ADVERTISEMENT

മണ്ണാർക്കാട്  ∙ അട്ടപ്പാടി മധു വധക്കേസിൽ ഇന്നലെ വിസ്തരിച്ച അഞ്ചു സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കണ്ണു പരിശോധനയ്ക്കു വിധേയനായ സാക്ഷിക്കെതിരെ നടപടി സ്വീകരിക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി. വിധി പറയുന്നത് 29ലേക്കു മാറ്റി. വനംവകുപ്പ് എടുത്ത കേസും പരിഗണിച്ചു. 69 മുതൽ 74 വരെയുള്ള സാക്ഷികളെയാണ് ഇന്നലെ വിളിപ്പിച്ചത്.

സീൻ പ്ലാൻ തയാറാക്കിയ 69ാം സാക്ഷി കള്ളമല വില്ലേജ് അസിസ്റ്റന്റ് ആർ.രമേഷ്, സീൻ പ്ലാൻ പരിശോധിച്ചു കൗണ്ടർ സൈൻ ചെയ്ത 70ാം സാക്ഷി കള്ളമല വില്ലേജ് ഓഫിസറായിരുന്ന രഘുനാഥ്, കൃത്യം നടന്ന സ്ഥലത്തിന്റെ സീൻ പ്ലാൻ തയാറാക്കിയ 71ാം സാക്ഷി പാടവയൽ സ്പെഷൽ വില്ലേജ് ഓഫിസർ ബർണഡിറ്റ് മാനു‌വൽ, 72ാം സാക്ഷിയും ആറാം പ്രതി അബൂബക്കറിനു ജാതി സർട്ടിഫിക്കറ്റ് നൽകിയ പാലക്കയം വില്ലേജ് ഓഫിസറുമായ‍ കെ.ടി.ജോസഫ്, മധുവിനു ജാതി സർട്ടിഫിക്കറ്റ് നൽകാനുള്ള റിപ്പോർട്ട് നൽകിയ 73ാം സാക്ഷിയും മണ്ണാർക്കാട് ഭൂരേഖാ താഹസിൽദാറുമായിരുന്ന കൃഷ്ണകുമാർ എന്നിവർ അനുകൂല മൊഴി നൽകി.

കാൾ ഡീറ്റെയ്ല്‍ റെക്കോർഡ് (സിഡിആർ) പകർപ്പുകളും സർട്ടിഫിക്കറ്റുകളും നൽകിയ സ്വകാര്യ മൊബൈൽ കമ്പനി നോഡൽ ഓഫിസറായിരുന്ന 74ാം സാക്ഷി ഷാഹിൻ കോമത്ത് ഹാജരായില്ല.  അതേസമയം, കണ്ണു പരിശോധനയ്ക്കു വിധേയനായ സാക്ഷി സുനിൽകുമാറിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷന്റെ ഹർജിക്കെതിരെ സുനിൽകുമാർ കൗണ്ടർ ഹർജി നൽകി. ഈ ഹർജികളിൽ വാദം കേട്ടു വിധി പറയുന്നത് 29ലേക്കു മാറ്റി.

കോടതി നടപടികൾ റെക്കോർഡ് ചെയ്യണമെന്ന ഹർജിയിലും കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യം തന്റേതല്ലെന്നു പറഞ്ഞ സാക്ഷി അബ്ദുൽ ലത്തീഫിന്റെ ദൃശ്യങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന ഹർജിയിലും വിധി 29ന് ഉണ്ടാകുമെന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ പറഞ്ഞു. പ്രതികൾ വനത്തിൽ അതിക്രമിച്ചു കയറിയെന്ന കേസ് പരിഗണിക്കുന്നത് ഒക്ടോബർ പത്തിലേക്കു മണ്ണാർക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മാറ്റി. മധു വധക്കേസ് പ്രതിപ്പട്ടികയിലുള്ള മരയ്ക്കാർ, ഷംസുദ്ദീൻ, അബൂബക്കർ, സിദ്ദീഖ്, ഉബൈദ്, നജീബ്, ജൈജു മോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു എന്നിവരാണു വനംവകുപ്പിന്റെ കേസിലെ പ്രതികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com