ADVERTISEMENT

മണ്ണാർക്കാട് ∙ മധു വധക്കേസിലെ ഡിജിറ്റൽ തെളിവുകൾ അടങ്ങിയ പെൻഡ്രൈവിലെ ദൃശ്യങ്ങൾ സ്വന്തം ലാപ്ടോപിലേക്കു പകർത്തി പ്രദർശിപ്പിച്ച പൊലീസുകാരനെ കോടതി ശാസിച്ചു. സിവിൽ പൊലീസ് ഓഫിസർ കെ.വിനുവിന്റെ ലാപ്ടോപ് പിടിച്ചെടുത്തു. കണ്ണു പരിശോധനയ്ക്കു വിധേയനായ സാക്ഷി സുനിൽകുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിൽ പട്ടികജാതി, പട്ടികവർഗ പ്രത്യേക കോടതി അന്വേഷണ ഉദ്യോഗസ്ഥനായ അഗളി മുൻ ഡിവൈഎസ്പി ടി.കെ.സുബ്രഹ്മണ്യനെ വിളിപ്പിച്ചിരുന്നു. 

സുനിൽകുമാർ കാണാൻ കഴിയുന്നില്ലെന്നു പറഞ്ഞ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനെ കാണിക്കാനായി പ്രോസിക്യൂഷൻ നൽകിയ പെൻഡ്രൈവ്, കോടതിയിൽ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്വന്തം ലാപ്ടോപ്പിലേക്കു പകർത്തി പ്രദർശിപ്പിച്ചു. ഇതു ചോദ്യം ചെയ്ത സുനിൽകുമാറിന്റെ അഭിഭാഷകൻ എസ്.ശ്രീനാഥ് സാക്ഷി വിസ്താരത്തിനിടെ കാണിച്ച ദൃശ്യങ്ങളല്ല ഇന്നലെ കോടതിയിൽ പ്രദർശിപ്പിച്ചതെന്നും ലാപ് ടോപ്പിൽ നേരത്തെ സേവ് ചെയ്തവയാണെന്നും പെൻഡ്രൈവ് കംപ്യൂട്ടറിൽ കണക്ട് ചെയ്തിട്ടില്ലെന്നും വാദിച്ചു.

ഇതേത്തുടർന്നാണു കോടതി വിനുവിനെ ശാസിച്ചത്. പെൻഡ്രൈവിൽ നിന്നു നേരിട്ടു പ്രദർശിപ്പിക്കുമ്പോൾ താമസം വരുമെന്നും ഇടയ്ക്കു നിന്നുപോകുമെന്നും അതിനാലാണു പകർത്തിയതെന്നും പൊലീസുകാരൻ കോടതിയെ അറിയിച്ചു. ഇത് ആവർത്തിക്കരുതെന്നും കേസ് തീരുന്നതു വരെ ലാപ്ടോപ് കോടതിയിൽ സൂക്ഷിക്കാനും ജഡ്ജി നിർദേശം നൽകി. ഇതുവരെ കോടതിയിൽ പ്രദർശിപ്പിച്ച ഡിജിറ്റൽ തെളിവുകളെല്ലാം ഇത്തരത്തിലുള്ളതാണെന്നും പരിഗണിക്കരുതെന്നും പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു.ഇതിനിടെ, ഇന്നലെ 2 സാക്ഷികൾ കൂടി പ്രോസിക്യൂഷന് അനുകൂലമൊഴി നൽകി. 85ാം സാക്ഷി മുക്കാലി ഡപ്യൂട്ടി റേഞ്ച് ഓഫിസറായിരുന്ന സി.സുമേഷ്, 91-ാം സാക്ഷി നിജാമുദ്ദീൻ എന്നിവരാണ് അനുകൂലമൊഴി നൽകിയത്.

സുനിൽകുമാറിനെതിരായ ഹർജി പരിഗണിക്കുന്നതു മൂന്നിലേക്കു മാറ്റി. സ്വന്തം ദൃശ്യം കോടതിയിൽ പ്രദർശിച്ചപ്പോൾ അതു തന്റേതല്ലെന്നു പറഞ്ഞ അബ്ദുൽ ലത്തീഫിന്റെ ദൃശ്യങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി പരിഗണിച്ച് അബ്ദുൽ ലത്തീഫിനോടു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. അബ്ദുൽ ലത്തീഫ് കോടതി പരിസരത്ത് എത്തിയെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com