ADVERTISEMENT

പട്ടാമ്പി ∙ കോൺഗ്രസ് ഭാരത് ജോഡോ യാത്രയിൽ ആയിരങ്ങൾ അണി നിരന്നപ്പോൾ പട്ടാമ്പി ത്രിവർണക്കടലായി. ത്രിവർണ പതാകയുമായി ജാഥ നയിക്കുന്ന രാഹുൽ ഗാന്ധിക്കൊപ്പം ‍ ആയിരങ്ങൾ അണി നിരന്നതോടെ ജനപങ്കാളിത്തം സംഘാടകരെപോലും വിസ്മയിപ്പിച്ചു. ജോഡോ യാത്രയുടെ ജില്ലയിലെ പങ്കാളിത്തത്തിൽ നേതാക്കൾക്കെല്ലാം തികഞ്ഞ സംതൃപ്തി . കോൺഗ്രസ് പട്ടാമ്പി നിയോജകമണ്ഡലം കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയതെങ്കിലും ജാഥയിൽ തൃത്താല നിയോജകമണ്ഡലം കമ്മിറ്റിയും മികവ് തെളിയിച്ചതോ‍ടെ ജനപങ്കാളിത്തം കൂടി .

1. ഭാരത് ജോഡോ യാത്ര കാണാനെത്തിയ കുട്ടി ബാനറുമായി., 2 .ഭാരത് ജോഡോ യാത്ര കാണാനെത്തിയവർ.

നെന്മാറ, ചിറ്റുർ, മണ്ണാർക്കാട്, കോങ്ങാട്, ചെർപ്പുളശേരി,  ശ്രീകൃഷ്ണപുരം ഭാഗത്തുനിന്നുള്ള പ്രവർത്തകർ കൂടി പട്ടാമ്പിയിലെത്തിയതോടെ അത് നാടുകണ്ട ഏറ്റവും വലിയ ജാഥയായി. രാഹുൽ ഗാന്ധിയുടെ നടത്തത്തിന് വേഗം കൂടിയതോടെ ആഗ്രഹിച്ചത് പോലെ പ്രിയ നേതാവിനെ കാണാനായില്ലെന്നായിരുന്നു എല്ലാവരുടെയും പരാതി. പദയാത്ര പോകുന്ന വഴികളിൽ ‍ കിലേ‍ാമീറ്ററുകളോളം സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകൾ തടിച്ച് കൂടി.

ജയറാം രമേശ് വി.ടി. ബൽറാമിനെ‍ാപ്പം.

ത്രിവർണ പതാക കയ്യിലേന്തി ത്രിവർണ തൊപ്പികൾ ധരിച്ച് കോൺഗ്രസ് പ്രവർത്തകർ അച്ചടക്കത്തോടെ നടന്നു നീങ്ങുന്ന കാഴ്ചയെ ജയ് വിളികളോടെ  കാണാനെത്തിയവർ വരവേറ്റു. സുരക്ഷ സംവിധാനങ്ങൾ ശക്തമായതിനാൽ പലർക്കും പ്രതീക്ഷിച്ച പോലെ രാഹുൽഗാന്ധിയെ അടുത്ത് നിന്ന് കാണാനായില്ല. ജോഡോ യാത്രയിൽ പങ്കെടുക്കാനും ഒരുക്കങ്ങൾ ‍ വിലയിരുത്താനും പട്ടാമ്പിയിലെത്തിയ എഐസിസി നേതാക്കളടക്കം ഏറെ നേതാക്കളെ കാണാനും പരിചയപ്പെടാനും അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോൺഗ്രസ് പ്രാദേശിക നേതാക്കൾ.

എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ജയറാം രമേശ്, എംപിമാരായ കെ. മുരളീധരൻ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് , വി.കെ. ശ്രീകണ്ഠൻ എംപി, ജബി മേത്തർ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.സി.വിഷ്ണുനാഥ് എംഎൽഎ, കെപിസിസി വൈസ്പ്രസിഡന്റ് വി.ടി ബൽറാം, ഷാഫി പറമ്പിൽ എംഎൽഎ തുടങ്ങിയ നേതാക്കളെല്ലാം ഇന്നലെ രാവിലെ 10ന് പട്ടാമ്പിയിലെത്തി .വൈകിട്ട് 5ന് കൊപ്പത്തേക്ക് പുറപ്പെടും വരെ  ഇവരെല്ലാം പട്ടാമ്പിയിലുണ്ടായിരുന്നു.

ജോഡോ യാത്ര സ്വാഗതസംഘം ജില്ലാ ചെയർമാൻ, വി.കെ. ശ്രീകണ്ഠൻ എംപി, കൺവീനർ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, ജില്ലാ കോഓർഡിനേറ്റർ സി.വി. ബാലചന്ദ്രൻ, നിയോജകമണ്ഡലം സ്വാഗതസംഘം ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ, കൺവീനർമാരായ പട്ടാമ്പി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ആർ. നാരായണസ്വാമി, കൊപ്പം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.പി. രാമദാസ് എന്നിവരുടെ നേതൃത്വത്തിൽ പട്ടാമ്പി,തൃത്താല നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും  ബ്ലോക്കുകളിലെയും മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ  വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.

പാദമുറപ്പിച്ച് ചാണ്ടി ഉമ്മൻ

ഷൊർണൂർ∙ ഭാരത് ജോഡോ യാത്രയിൽ നിരത്തിൽ പാദമൂന്നി നടക്കാൻ ഉറച്ചു ചാണ്ടി ഉമ്മൻ. രാഹുൽഗാന്ധി നയിക്കുന്ന യാത്രയിലെ സ്ഥിരാംഗമായ ചാണ്ടി ചെരിപ്പ് ഒഴിവാക്കിയാണു നടക്കുന്നത്. ഇന്നലെ രാവിലെ 6.30നു ഷൊർണൂർ എസ്എംപി ജംക്‌ഷനിൽനിന്നു യാത്ര തുടങ്ങുമ്പോൾ തൊട്ടടുത്തു മയിൽവാഹനം കമ്യൂണിറ്റി ഹാളിൽ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ യാത്രയുടെ ഭാഗമായി ഒരുക്കിയ ചെസ് മത്സരത്തിന്റെ സംഘാടന ചുമതലയിലായിരുന്നു അദ്ദേഹം.

മത്സരം തുടങ്ങിയതോടെ യാത്രയിൽ ചേരാൻ ചാണ്ടി ഉമ്മൻ ഇറങ്ങി. വാഹനത്തിൽ കുളപ്പുള്ളിയിലോ ഓങ്ങല്ലൂരിലോ എത്താൻ മറ്റുള്ളവർ പറഞ്ഞപ്പോൾ ജോഡോ യാത്രയുടെ രീതി ഉപേക്ഷിക്കാൻ തയാറായില്ല. പിന്നീട്, ഷൊർണൂരിൽനിന്നു ചാണ്ടി ഉമ്മനും യൂത്ത് കോൺഗ്രസ് നേതാവ് പി.ഐ. ഷാനവാസ് ഉൾപ്പെടെയുള്ള സഹപ്രവർത്തകരുമായി പട്ടാമ്പിയിലേക്കു പദയാത്ര നടത്തി.

രാഹുൽ ഗാന്ധി ഇന്ത്യയെ പഠിക്കുന്നു: ജയറാം രമേഷ് 

പാലക്കാട് ∙ തുടർച്ചയായ 14 മണിക്കൂർ ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടു 15 മിനിറ്റു കൊണ്ട് മറുപടി നൽകിയാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. രാഹുൽ ഗാന്ധി ഇന്ത്യയെ പഠിക്കുകയാണ്. വിശ്രമ വേളകളിൽ പോലും ഓരോ ജനവിഭാഗത്തെ കാണാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനുമാണ് രാഹുൽ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 430 കിലോ മീറ്റർ പിന്നിട്ട യാത്ര ജനങ്ങൾ വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

ജനങ്ങളെ കാണാനും അവരുമായി നിരന്തരം സംസാരിക്കാനുമാണ് രാഹുൽ ശ്രമിക്കുന്നത്. കേരളത്തിൽ വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിലാണ് അട്ടപ്പാടി. കേന്ദ്ര ഗ്രാമവികസന മന്ത്രിയായിരുന്ന കാലത്ത് അട്ടപ്പാടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 500 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികളാണ് അട്ടപ്പാടിയിൽ നടപ്പാക്കിയത്. അട്ടപ്പാടിയിലേക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കരണമെന്നാണ് അവിടെ നിന്നുള്ള വാർത്തകൾ ഓർമിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിജയിച്ചത് കോൺഗ്രസിന്റെ ഒത്തൊരുമിച്ച പ്രവർത്തനം

ഭാരത് ജോഡോ യാത്ര വൻവിജയമായതിനു പിന്നിൽ കോൺഗ്രസ് നേതാക്കളുടെ ഒത്തൊരുമിച്ച പ്രവർത്തനം. വി.കെ.ശ്രീകണ്ഠൻ എംപി ചെയർമാനും ഡിസിസി പ്രസിഡന്റ് കെ.തങ്കപ്പൻ ജനറൽ കൺവീനറുമായി പ്രവർത്തിച്ച സ്വാഗത സംഘത്തിന്റെ പ്രവർത്തനം കുടുംബ യൂണിറ്റുകൾ തലം വരെ സജീവമായി.  ഷാഫി പറമ്പിൽ എംഎൽഎ, വി.ടി.ബൽറാം, മുൻ എംപി വി.എസ്.വിജയരാഘവൻ, സി.ചന്ദ്രൻ, സി.വി.ബാലചന്ദ്രൻ, കെ.എസ്.ബി.എ.തങ്ങൾ,സുമേഷ് അച്യുതൻ എന്നിവർ പൂർണ പിന്തുണയോടെ രംഗത്തെത്തി.

യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് തുടങ്ങി എല്ലാ പോഷക സംഘടനകളുടെയും സഹകരണവും ഉറപ്പാക്കി. രാവിലെ ആറു മണിക്ക് ഷൊർണൂരിൽ നിന്ന് ആരംഭിക്കാനാണു തീരുമാനിച്ചതെങ്കിലും ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നു പുലർച്ചെ നാലുമണിയോടെ തന്നെ എത്തിയവരുണ്ട്. ഷൊർണൂർ, പട്ടാമ്പി കൊപ്പം എന്നിവിടങ്ങളിലെ പ്രാദേശിക ഘടകങ്ങളുടെ പ്രവർത്തനവും മികച്ചു നിന്നു. കെപിസിസി ഭാരവാഹികൾ മുതൽ വാർഡ് ഭാരവാഹികൾ വരെ ഒരുമിച്ചു നിന്നു.

മുസ്‍ലിംലീഗ്, നാഷനൽ ജനതാദൾ, കേരള കോൺഗ്രസ്, സിഎംപി, ആർഎസ്പി പ്രവർത്തകരും ജാഥയ്ക്ക് അഭിവാദ്യമർപ്പിക്കാനെത്തിയിരുന്നു. ഭാരത് ജോഡോ യാത്ര ഉയർത്തിയ മുദ്രാവാക്യം ജനങ്ങൾ നെഞ്ചിലേറ്റിതതായി സ്വാഗതസംഘം ചെയർമാൻ വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു. രാഹുൽഗാന്ധിയുടെ ഓരോ ചുവടുകൾക്കുമൊപ്പം ആയിരങ്ങൾ ഒപ്പം ചേർന്നു. ഇനിയും മഹാത്ഭുതങ്ങൾ പാലക്കാടു നിന്നു തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com