ഭാരത് ജോ‍ഡോ യാത്ര ഇന്നു പാലക്കാട് ജില്ലയിൽ; രാഹുൽ വിളിക്കുന്നു വരൂ, ഒന്നിച്ചു നടക്കാം

HIGHLIGHTS
  • ഒരുക്കുന്നത് ഉജ്വല വരവേൽപ്
palakkad-bharath-jodo-yathra-in-palakkad-today
SHARE

ഭാരത് ജോഡോ യാത്രയ്ക്ക് ജില്ലയിലേക്ക് അത്യുജ്വല വരവേൽപ് ഒരുക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഇന്നു രാവിലെ 6.30ന് ഷൊർണൂർ എസ്എംപി ജംക്‌ഷനിലാണു വരവേൽപ്. എഐസിസി, കെപിസിസി ഭാരവാഹികളും ജില്ലാ നേതാക്കളും അടക്കം ചേർന്ന് രാഹുൽഗാന്ധിയെ പാലക്കാടിന്റെ മണ്ണിലേക്കു സ്വീകരിക്കും. നേതാക്കളും ആയിരക്കണക്കിനു പ്രവർത്തകരും വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ ചെറുതുരുത്തിയിൽ നിന്ന് രാഹുൽ ഗാന്ധിയെയും പദയാത്രികരെയും ജില്ലയിലേക്ക് ആനയിക്കും. 

പാലക്കാട്, ആലത്തൂർ, മലമ്പുഴ, തരൂർ, ഒറ്റപ്പാലം മേഖലകളിൽനിന്നുള്ള പ്രവർ‍ത്തകരെല്ലാം പദയാത്രയെ അനുഗമിക്കും. തുടർന്ന് കുളപ്പുള്ളി, വാടനാംകുറുശി, ഓങ്ങല്ലൂർ ‍വഴി കാൽനടജാഥ 11 മണിയോടെ പട്ടാമ്പിയിലെത്തും. മേലെ പട്ടാമ്പി രാജപ്രസ്ഥം ഓാഡിറ്റോറിയത്തിലാണ് രാഹുൽ ഗാന്ധിക്കും പദയാത്രികർക്കും ഭക്ഷണവും വിശ്രമവും. വൈകിട്ട് 3ന് അട്ടപ്പാടിയിലെ തിരഞ്ഞെടുക്കപ്പെട്ട ഗോത്ര വിഭാഗക്കാരുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തും. ഊരുമൂപ്പൻമാർ, ഗോത്ര കലാകാരന്മാർ, പട്ടികവിഭാഗത്തിലെ മിടുക്കരായ വിദ്യാർഥികൾ എന്നിവരുമായി സംസാരിക്കുന്ന രാഹുൽഗാന്ധി അവരുടെ കലാരൂപങ്ങളും ആസ്വദിക്കും. 4.30ന് പട്ടാമ്പിയിൽ നിന്ന് ജോഡോ യാത്ര ‍ കൊപ്പത്തേക്കു പുറപ്പെടും. 

പട്ടാമ്പി, തൃത്താല നിയോജക മണ്ഡലങ്ങളിലുള്ളവരും നെന്മാറ, ചിറ്റൂർ, മണ്ണാർക്കാട്, കോങ്ങാട്, ചെർ‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം ഭാഗത്തുനിന്നെത്തുന്ന കോൺഗ്രസ് പ്രവർത്തകരും കൂടി പങ്കാളികളാകുന്നതോടെ ആയിരങ്ങൾ അണിനിരക്കുന്ന പദയാത്ര ‍ഏഴുമണിയോടെ കൊപ്പത്ത് എത്തിയ ശേഷം പൊതുസമ്മേളനത്തിൽ രാഹുൽഗാന്ധി പ്രസംഗിക്കും. കൊപ്പം ഇംഗ്ലിഷ് മീഡിയം സ്കൂളിലാണ് പദയാത്രികർക്ക് രാത്രി വിശ്രമ സൗകര്യം ഒരുക്കിയിരിക്കുന്നത്. കരിങ്ങനാട് ഇംഗ്ലിഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിലാണ് രാഹുൽ ഗാന്ധിയും പദയാത്രികരും വിശ്രമിക്കുന്ന കണ്ടെയ്നറുകൾക്ക് നിർത്തിയിടാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.ഇന്നും നാളെയും ജില്ലയിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്വാഗത സംഘവും ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ചേർന്ന് ഒരുക്കിയിരിക്കുന്നത്. യാത്ര ജില്ലയിലൂടെ കടന്നുപോകുന്ന ഷൊർണൂർ മുതൽ വിളയൂർ വരെ ബോർഡുകളും സ്വാഗത കമാനങ്ങളും കൊടിതോരണങ്ങളും നിറഞ്ഞ് ത്രിവർണമായിട്ടുണ്ട്. 

യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ പദയാത്രകൾ, വിളംബര ജാഥകൾ, ഫുട്ബോൾ മത്സരം, കൂട്ടയോട്ടം, ക്വിസ് മത്സരം എന്നിവ നടത്തിയിരുന്നു. രണ്ടു ദിവസങ്ങളിലായി 26 കിലോമീറ്റർ ദൂരമാണ് യാത്ര പാലക്കാട് ജില്ലയിലൂടെ സഞ്ചരിക്കുന്നത്. ഇതുവരെ ജില്ല കണ്ടിട്ടില്ലാത്ത വൻ ജനപങ്കാളിത്തം ഉറപ്പുവരുത്താനാണ് ജില്ലാ കോൺഗ്രസ് നേതൃത്വം ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. യാത്ര വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രചാരണം നൽകുന്നതിനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ യാത്ര മുന്നോട്ടുകൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾക്കും സ്വാഗത സംഘം രൂപംനൽകിയിട്ടുണ്ട്. മുൻപെങ്ങുമില്ലാത്ത ഐക്യത്തോടെയും ആവേശത്തോടെയുമാണ് കോൺഗ്രസ് നേതൃത്വം ജോഡോ യാത്രയുടെ വിജയത്തിനായി പരിശ്രമിക്കുന്നതെന്ന് പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. 

ഭാരത്  ജോ‍ഡോ യാത്ര ഇന്നു ജില്ലയിൽ

 ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം എന്ന സന്ദേശവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നു ജില്ലയിൽ എത്തുന്നതിന്റെ ആഹ്ലാദത്തിലാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. വരിക വരിക സഹജരേ സഹന സമര സമയമായ്, കരളുറച്ച് കൈകൾ കേ‍ാർത്തു കാൽനടയ്ക്കു പോയിടാം... എന്ന കെപിസിസി ആഹ്വാനം ഏറ്റെടുത്ത് ജില്ലയിൽ ആയിരക്കണക്കിനാളുകൾ യാത്രയിൽ അണിനിരക്കും. പ്രിയ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര അവിസ്മരണീയമാക്കാനുള്ള ഒറ്റക്കെട്ടായുള്ള ഒരുക്കത്തിലാണു ജില്ലയിലെ കോൺഗ്രസ് നേതൃത്വം.

യാത്ര പാലക്കാട് ജില്ലയിൽ പ്രവേശിച്ച് അതിർത്തി കടക്കും വരെ ജില്ലയിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരെയും പദയാത്രയ്ക്കെ‍ാപ്പം അണിനിരത്താൻ ആവശ്യമായ ഒരുക്കങ്ങൾ കോൺഗ്രസ് ജില്ലാ നേതൃത്വവും സ്വാഗത സംഘവും ചേർന്ന് ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന ശക്തികൾക്കെതിരെ ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യവുമായാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മുന്നേറുന്നത്. നിങ്ങളുമുണ്ടാകില്ലേ ഈ മഹാ പ്രസ്ഥാനത്തോടൊപ്പം എന്ന ചോദ്യവുമായി രാഹുൽ ഗാന്ധി പദയാത്രയുമായി പാലക്കാടിന്റെ മണ്ണിലൂ‍ടെ നടന്നുനീങ്ങുമ്പോൾ കോൺഗ്രസ് കുടുംബങ്ങളെല്ലാം രാഹുലിനെ കാണാനെത്തുമെന്ന് സ്വാഗത സംഘം ജില്ലാ ചെയർമാൻ വി.കെ.ശ്രീകണ്ഠൻ എംപി പറയുന്നു. 

∙രാവിലെ 6.30ന് ഷൊർണൂർ   എസ്എംപി ജംക്‌ഷനിൽ വരവേൽപ്

∙ ആയിരങ്ങൾ അണിനിരക്കുന്ന  പദയാത്ര കുളപ്പുള്ളി, വാടാനാംകുറുശി,   ഓങ്ങല്ലൂർ ‍വഴി പട്ടാമ്പിയിലെത്തും

∙ പട്ടാമ്പിയിൽ നിന്ന്  കൊപ്പത്തേക്കുള്ള പദയാത്ര വൈകിട്ട് 4.30ന് 

∙ പൊതുസമ്മേളനം കൊപ്പത്ത് 

ഒരുമിക്കട്ടെ ചുവടുകൾ, ഒന്നാകട്ടെ രാജ്യം...

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ നമുക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. കേവല സ്വാതന്ത്ര്യത്തിലേക്കല്ല, എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ ഉൾക്കൊള്ളുന്ന ഒരു ബഹുസ്വര ദേശീയ ഭാവനയിലേക്കും ഓരോ പൗരനും നീതിയും സമത്വവും അവകാശങ്ങളും ഉറപ്പുനൽകുന്ന ഒരു ജനാധിപത്യ ഭരണ സംവിധാനത്തിലേക്കും കൂടിയാണ് നമ്മുടെ ഭാരതം ഏഴരപ്പതിറ്റാണ്ടു മുൻപ് കാലെടുത്തുവച്ചത്.      രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കും രാഷ്ട്രശിൽപി ജവാഹർലാൽ നെഹ്‌റുവിനുമൊപ്പം സർദാർ വല്ലഭായ് പട്ടേൽ, മൗലാന അബ്ദുൽകലാം ആസാദ്, ഡോ. ബി.ആർ. അംബേദ്കർ, സുഭാഷ് ചന്ദ്രബോസ്, ഭഗത്‌ സിങ് തുടങ്ങി ഒട്ടേറെ മഹാ മനുഷ്യരുടെ പ്രവർത്തനങ്ങളുടെ ഫലമായാണ് ലോക രാജ്യങ്ങൾക്കു മുൻപിൽ തലയുയർത്തിപ്പിടിക്കാൻ കഴിയുന്ന നിലയിലേക്ക് നമ്മുടെ നാട് വളർന്നുവന്നത്. 

ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനമെന്ന നിലയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് മുന്നോട്ടുവച്ചിരുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളും സ്വാതന്ത്ര്യാനന്തരം വിവിധ കോൺഗ്രസ് സർക്കാരുകളുടെ വികസനോന്മുഖ പ്രവർത്തനങ്ങളുമാണ് വളർച്ചയുടെ ഓരോ ഘട്ടത്തിലും ഈ നാടിനു കരുത്തുപകർന്നത്. എന്നാൽ തിരിഞ്ഞു നോക്കുമ്പോഴുള്ള സംതൃപ്തിയോടൊപ്പം ഭാവിയെക്കുറിച്ചുള്ള ആശങ്കകളും നമുക്കിടയിൽ കനപ്പെട്ടുവരുന്നുണ്ടോ? സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുകരാൻ കഴിയാത്തവണ്ണം നമ്മുടെ നാടിന് ശുഭാപ്തിവിശ്വാസം നഷ്ടപ്പെടുന്നുണ്ടോ?

അതിരൂക്ഷമായ വിലക്കയറ്റം മൂലം പൊറുതിമുട്ടുകയാണ് ഇന്ത്യയിലെ ജനങ്ങൾ. നരേന്ദ്രമോദി സർക്കാരിന്റെ പെട്രോൾ, ഡീസൽ,പാചകവാതക വില നിർണയ രീതിയാണ് സർവ മേഖലയിലെയും വിലക്കയറ്റത്തിന്റെ അടിസ്ഥാന കാരണം. രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോൾ പോലും ഇവിടെ നികുതികൾ കുത്തനെ ഉയർത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ് മോദി സർക്കാർ. അധിക നികുതികൾ വേണ്ടെന്നുവയ്ക്കാൻ തയാറാവാതെ ഈ കൊള്ളയ്ക്കു കൂട്ടുനിൽക്കുകയാണു കേരള സർക്കാരും.കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് ഇന്നു രാജ്യത്ത് അനുഭവപ്പെടുന്നത്.നോട്ടു നിരോധനവും വികലമായി നടപ്പാക്കിയ ജിഎസ്ടിയും കോവിഡ് കാലത്തെ പിടിപ്പുകേടും രാജ്യത്തെ വലിയ സാമ്പത്തിക തകർച്ചയിലേക്ക് എത്തിച്ചിരിക്കുന്നു. സാധാരണ ജനങ്ങൾക്ക് ആശ്വാസമേകാൻ യുപിഎ സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി പാടേ അവതാളത്തിലാവുന്നു.

കർഷകർ ആത്മഹത്യാ മുനമ്പിൽ നിൽക്കുമ്പോഴും അവരെ ദ്രോഹിക്കുന്ന നിയമങ്ങൾ അടിച്ചേൽപിക്കാനായിരുന്നു സർക്കാരിനു വ്യഗ്രത. കോൺഗ്രസ് പടുത്തുയർത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെയാകെ വിറ്റുതുലയ്ക്കുന്ന, ബാങ്കിങ്, ഇൻഷുറൻസ് രംഗങ്ങളെയടക്കം മുച്ചൂടും തകർക്കുന്ന മോദി സർക്കാർ കോർപറേറ്റ് ദാസ്യത്തിന്റെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും അപമാനകരമായ അധ്യായങ്ങളാണ് രചിക്കുന്നത്.

രാജ്യത്തിന്റെ അതിർത്തികൾ ഇന്ന് മറ്റേതൊരു കാലത്തേക്കാളും അശാന്തമാവുകയാണ്. ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറി ചൈന നടത്തുന്ന പ്രകോപനങ്ങളും പാക്കിസ്ഥാന്റെ പ്രോത്സാഹനത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളും രാജ്യസുരക്ഷയ്ക്ക് അപകടമായി മാറുകയാണ്. നമ്മുടെ ധീര സൈനികരുടെ ത്യാഗങ്ങളെ നിഷ്ഫലമാക്കുന്ന ഉദാസീനതയാണ് രാജ്യസ്നേഹത്തെ പുകമറയാക്കുന്ന ഭരണാധികാരികളുടേത്.സൈനികരുടെ മനോവീര്യം വീണ്ടും തകർക്കുന്ന വികല പരിഷ്കാരങ്ങളാണ് അഗ്നിപഥ് പദ്ധതിയിലൂടെ മോദി സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.

ജനാധിപത്യം കരുത്താർജിക്കുന്നത് ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയിലും കാര്യക്ഷമതയിലും നിന്നാണ്. ജവാഹർലാൽ നെഹ്‌റു തൊട്ടുള്ള ഭരണാധികാരികൾ ദീർഘവീക്ഷണത്തോടെ രൂപപ്പെടുത്തിയ ഭരണഘടനാ സ്ഥാപനങ്ങളൊക്കെ ഇന്ന് കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങളുടെ സംരക്ഷകരായി അധഃപതിച്ചിരിക്കുന്നു. ജനശബ്ദമായി മാറേണ്ട മാധ്യമങ്ങൾ പലതും ഭരണകൂടത്തിന്റെ താൽപര്യ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്നു. എഴുത്തുകാരും ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും വേട്ടയാടപ്പെടുകയും നിശബ്ദരാക്കപ്പെടുകയും ചെയ്യുകയാണ് ഇന്നത്തെ ഇന്ത്യയിൽ. ദലിതരെയും പിന്നാക്കക്കാരെയും കൂടുതൽ അരികുവൽക്കരിക്കുകയും ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കുകയും ചെയ്യുന്ന ഒരു നാടായി നമ്മുടെ ഇന്ത്യ നാൾക്കുനാൾ മാറുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നു. അഴിമതിയും ആൾക്കൂട്ട ആക്രമണങ്ങളും മയക്കുമരുന്ന് വ്യാപനവും തീവ്രവാദവും നമ്മുടെ ഉറക്കംകെടുത്തുന്നുണ്ട്.

എന്നിട്ടും എന്തുകൊണ്ടാണ് ഈ രാജ്യത്തെ ജനങ്ങളുടെഇത്തരം ജീവൽ പ്രശ്നങ്ങൾ നമുക്ക് വേണ്ടവിധം ചർച്ചചെയ്യാൻ കഴിയാതെ പോവുന്നത്?എന്തുകൊണ്ടാണ് ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒരു പൊതുമുന്നേറ്റം നമുക്ക് സാധ്യമാവാതെ പോവുന്നത്?ഇവിടെയാണ്, ഇന്നു രാജ്യം എത്തിച്ചേർന്നിരിക്കുന്ന വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അന്തരീക്ഷത്തെ നാം തിരിച്ചറിയേണ്ടത്.നാടിന്റെ യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ഭരണാധികാരികൾ സൃഷ്ടിക്കുന്ന വൈകാരിക പ്രകോപനങ്ങളാണ് നമ്മെ പരസ്പരം അകറ്റുന്നത്. ഇത് കൃത്യമായ ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതിന്റെ കെണിയിൽ നിന്ന് പുറത്തുകടന്ന് ഈ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ, വിഭജന തന്ത്രങ്ങൾക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്.

അതെ, ആത്മാർഥതയുള്ള ഒരു നേതാവും, കൂടെ പ്രതീക്ഷാനിർഭരമായ മനസ്സോടെ ഒരു നാടും ഒരുമിച്ച് നടന്നുതുടങ്ങുകയാണ്.ഇന്ത്യ എന്ന ആശയത്തെ വീണ്ടെടുക്കാൻ, ഈ രാജ്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെന്ന് ഉറപ്പിച്ചെടുക്കാൻ, നമ്മുടെ ജീവിത സാഹചര്യങ്ങൾ അൽപംകൂടി മെച്ചപ്പെടുത്തിയെടുക്കാൻ, നീതിയിലും സന്തോഷത്തിലും അധിഷ്ഠിതമായ ഒരു ഭാവി നമുക്കായി രൂപപ്പെടുത്തിയെടുക്കാൻ. നിങ്ങളുമുണ്ടാവില്ലേ ഈ മഹാ പ്രസ്ഥാനത്തോടൊപ്പം?സാന്നിധ്യംകൊണ്ടും മനസ്സുകൊണ്ടും ഈ ഭാരത് ജോഡോ പദയാത്രയിൽ പങ്കുചേരണമെന്ന് ഏവരോടും സ്നേഹപൂർവം അഭ്യർഥിക്കുന്നു.

അഭിവാദ്യങ്ങളോടെ...വി.കെ. ശ്രീകണ്ഠൻ എംപി, ചെയർമാൻ, ഭാരത് ജോഡോ യാത്ര, സ്വാഗത സംഘം ജില്ലാ കമ്മിറ്റി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}