ADVERTISEMENT

പാലക്കാട് ∙ കോവിഡ് ബാധിച്ച, രണ്ടര വയസ്സുള്ള പെൺകുഞ്ഞിനു ചികിത്സ തേടി ആശുപത്രികൾ തോറും അമ്മയുടെ നെട്ടോട്ടം. ഇന്നലെ പുലർച്ചെ തുടങ്ങിയ ഓട്ടത്തിനൊടുവിൽ, ഒലവക്കോട്ടു നിന്നുള്ള കുട്ടിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്.കോവിഡ് സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രി കയ്യൊഴിഞ്ഞു. ജില്ലാ വനിതാ ശിശു ആശുപത്രിയിലെത്തിക്കാനായിരുന്നു നിർദേശം. അവിടെ എത്തിച്ചപ്പോൾ പ്രസവത്തിരക്കു കാരണം കുഞ്ഞിനെ തൃശൂരിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ഒട്ടേറെ ആശുപത്രികളിൽ വിളിച്ച് അന്വേഷിച്ചെങ്കിലും എവിടെയും പ്രവേശനം കിട്ടിയില്ല. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ബന്ധപ്പെട്ടപ്പോൾ കുഞ്ഞിനെ എത്തിക്കാൻ നി‍ർദേശിച്ചു. തുടർന്ന് ഒലവക്കോടുള്ള അമ്മയെയും കുഞ്ഞിനെയും ബന്ധുക്കൾ ഒറ്റപ്പാലത്തെത്തിച്ചു. കുഞ്ഞു ചികിത്സയിലാണ്.

കോവിഡ് ബാധിതരോട് മുഖംതിരിച്ച് സ്വകാര്യ ആശുപത്രികൾ

പാലക്കാട് ∙ ആശുപത്രികൾ കയ്യൊഴിഞ്ഞു തുടങ്ങിയതോടെ ചികിത്സ കിട്ടാതെ കോവിഡ് ബാധിതർ. സ്വകാര്യ ആശുപത്രികളി‍ൽ കോവിഡ് ബാധിതരെ ചികിത്സയ്ക്കു പ്രവേശിപ്പിക്കുന്നില്ലെന്നാണു പരാതി. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാൽ ഉടൻ ജില്ലാ ആശുപത്രിയിലേക്കു പറഞ്ഞു വിടുകയാണ്. അതേസമയം ചില സ്വകാര്യ ആശുപത്രികൾ കോവിഡ് ബാധിതർക്കു കൃത്യമായ ചികിത്സ നൽകുന്നുമുണ്ട്.

തീവ്ര ചികിത്സ ആവശ്യമായ കോവിഡ് ബാധിതർക്കായി ജില്ലാ ആശുപത്രിയിൽ 6 മുതൽ 8 വരെ കിടക്കകൾ നീക്കിവച്ചിട്ടുണ്ട്. 

ഇതിൽക്കൂടുതൽ കിടക്കകൾ നീക്കിവയ്ക്കാനാകാത്ത സ്ഥിതിയാണ്. ജില്ലാ വനിതാ ശിശു ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണം ഉയർന്നതോടെ കോവിഡ് വാർഡ് സാധാരണ വാർഡ് ആക്കേണ്ടി വന്നു.വിദഗ്ധ ചികിത്സ ആവശ്യമുള്ള കോവിഡ് ബാധിതരെ സർക്കാർ ആശുപത്രികളി‍ൽ പ്രവേശിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.പി.റീത്ത അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരിൽ കോവിഡ് സ്ഥിരീകരിക്കുന്നവരെ അവിടെത്തന്നെ ചികിത്സിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ഇത്തരം പ്രശ്നങ്ങൾ കലക്ടറുടെ ശ്രദ്ധയിൽപെടുത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com