ADVERTISEMENT

മുതലമട ∙ പറമ്പിക്കുളം അണക്കെട്ടിൽ നിന്നുള്ള ജലമൊഴുക്കിന്റെ വേഗത കുറഞ്ഞതോടെ ജലനിരപ്പ് താഴാൻ സമയമെടുക്കുന്നു. ഇന്നലെ വൈകിട്ട് 6 മണിയുടെ കണക്ക് അനുസരിച്ചു 2850 ക്യുസെക്സ് വെള്ളം മാത്രമാണു പുറത്തേക്ക് ഒഴുകുന്നത്. നിലവിൽ 1805.38 അടി വെള്ളം ഡാമിലുണ്ട്. ഷട്ടർ നിരപ്പിൽ എത്താൻ ഇനിയും 7.38 അടി വെള്ളം ഒഴുകി പോകണം.  ജലമൊഴുക്കിന്റെ വേഗത കുറഞ്ഞ സാഹചര്യത്തിൽ 1798 അടിക്കു മുകളിൽ അവശേഷിക്കുന്ന വെള്ളം ഒഴുകി തീരാൻ 4 ദിവസത്തിലധികം എടുക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

1798 അടിയിൽ എത്തിയാലേ തകർന്ന ഷട്ടർ പുനഃസ്ഥാപിക്കാൻ കഴിയൂ. തകർന്ന നടുവിലെ ഷട്ടറിന്റെ ചങ്ങല‍ നീക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ തമിഴ്നാട് പറമ്പിക്കുളത്തു നടത്തുന്നുണ്ട്. ഇതു കൂടാതെ തിരുച്ചിറപ്പള്ളിയിൽ പുതിയ ഷട്ടറിന്റെ നിർമാണവും ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്. ഒക്ടോബർ 25നകം പുതിയ ഷട്ടർ സ്ഥാപിക്കാനാണു തമിഴ്നാട് ശ്രമം നടത്തുന്നത്. ഇതിനായി 27 അടി ഉയരമുള്ള ഷട്ടർ, പൊട്ടിപ്പോയ ബീമിനു പകരമുള്ള ബീം, അതിനെ ബന്ധിപ്പിക്കുന്ന ചങ്ങല എന്നിവ നിർമിക്കണം. 

 പറമ്പിക്കുളം അണക്കെട്ടിലെ വെള്ളത്തെ ആശ്രയിച്ചു കൃഷി ചെയ്യുന്ന ആളിയാർ, തിരുമൂർത്തി അണക്കെട്ടു പരിധിയിലെ കർഷകർ ഷട്ടർ നിർമാണം വേഗത്തിൽ പൂർത്തിയാക്കി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു സമ്മർദം ചെലുത്തുന്നുണ്ട്. 

ജലക്രമീകരണ യോഗം: അനിശ്ചിതത്വം തുടരുന്നു 

പറമ്പിക്കുളം-ആളിയാർ സംയുക്ത ജലക്രമീകരണ ബോർഡ് യോഗം ചേരുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ബോർഡ് യോഗം അടിയന്തരമായി ചേരണമെന്ന കേരളം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തമിഴ്നാട്  സമയം നൽകാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. പറമ്പിക്കുളം ഷട്ടർ തകർച്ചയുടെ പശ്ചാത്തലത്തിൽ ഓൺലൈനായി യോഗം ചേരാനാണു ലക്ഷ്യമിടുന്നത്. 

എന്നാൽ എന്നു ചേരുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നു സംയുക്ത ജലക്രമീകരണ ബോർഡ് ചെയർപേഴ്സൺ പി.ശ്രീദേവി പറഞ്ഞു.

പറമ്പിക്കുളം ‍ഡാം ഷട്ടറുകൾ പുനർനിർമിക്കണം: വി.ചാമുണ്ണി

പറമ്പിക്കുളം ‍ഡാമിന്റെ തകർന്ന ഷട്ടറുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിക്കാൻ നടപടി വേണമെന്നു കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ചാമുണ്ണി ആവശ്യപ്പെട്ടു. തുലാവർഷം ആരംഭിക്കുന്നതിനാൽ  വെള്ളം സംഭരിക്കാൻ പറ്റാത്ത അവസ്ഥ വരും. ഇതു ചിറ്റൂർ അടക്കമുള്ള കിഴക്കൻ മേഖലയിലെ രണ്ടാംവിളയെ പ്രതികൂലമായി ബാധിക്കുമെന്നും ഡാം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. തമിഴ്നാട് ജലസേചന വിഭാഗം ഉദ്യോഗസ്ഥരുമായും വിഷയം ചർച്ച ചെയ്തു. 

20 ദിവസത്തിനകം ഷട്ടർ മാറ്റി സ്ഥാപിക്കുന്നതിനുള്ള ശ്രമം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെന്നും ചാമുണ്ണി പറഞ്ഞു. കിസാൻസഭ ജില്ലാ പ്രസിഡന്റ് എ.എസ്.ശിവദാസ്, സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി, ആനമാറി ചന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com