ADVERTISEMENT

പാലക്കാട് ∙ സംഗീതം, നൃത്തം, സാഹിത്യം എന്നിവ കോർത്തിണക്കി സിബിഎസ്ഇ പാലക്കാട് ജില്ലാ കലോത്സവം ‘സങ്കൽപ് 2കെ22’നു ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിൽ വർണാഭമായ തുടക്കം. വിദ്യാർഥികളുടെ ചെണ്ടമേളം, ബാൻഡ്, ഘോഷയാത്ര തുടങ്ങി കലാപ്രകടനങ്ങളോടു കൂടിയാണു മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കലാ മാമാങ്കത്തിനു തിരശീല ഉയർന്നത്. സിബിഎസ്ഇ ജില്ലാ സഹോദയ പ്രസിഡന്റ് ഷാജി കെ.തയ്യിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

ഹൈസ്കൂൾ വിഭാഗം കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടിയ പത്തിരിപ്പാല മൗണ്ട് സീന എച്ച്എസ്എസ് വിദ്യാർഥികൾ.

സെന്റ് റാഫേൽസ് വൈസ് പ്രിൻസിപ്പൽ സന്ധ്യ തോമസ്, സെന്റ് റാഫേൽസ് മാനേജർ ഫാ. ജോഷി പുലിക്കോട്ടിൽ, പ്രിൻസിപ്പൽ ഡോ. സനിൽ ജോസ്, പിഡിഎസ്എസ്‌സി ട്രഷറർ പി.ഉണ്ണിക്കൃഷ്ണൻ, പിടിഎ ഭാരവാഹികളായ മിനി ബാബു, വിൽസൺ കരേറക്കാട്ടിൽ, ആർട്സ് സെക്രട്ടറി തന്മയ മനോജ്, അസിസ്റ്റന്റ് ആർട്സ് സെക്രട്ടറി ഗായത്രി സുരേഷ്, പിഡിഎസ്എസ്‌സി സിന്ധു ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു. തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, ഒപ്പന, ഇംഗ്ലിഷ് ഡ്രാമ, കോൽക്കളി, ദഫ്മുട്ട്, മാർഗംകളി, മൂകാഭിനയം തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങളും ഉപന്യാസം, ചിത്രരചന, പോസ്റ്റർ ഡിസൈൻ തുടങ്ങിയ രചനാ മത്സരങ്ങളിലുമായി 55 വേദികളിലായി 63 സ്കൂളുകളിൽ നിന്നായി 2526 കുട്ടികളാണ് ആദ്യ ദിവസം കലോത്സവ ഇനങ്ങളിൽ പങ്കെടുത്തത്. ഇന്നു കൂടുതലും സ്റ്റേജ് ഇനങ്ങളാണ്. 

ഹയർ സെക്കൻഡറി വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം പങ്കിട്ട പാലക്കാട് ലയൺസ് സ്കൂൾ.

എല്ലാരും Happy

പാലക്കാട് ∙ ‘വിദ്യാർഥികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, ഒപ്പനയ്ക്കു മത്സരിക്കുന്ന ഗ്രൂപ്പുകൾ സ്റ്റേജ് 17 മെഹബൂബി‍ൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്’.. നീണ്ട ഇടവേളയ്ക്കു ശേഷം മൈക്കിലൂടെയുള്ള ആ അനൗൺസ്മെന്റ് കേട്ടതും അണിഞ്ഞൊരുങ്ങിയ മണവാട്ടികളുടെ നേതൃത്വത്തിൽ സ്റ്റേജിലേക്കു നീങ്ങുന്ന മുഖങ്ങളിൽ ആഹ്ലാദച്ചിരി. മേക്കപ്പ് ഒലിച്ചുപോകാതിരിക്കാൻ പലരും തുണികൊണ്ടു പാതി മുഖം മറച്ചിട്ടുണ്ടെങ്കിലും ആരെങ്കിലും നോക്കുന്നുണ്ടോയെന്നു മത്സരാർഥികൾ ഇടംകണ്ണിട്ടു നോക്കുന്നതു കാണികളും ആസ്വദിച്ചു.

ഹൈസ്കൂൾ വിഭാഗം തിരുവാതിരയിൽ ഒന്നാം സ്ഥാനം : എലപ്പുള്ളി നീലഗിരി പബ്ലിക് സ്കൂൾ.

കോവിഡ് വ്യാപനം കാരണം മൂന്നു വർഷമായി നടത്താതിരുന്ന കലോത്സവം തിരിച്ചെത്തിയത് ആഘോഷമാക്കുകയാണു വിദ്യാർഥികൾ. മൂന്നു ദിവസം കുട്ടികളുടെ കലാവിരുന്നു കാണാൻ ആവേശത്തിൽ രക്ഷിതാക്കളും അധ്യാപകരും. മത്സരം തുടങ്ങുന്നതിനു മുൻപു വേഷമിട്ടുള്ള റിഹേഴ്സൽ, അതു കാണാനായി ജനാലയുടെയും വാതിലുകളുടെയും ഇടയിലൂടെ ഒളിഞ്ഞു നോക്കുന്ന മറ്റു വിദ്യാർഥികളെ മാറ്റുന്ന വൊളന്റിയർമാർ... പതിവു കലോത്സവക്കാഴ്ചകൾ കൂടിയാകുമ്പോൾ അന്തരീക്ഷം കൂടുതൽ മനോഹരവും ആവേശജനകവുമാകുന്നു.

ഇടവേളയ്ക്കു ശേഷം കലോത്സവത്തിനു തിരശീല ഉയരുമ്പോൾ ഇതുമായി ബന്ധപ്പെട്ട വിവിധ മേഖലകളും പുത്തനുണർവിലാണ്. നർത്തകർക്കു വാടകയ്ക്ക് വസ്ത്രങ്ങൾ നൽകുന്നവർ, മേക്കപ്പ് ആർട്ടിസ്റ്റുകൾ, കലാ പരിശീലകർ, ഗാനങ്ങൾ ചിട്ടപ്പെടുത്തി സിഡി തയാറാക്കുന്നവർ, ഫാൻസി ഷോപ്പുകൾ തുടങ്ങി സമസ്ത മേഖലകളിലും കലാമേളകൾ ഉണർവേകും. സഹോദയ സ്കൂൾ കലോത്സവത്തോടെ ജില്ലയിലെ മറ്റു സ്കൂൾ മേളകളും തുടങ്ങും. കലാ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടും വേദി കിട്ടാത്തതിന്റെ സങ്കടവും ഇതോടെ മാറും.

അടുത്ത മാസത്തോടെ ഉപജില്ലാ, ജില്ലാ സ്കൂൾ കലോത്സവങ്ങൾ നടക്കും. കുട്ടികൾക്കു കൂടുതൽ ഉന്മേഷമുണ്ടാക്കുമെന്നതിനാൽ അധ്യാപകർക്കും കലോത്സവം തിരിച്ചു  വരുന്നതിൽ ആവേശമാണ്.  ഒപ്പന, മാർഗംകളി, തിരുവാതിര, സംഘനൃത്തം തുടങ്ങിയവയ്ക്കെല്ലാം പല സ്കൂളുകളും  പരിശീലനം ആരംഭിച്ചു കഴിഞ്ഞു. കോവിഡിനു ശേഷം നൃത്ത, സംഗീത വാദ്യോപകരണങ്ങളിൽ മാത്രമേ പരിശീലനം നടക്കുന്നുണ്ടായിരുന്നുള്ളൂ. കലോത്സവം വരുന്നതോടെ മിമിക്രി, മോണോ ആക്ട്, മൈം, നാടകം തുടങ്ങിയവ പരിശീലിപ്പിക്കുന്നവർക്കും വരുമാനമാകും. കലോത്സവംകൊണ്ട് ഉപജീവനം നടത്തുന്ന ഒട്ടേറെ കലാകാരന്മാർക്കു കൂടിയാണു ജീവിതം തിരികെ കിട്ടുന്നത്. 

ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂൾ മുന്നിൽ

ആദ്യ ദിവസം 60 മത്സര ഇനങ്ങൾ പൂർത്തിയായപ്പോൾ ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോൺവന്റ് ഇംഗ്ലിഷ് മീഡിയം സ്കൂൾ 272 പോയിന്റുമായി ഒന്നാമതെത്തി. 198 പോയിന്റുമായി പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്കൂളും 167 പോയിന്റുമായി പട്ടാമ്പി എംഇഎസ് ഇന്റർനാഷനൽ സ്കൂളുമാണു തൊട്ടുപിന്നിൽ. പാലക്കാട് ലയൺസ് സ്കൂളും(163) ചെർപ്പുളശ്ശേരി ശബരി സെൻട്രൽ സ്കൂളും(133) കടുത്ത മത്സരവുമായി പിന്നാലെയുണ്ട്.

ആദ്യദിനം Colorful; താളം പിഴയ്ക്കാതെ തിരുവാതിര

പാലക്കാട് ∙ സഹോദയ സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിവസത്തിൽ ആസ്വാദകരുടെ മനം കവർന്നതു തിരുവാതിരച്ചുവടുകളായിരുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ മാത്രം 15 ടീമുകൾ മാറ്റുരച്ചു. 3 വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ കലോത്സവം കളർഫുള്ളാക്കാൻ അണിഞ്ഞൊരുങ്ങിയാണു മുഴുവൻ ടീമുകളും എത്തിയത്. നിറഞ്ഞ വേദിയിലായിരുന്നു മത്സരങ്ങളെല്ലാം. ഏറ്റവും കൂടുതൽ കാണികളുണ്ടായിരുന്നതും തിരുവാതിര വേദിയിൽ തന്നെ. എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനം നടത്തിയപ്പോൾ വിധികർത്താക്കൾ കൺഫ്യൂഷനിലായി. ഒടുവിൽ ഹൈസ്കൂൾ വിഭാഗത്തിൽ മികച്ചു നിന്ന 2 ടീമുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. എലപ്പുള്ളി നീലഗിരി പബ്ലിക് സ്കൂളും ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളുമാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com