ADVERTISEMENT

ഒരേ ഒരു പാത, ഒറ്റ മനസ്സായി ചുവടുകൾ. മഹാനദിയായി ജനപ്രവാഹം. രാഹുൽ ഗാന്ധി എംപി നയിച്ച ഭാരത് ജോഡോ യാത്ര ആവേശത്തിന്റെ ‘ത്രിവർണപാത’ തീർക്കുകയായിരുന്നു. കാത്തു നിന്നവരെല്ലാം കോൺഗ്രസുകാരായിരുന്നില്ല, കൈവീശി അഭിവാദ്യം ചെയ്തവരിൽ പല രാഷ്ട്രീയക്കാരും ഉണ്ടായിരുന്നു. രാഹുൽ അവരോടു പറഞ്ഞതും കക്ഷിരാഷ്ട്രീയമായിരുന്നില്ല. നാടിനെക്കുറിച്ചായിരുന്നു, വീടിനെക്കുറിച്ചായിരുന്നു, ഓരോരുത്തരെയും കുറി‍ച്ചായിരുന്നു. രാവിലെ ആറുമണിയോടെ ചെറുതുരുത്തിയിൽനിന്നു ‘ചെറുപുഞ്ചിരി’ ഒപ്പം കൂട്ടിയാണു രാഹുൽ ഷൊർണൂരിലെത്തിയത്.

കൊപ്പത്ത് ഭാരത് ജോഡോ യാത്രയുടെ പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുന്നു.

സംസ്ഥാനപാതയിലെ ഇന്ദിര–രാജീവ് സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി അദ്ദേഹം യാത്ര തുടങ്ങി. കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ കബറടക്കം കഴിഞ്ഞിട്ടില്ലാത്തതിനാൽ ജാഥയുടെ തുടക്കത്തിൽ വാദ്യഘോഷങ്ങൾ വേണ്ടെന്നു സംഘാടകരോടു പ്രത്യേകം നിർദേശിച്ചതു രാഹുൽ തന്നെ. വീടുകൾക്കു മുന്നിൽ പൂക്കളും ചിത്രങ്ങളും സമ്മാനങ്ങളുമായി ജനം കാത്തിരുന്നു. ഷൊർണൂരിലെ ഗവ.പ്രസ് ഉൾപ്പെടെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ കാണാനെത്തി.

ഭാരത് ജോഡോ യാത്ര കൊപ്പത്ത് എത്തിയപ്പോൾ.

നിർത്തിയിട്ട സ്കൂൾ ബസുകളിലൂടെ ‘കുഞ്ഞു തലകൾ’ രാഹുൽ അങ്കിളിനെ നോക്കി കൈവീശി. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ദിഗ്‌വിജയ് സിങ് സേവാദൾ വൊളന്റിയർമാർക്കൊപ്പം പതാകയേന്തി ‘ഏറ്റവും എളിയവനായ’ പ്രവർത്തകൻ എന്ന നിലയിൽ ആദ്യം നടന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, നേതാക്കളായ രമേശ് ചെന്നിത്തല, എം.എം.ഹസ്സൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, എംഎൽഎമാരായ ഷാഫി പറമ്പിൽ, എൻ.ഷംസുദ്ദീൻ, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ എന്നിവർ ആദ്യനിരയിൽ ഉണ്ടായിരുന്നു.

അബ്ദുല്ല അബൂബക്കർ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയോടൊപ്പം.

രാഹുലിനു സുരക്ഷ നൽകുന്ന കേന്ദ്ര സംഘത്തിനു പുറമേ ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള വൻപൊലീസ് സംഘവും പൂർണ സമയവും സുരക്ഷയൊരുക്കി. തീരുമാനിച്ചതിലും നേരത്തെ, 10 മണിയോടെ പട്ടാമ്പിയിലെത്തിയ അദ്ദേഹം ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി രാജപ്രസ്ഥം ഓഡിറ്റോറിയത്തിൽ വിശ്രമത്തിലേക്ക്. ഇതിനിടെ തിരഞ്ഞെടുക്കപ്പെട്ട ചിലരുമായി കൂടിക്കാഴ്ച നടത്തി.

തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എ.സലിം രാഹുലിനൊപ്പം.

പാതയോരങ്ങൾ നിറഞ്ഞ് ജനാരവം

മേലേ പട്ടാമ്പി മുതൽ കൊപ്പം വരെയുള്ള വൈകുന്നേരത്തെ പദയാത്ര അത്യാവേശം നിറഞ്ഞതായിരുന്നു. വഴിയോരത്തും കെട്ടിടങ്ങളുടെ മുകളിലുമെല്ലാം ആയിരക്കണക്കിനാളുകൾ കാത്തിരിക്കുന്നു. രാത്രി, പാതയോരത്തെ മൊബൈൽ വിളക്കുകൾ കൂട്ടമായി മിന്നിത്തിളങ്ങുന്നതിനിടെ രാഹുൽ തിളങ്ങി. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വാർത്തകളിൽ നിറഞ്ഞ ശശി തരൂർ എംപി യാത്രയിൽ ‘ചൂടേറിയ ചർച്ചയുമായി’ ഒപ്പം കൂടി. കൊപ്പത്തെ പൊതുയോഗം ജനസാഗരമായിരുന്നു. രാഹുൽ പ്രസംഗം തുടങ്ങിയിട്ടും ജാഥയുടെ അവസാനവരി എത്തിച്ചേർന്നിരുന്നില്ല.

പട്ടാമ്പിയിൽനിന്ന് ഉച്ചകഴിഞ്ഞു ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോൾ രാഹുൽ ഗാന്ധിയുടെ ഒപ്പം നടന്നു സംസാരിക്കുന്ന ശശി തരൂർ എംപി.

സ്ത്രീകൾ ഉൾപ്പെടെ പതിനായിരങ്ങൾ പങ്കെടുത്ത പരിപാടി യുഡിഎഫിന്റെ കരുത്തു തെളിയിക്കുന്നതായി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. രാഹുലിന്റെ പ്രസംഗം ഷാഫി പറമ്പിൽ എംഎൽഎ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി. കൊടിക്കുന്നിൽ സുരേഷ് എംപി, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, എംപിമാരായ കെ.മുരളീധരൻ, വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ജെബി മേത്തർ, എംഎൽഎമാരായ ഷാഫി പറമ്പിൽ, അൻവർ സാദത്ത്, പി.സി. വിഷ്ണുനാഥ്‌, മുൻ എംപി വി.എസ്.വിജയരാഘവൻ എന്നിവർ പ്രസംഗിച്ചു.

രാഹുലിനെ കാണാൻ ഗെയിംസ് മെഡൽ ജേതാവ്

കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ ജേതാവ് കോഴിക്കോട് ചെക്യാട് സ്വദേശി അബ്ദുല്ല അബൂബക്കർ ഭാരത് ജോഡോ യാത്രയിൽ അതിഥിയായെത്തി. കുളപ്പുള്ളിക്കു സമീപത്താണു രാഹുലിനെ കണ്ടത്. ജാഥയിൽ അണിചേർന്ന അബ്ദുല്ല, രാജ്യത്തിന്റെ നിലനിൽപു തന്നെ മതനിരപേക്ഷതയിലാണെന്നും അതു നിലനിൽക്കണമെന്നും അഭിപ്രായപ്പെട്ടു. അബ്ദുല്ലയുടെ കുടുംബാംഗങ്ങളും യാത്രയിൽ പങ്കെടുത്തു.

ക്രച്ചസിൽ സലാമെത്തി; രാഹുലിനെ നടന്നു കണ്ടു

10 കിലോമീറ്ററോളം ഭാരത് ജോഡോ യാത്രയിൽ ക്രച്ചസുമായി തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെപിഎ.സലിം രാഹുലിനെ നടന്നു കണ്ടു. പഞ്ചായത്ത് പ്രസിഡന്റാണെന്നു പറഞ്ഞപ്പോൾ രാഹുൽ ചോദിച്ചറിഞ്ഞതു രാജ്യത്തെ ഗ്രാമവികസന പദ്ധതികൾ ഇപ്പോൾ എങ്ങനെ നടക്കുന്നുവെന്നാണ്. ഒപ്പം കുടുംബവിവരങ്ങളും ചോദിച്ചറിഞ്ഞു. മുസ്‍ലിം ലീഗ് നേതാവായ സലിം ശാരീരിക അവശതകൾപോലും മറന്നാണു പഞ്ചായത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com