മധു വധക്കേസ്: ഒരാൾ കൂടി കൂറുമാറി; ജാമ്യവാദം നാളെ തുടരും

Mail This Article
മണ്ണാർക്കാട്∙ അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വീണ്ടും വാദം കേൾക്കും. മുഴുവൻ സാക്ഷികളെയും വിസ്തരിക്കുന്നതു വരെ പ്രതികളെ ജയിലിൽ അടയ്ക്കാനാവില്ലെന്നു പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. അതേ സമയം, ഇന്നലെ ഒരു സാക്ഷി കൂടി കൂറുമാറി. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചവർ ഇനി നന്നായിക്കൊള്ളാം എന്നു പറയുന്നതിലെ ആത്മാർഥതയിൽ സംശയമുണ്ടെന്നു മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയിലെ വാദത്തിൽ പ്രോസിക്യൂഷൻ വാദിച്ചു.
കോടതി നിർദേശിക്കുന്ന ഏതു വ്യവസ്ഥയും അനുസരിക്കാൻ തയാറാണെന്നും മുഴുവൻ സാക്ഷികളെയും വിസ്തരിക്കുന്നതു വരെ പ്രതികളെ ജയിലിൽ അടയ്ക്കുന്നതു ന്യായീകരിക്കാനാവില്ലെന്നും പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു. മധുവിന്റെ ബന്ധുക്കളെയും വനംവകുപ്പിന്റെ തേക്ക് തോട്ടത്തിലെ മരം വാങ്ങിയ അബ്ബാസ് എന്ന സാക്ഷിയെയും വിസ്തരിക്കാനുണ്ടെന്നും പ്രതികൾക്കു ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതേത്തുടർന്ന് കൂടുതൽ വാദം കേൾക്കുന്നതിനു നാളത്തേക്കു മാറ്റിയതായി ജഡ്ജി കെ.എം. രതീഷ്കുമാർ അറിയിച്ചു.
ഹൈക്കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നു കാണിച്ചു പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പതിനൊന്നാം പ്രതി അബ്ദുൽ കരീം ഒഴികെയുള്ളവരുടെ ജാമ്യം റദ്ദാക്കിയതു ഹൈക്കോടതി ശരിവച്ചു. നാൽപ്പത്തിരണ്ടാം സാക്ഷി കക്കുപ്പടി സ്വദേശി നവാസാണ് ഇന്നലെ വാദത്തിൽ കൂറുമാറിയത്. മധുവിനെ പിടിച്ചതറിഞ്ഞു മുക്കാലിയിലെത്തിയെന്നു പൊലീസിനു മൊഴി നൽകിയ ആളാണു നവാസ്. മോഷണം നടന്ന കടകളുടെ ഉടമകളുടെ പേരു വിവരവും നൽകിയിരുന്നു. എന്നാൽ ഇക്കാര്യം വിചാരണയ്ക്കിടെ നിഷേധിച്ചു. സംഭവ സ്ഥലത്തെ ദൃശ്യം തിരിച്ചറിഞ്ഞു. എൺപതാം സാക്ഷി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പാഞ്ചൻ അനുകൂലമൊഴി നൽകി.