ADVERTISEMENT

പാലക്കാട് ∙ നടപ്പു സീസണിലെ നെല്ലു സംഭരണത്തിന് സപ്ലൈകോയും മില്ലുകാരുമായുള്ള പുതിയ കരാർ ഇന്നു നിലവിൽ വരേണ്ടതാണെങ്കിലും ഇതുവരെ ഒരു അരിമിൽ മാത്രമാണ് നെല്ലെടുപ്പിനു തയാറായി വന്നിട്ടുള്ളത്. സ്വകാര്യ മില്ലുകാരുടെ സംഘടനയിൽ ഉൾപ്പെടാത്ത മില്ലാണ് സപ്ലൈകോയെ സമീപിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണിൽ 54 മില്ലുകാരാണ് നെല്ലെടുപ്പു രംഗത്തുണ്ടായിരുന്നത്. ഒക്ടോബർ ഒന്നു മുതൽ അടുത്ത വർഷം സെപ്റ്റംബർ 30 വരെയാണ് ഒരു നെല്ലെടുപ്പു സീസൺ കാലാവധി.

ഇതിൽ ഒന്നും രണ്ടും വിളകളും പുഞ്ചക്കൃഷിയും ഉൾപ്പെടും.തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചാൽ മാത്രമേ നെല്ലെടുക്കൂ എന്നും ഇല്ലെങ്കിൽ സംഭരണത്തിൽ നിന്നു പൂർണമായും പിൻവാങ്ങുമെന്നുമാണ് അരിമില്ലുകാരുടെ സംഘടന അറിയിച്ചിട്ടുള്ളത്. സംഘടനയുടെ ആവശ്യങ്ങൾ സംബന്ധിച്ച് മന്ത്രി തലത്തിൽ 2 തവണ ചർച്ച നടത്തിയെങ്കിലും ധാരണയായില്ല. വീണ്ടും ചർച്ച നടത്തുന്നതിന്റെ സാധ്യത അടഞ്ഞിട്ടില്ല. ചർച്ചയിലൂടെ ധാരണയിലെത്തി മില്ലുകാർ നെല്ലെടുപ്പിനു തയാറാകുമെന്ന പ്രതീക്ഷയിലാണു സപ്ലൈകോ.

കൂടുതൽ സ്ഥലത്ത്കൊയ്ത്തായി

ജില്ലയിൽ കൂടുതൽ പാടശേഖരങ്ങളിൽ കൊയ്ത്തായെങ്കിലും നെല്ലെടുപ്പിലെ അനിശ്ചിതത്വത്തിൽ‌ ആശങ്ക കനക്കുന്നു. ചിറ്റൂർ, ആലത്തൂർ, പാലക്കാട് താലൂക്കുകളിലടക്കം കൊയ്ത്ത് സജീവമായിത്തുടങ്ങി. ഒരാഴ്ച കൂടി കഴിയുന്നതോടെ കൊയ്ത്തു പൂർണതോതിലാകും. മഴ വിട്ടുനിൽക്കുന്നതാണ് കൃഷിക്കാർക്കുള്ള ഏക ആശ്വാസം. നിലവിൽ നെല്ല് ഉണക്കാൻ സാധിക്കുന്നുണ്ട്. അതേസമയം മഴഭീഷണിയും നിലനിൽക്കുന്നു. മഴ പുനരാരംഭിച്ചാൽ കൊയ്തെടുത്ത നെല്ല് എന്തു ചെയ്യുമെന്നു കൃഷിക്കാർക്കറിയില്ല.

സംഭരണം വൈകിച്ചു, ഏജന്റുമാർക്കു ചാകര

ചിറ്റൂർ ∙ സംഭരണം വൈകുന്നതിനു സർക്കാർ മില്ലുകാരെയും അവർ തിരിച്ചും കുറ്റപ്പെടുത്തുമ്പോൾ നേട്ടമുണ്ടാക്കുന്നത് സ്വകാര്യ ഏജന്റുമാരാണ്. നഷ്ടം കർഷകനു മാത്രവും.മു‍ഞ്ഞയും ഓലകരിച്ചിലും ബാധിച്ചു തുടങ്ങിയ നെൽപാടങ്ങൾ‌ പച്ചപ്പു മാറും മുൻപ് തന്നെ യന്ത്രമുപയോഗിച്ച് കൊയ്തെടുക്കുകയാണ്. വിളവെടുപ്പ് ആരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും സപ്ലൈകോ മുഖേനയുള്ള നെല്ലു സംഭരണത്തിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ കർഷകരെ തേടി സ്വകാര്യ മില്ലുകളുടെ ഏജന്റുമാർ എത്തിത്തുടങ്ങി. കിലോഗ്രാമിനു 28 രൂപയിലധികം താങ്ങുവിലയുള്ള നെല്ലിന് ഇവർ ഇപ്പോൾ പറയുന്നത് 18 മുതൽ 22 രൂപയ്ക്കു വരെയാണ്.

അതും ഉണക്കി നൽകണം. കയ്യോടെ പണം നൽകാൻ ഏജന്റുമാർ തയാറാണെന്നു കൂടി പറയുന്നതോടെ ചില കർഷകരെങ്കിലും ഈ ചൂഷണത്തിൽ വീണുപോകുന്ന സ്ഥിതിയാണ്. ഓലകരിച്ചിലും മുഞ്ഞയും ബാധിച്ച നെൽപാടങ്ങളാണ് ഇപ്പോൾ വ്യാപകമായി കൊയ്തെടുക്കുന്നത്. രോഗം ബാധിച്ചതിനാൽ വിളവ് ഗണ്യമായി കുറ‍ഞ്ഞിട്ടുണ്ട്. ബാക്കിയുള്ളത് നശിക്കും മുൻപ് കൊയ്തെടുക്കുകയാണ് കർഷകർ. മിക്ക കർഷകർക്കും നെല്ല് സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാലാണ് സ്വകാര്യ മില്ലുകാർ ചൂഷണം ചെയ്യുന്നത്.

സപ്ലൈകോ മുഖേനയുള്ള നെല്ല് സംഭരണം അനിശ്ചിതത്വത്തിലായ സാഹചര്യം സ്വകാര്യ മില്ലുടമകൾ വരും ദിവസങ്ങളിലും മുതലെടുത്ത് കൂടുതൽ കർഷകരെ ചൂഷണത്തിനിരയാക്കും. ഇത്തരത്തിൽ കുറഞ്ഞ വിലയ്ക്ക് സംഭരിക്കുന്ന നെല്ല് മില്ലുകളിൽ സൂക്ഷിച്ച് മില്ലുകാരുമായി അടുപ്പമുള്ള കർഷകരുടെ പേരിൽ പിന്നീട് സപ്ലൈകോയ്ക്ക് അളക്കുന്ന പതിവാണുള്ളത്. മുൻ കാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നു കുറഞ്ഞ വിലയ്ക്ക് നെല്ലു വാങ്ങി സപ്ലൈകോയ്ക്ക് അളക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു. നെല്ല് സംഭരണം വൈകിപ്പിക്കുന്നതു വഴി ചൂഷണത്തിന് സർക്കാർ തന്നെ വഴിവച്ചു കൊടുക്കുകയാണ് ചെയ്യുന്നതെന്ന് കർഷകർ ആരോപിച്ചു.

ഓലകരിച്ചിൽ: നഷ്ടപരിഹാരം നൽകും

പാലക്കാട് ∙ ഓലകരിച്ചിൽ പ്രദേശങ്ങളിൽ വിദഗ്ധ സമിതി നിർദേശപ്രകാരം മരുന്നു തെളിച്ചിട്ടും 50 ശതമാനത്തിൽ കൂടുതൽ നഷ്ടം സംഭവിച്ച നെൽക്കർഷകർക്കു നഷ്ടപരിഹാരം നൽകുമെന്നു കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. ജില്ലയിൽ പച്ചത്തേങ്ങ സംഭരണം 13 വിഎഫ്പിസികെകളിലൂടെ നടന്നു വരികയാണെന്നും നെല്ലിനു പുറമേ അട്ടപ്പാടിയിൽ ധാന്യവിളകൾ 60 രൂപ നിരക്കിൽ സംഭരിക്കുന്നുണ്ടെന്നും കൊപ്ര സംഭരണം ഉടൻ ആരംഭിക്കുമെന്നും പ്രിൻസിപ്പൽ കൃഷി ഓഫിസർ പറഞ്ഞു. ഒരു ജില്ല ഒരു വിള പദ്ധതിയിൽ ജില്ലയിൽ വാഴക്കൃഷിക്കു പകരം നെല്ലാക്കി മാറ്റുന്നതിനു നടപടി സ്വീകരിക്കണമെന്ന് എ.പ്രഭാകരൻ എംഎൽഎ ആവശ്യപ്പെട്ടു.

നിയന്ത്രിത അളവിൽ ജലസേചനം ഇന്നു മുതൽ 

പാലക്കാട് ∙ കൃഷി ആവശ്യത്തിനായി മലമ്പുഴ ഡാം ജലസേചന പദ്ധതിയുടെ ഇടതു കര കനാൽ വഴിയും  പോത്തുണ്ടി പദ്ധതിയുടെ വലതുകര കനാൽ വഴിയും ഇന്നു മുതൽ നിയന്ത്രിത അളവിൽ ജലം തുറന്നുവിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ഡി.അനിൽകുമാർ അറിയിച്ചു. മലമ്പുഴ ഇടതുകനാലിന്റെ ആയക്കെട്ടു പ്രദേശങ്ങളായ പല്ലശ്ശന, പല്ലാവൂർ ഭാഗങ്ങളിലെ പാടശേഖരങ്ങളിൽ കൃഷി ഉണക്കു ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഡാം തുറന്നു കനാൽ വഴി വെള്ളം ലഭ്യമാക്കുന്നത്. പോത്തുണ്ടി പദ്ധതിക്കു കീഴിൽ വലതുകര കനാലിന്റെ വിത്തിനശ്ശേരി, വല്ലങ്ങി ബ്രാഞ്ചുകളിൽ കതിരണിഞ്ഞ പാടശേഖരങ്ങളും ഉണക്ക ഭീഷണിയിലാണ്. ഇതേത്തുടർന്നാണു ജലസേചനം.

‘കൃഷി ഓഫിസർമാർ ഇല്ലെങ്കിലും സേവനം മുടങ്ങില്ല’ 

പാലക്കാട് ∙ കൃഷി ഓഫിസർ ഇല്ലെന്ന കാരണത്താൽ കാർഷികാവശ്യവുമായി ബന്ധപ്പെട്ടുവരുന്ന കർഷകർക്ക് ഒരു ബുദ്ധിമുട്ടും ജില്ലയിൽ ഇല്ലെന്ന് അഗ്രികൾചറൽ അസിസ്റ്റന്റ് അസോസിയേഷൻ കേരള ജില്ലാ കമ്മിറ്റി അറിയിച്ചു. ഓഫിസർ ഉള്ള കൃഷിഭവനിലെ പ്രവർത്തനങ്ങൾ എങ്ങനെയാണോ അതുപോലെയോ അതിനെക്കാൾ മെച്ചപ്പെട്ട രീതിയിലോ കൊണ്ടുപോകാൻ ഓഫിസുകളിലെ കൃഷി അസിസ്റ്റന്റ്, അസിസ്റ്റന്റ് കൃഷി ഓഫിസർ എന്നിവരുടെ സേവനം മൂലം നടക്കുന്നു. ഇവരാണ് അടിത്തട്ടിലിറങ്ങി കാർഷിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതെന്നും ജില്ലാ പ്രസിഡന്റ് എസ്.ഷാജി, സെക്രട്ടറി എം.ദിനു, ട്രഷറർ എൻ.പരമേശ്വരൻ എന്നിവർ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com