ്നറുകളിൽ.

∙ പിങ്ക് സോൺ കണ്ടെയ്നറുകളിൽ വനിതകളാണു താമസിക്കുന്നത്. ശുചിമുറികളോടു കൂടിയ 4 കിടക്കകളാണ് ഇതിലുള്ളത്.

∙ ഇവയ്ക്കു പുറമേ 4, 6, 8, 12 കിടക്കകളുള്ള കണ്ടെയ്നറുകളുമുണ്ട്. റെഡ്, ഓറഞ്ച് സോൺ കണ്ടെയ്നറുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇവയിൽ ശുചിമുറിയില്ല.

∙ T എന്ന് രേഖപ്പെടുത്തിയ കണ്ടെയ്നറുകൾ ശുചിമുറികളാണ്. ശുചിമുറിയില്ലാത്ത കണ്ടെയ്നറുകളിൽ താമസിക്കുന്നവർക്കുള്ള ശുചിമുറിയാണ് ഇവയിൽ.

∙ രാഹുൽ ഗാന്ധിയുടെ കണ്ടെയ്നറിനോടു ചേർന്ന് സുരക്ഷാ ജീവനക്കാരുടെയും സഹായികളുടെയും കണ്ടെയ്നറുകളുണ്ടാകും. മെഡിക്കൽ ടീമിന്റെ കണ്ടെയ്നറും തൊട്ടടുത്ത് തന്നെയാകും സജ്ജീകരിക്കുക. വലിയ ഗ്രൗണ്ട് ആണെങ്കിൽ കണ്ടെയ്നറുകൾ ഒരുമിച്ചാകും പാർക്ക് ചെയ്യുക. നിശ്ചിത ഇടവേളകളിൽ വസ്ത്രങ്ങൾ അലക്കാനുൾപ്പെടെയുള്ള സഹായികളും യാത്രയിലുണ്ട്.

∙ കണ്ടെയ്നറുകളിൽ ആകെ താമസിക്കാവുന്നത് 230 പേർക്ക്. ഡൈനിങ് ഹാൾ സജ്ജീകരിച്ച കണ്ടെയ്നറുകളുമുണ്ട്.

യാത്രയിൽ ആരൊക്കെ ?

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയിൽ 118 പേരാണ് കന്യാകുമാരി മുതൽ കശ്മീർ വരെ അനുഗമിക്കുന്നത്. ജയറാം രമേശ്, ദിഗ്‌വിജയ്സിങ്, കനയ്യകുമാർ, യോഗേന്ദ്ര യാദവ്, പവൻ ഖേറ, വിജയേന്ദർ സിൻഹ്ല, സീതാറാം ലാംബ, വൈഭവ് വാലിയ, കേശവ് ചന്ദ് യാദവ്, ജ്യോതി റൗട്ടേല, സന്തോഷ് കൊൽക്കുണ്ട തുടങ്ങിയവർ കൂട്ടത്തിലുണ്ട്.സഹായികളായി മലയാളികളായ കെ.ബി.ബൈജുവും ഫൊട്ടോഗ്രഫർ ബേസിൽ രാജും ഒപ്പം അലങ്കാർ സവായിയും രാം പ്രീതും ഉണ്ട്. വയനാട് എംപി ഓഫിസിലെ രാഹുൽ രവി, റാഫി എന്നിവരുമുണ്ട്. 118 സ്ഥിരാംഗങ്ങൾക്കു പുറമേ കെപിസിസി തിരഞ്ഞെടുത്ത 125 പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഇവരെ കൂടാതെ ലക്ഷദ്വീപ് കോൺഗ്രസ് കമ്മിറ്റി തിരഞ്ഞെടുത്ത 60 പേർ ആലപ്പുഴ മുതൽ തൃശൂർ വരെ യാത്രയിൽ പങ്കെടുത്തു.

ഭക്ഷണം

പദയാത്രാ സംഘത്തിന്റെ ഭക്ഷണക്ക‌ാര്യങ്ങൾ നോക്കാൻ ഓരോ സംസ്ഥാനത്തും പ്രത്യേക സംഘങ്ങളുണ്ട്. ഇഡ്ഡലി, പൂരി, റൊട്ടി, വടാപ്പാവ് തുടങ്ങിയവയിൽ ഏതെങ്കിലുമാകും പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് ചോറും റൊട്ടിയും കൂടെ മീൻകറിയോ ചിക്കൻകറിയോ ഉണ്ടാകും.

പദയാത്രയിൽ കശ്മീർ വരെ 8 മലയാളികൾ

ചാണ്ടി ഉമ്മൻ, ഷീബ രാമചന്ദ്രൻ, മഞ്ജു കുട്ടൻ, നബീൽ നൗഷാദ്, കെ.ടി.ബെന്നി, എം.എ.സലാം, ഗീതാകൃഷ്ണൻ, വി.പി.ഫാത്തിമ എന്നിവരാണ് മുഴുവൻ ദിവസവും യാത്രയിൽ പങ്കെടുക്കുന്ന മലയാളികൾ. 150 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലായി 3,571 കിലോമീറ്റർ താണ്ടി ജനുവരി 30ന് കശ്മീരിൽ യാത്ര സമാപിക്കും വരെ ഇവർ പങ്കെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com