ADVERTISEMENT

പാലക്കാട് ∙ ദേശീയപാത കണ്ണനൂർ ജംക്‌ഷനു സമീപം പിന്നിലെത്തിയ കണ്ടെയ്നർ ലോറി ഇടിച്ചു നിയന്ത്രണം തെറ്റിയ ചരക്കു ലോറി, ഡിവൈഡർ മറികടന്ന് എതിർദിശയിൽ വന്ന കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 36 പേർക്കു പരുക്കേറ്റു. കെഎസ്ആർടിസി ഡ്രൈവർ ചേർത്തല സ്വദേശി അഭിലാഷ് (40), ചരക്കു ലോറി ഡ്രൈവർ തേനി കമ്പം സ്വദേശി ലെനിൻ (35) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരിൽ 13 സ്ത്രീകളും രണ്ടര വയസ്സുകാരൻ ഉൾപ്പെടെ 7 കുട്ടികളുമുണ്ട്. ഇന്നലെ വൈകിട്ട് 5നു മണലൂരിലാണ് അപകടം.

കോയമ്പത്തൂരിൽ നിന്നു ചേർത്തല ഭാഗത്തേക്കു പോയ കെഎസ്ആർടിസി ബസിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ബസിൽ ജീവനക്കാർ ഉൾപ്പെടെ 41 പേരുണ്ടായിരുന്നെന്നാണ് വിവരം. ഓടികൂടിയ നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്നാണു രക്ഷാപ്രവർത്തനം ആരംഭിച്ചത്. സൗത്ത് ഇൻസ്പെക്ടർ ടി.ഷിജു എബ്രഹാം, എസ്ഐ വി.ഹേമലത എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും അസി.സ്റ്റേഷൻ ഓഫിസർ എഫ്.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പാലക്കാട് അഗ്നിരക്ഷാസേനയും ഹൈവേ പൊലീസും ചേർന്നാണു പരുക്കേറ്റവരെ ബസിൽ നിന്നു പുറത്തെടുത്തത്.

ജില്ലാ ആശുപത്രിയിലും യാക്കരയിലുള്ള സ്വകാര്യ ആശുപത്രിയിലുമായി ഇവരെ പ്രവേശിപ്പിച്ചു. കണ്ടെയ്നർ ലോറി ഡ്രൈവർക്കെതിരെ അമിത വേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവിങിനും കേസെടുത്തു.  ദേശീയപാതയിൽ ഒരുമണിക്കുറോളം ഗതാഗതം തടസ്സപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com