നെല്ലെടുപ്പിനു സ്ഥിരം സംവിധാനം; ആ ഉറപ്പും പതിരായി

HIGHLIGHTS
  • ഓരോ സീസണിലും പ്രഖ്യാപനങ്ങൾ മാത്രം
  നല്ലേപ്പിള്ളിയിൽ കൊയ്തെടുത്ത നെല്ല് സംഭരണം വൈകുന്നതിനാൽ കൂട്ടിയിട്ടിരിക്കുന്നു. മഴ ശക്തിപ്രാപിച്ചതോടെ നെല്ലുണക്കാൻ എന്തു ചെയ്യുമെന്ന ആശങ്കയിലാണു കൃഷിക്കാർ.
നല്ലേപ്പിള്ളിയിൽ കൊയ്തെടുത്ത നെല്ല് സംഭരണം വൈകുന്നതിനാൽ കൂട്ടിയിട്ടിരിക്കുന്നു. മഴ ശക്തിപ്രാപിച്ചതോടെ നെല്ലുണക്കാൻ എന്തു ചെയ്യുമെന്ന ആശങ്കയിലാണു കൃഷിക്കാർ.
SHARE

പാലക്കാട് ∙ നെല്ലെടുപ്പിന് ഓരോ സീസണിലും ചർച്ചയും നടപടികളും എന്നതിനു പകരം സ്ഥിരം സംവിധാനമെന്ന സർക്കാർ ഉറപ്പും സ്തംഭനത്തിൽ. 2021 ഓഗസ്റ്റ് 26നു പാലക്കാട്ടു നടന്ന നെല്ലു സംഭരണ ആലോചന യോഗത്തിൽ മന്ത്രി ജി.ആർ.അനിൽ ഈ ഉറപ്പ് ആവർത്തിച്ചിരുന്നു. ഒരു വർഷം പിന്നിടുമ്പോൾ സ്ഥിരം സംവിധാനം പോയിട്ട് ഇതുവരെ നെല്ലു സംഭരണം പോലും ആരംഭിച്ചിട്ടില്ല. 

കൊയ്ത്തു യന്ത്രത്തിന്റെ ലഭ്യത, വാടക, ചുമട്ടുകൂലി, നെല്ലെടുപ്പിനുള്ള ചാക്ക് തുടങ്ങി വിവിധ വിഷയങ്ങളിലും തീരുമാനമെടുക്കേണ്ടതുണ്ട്.  ഓരോ സീസണിലും ഒന്നാം വിള നെല്ലു സംഭരണത്തിന്റെ തുടക്കം അനിശ്ചിതത്വത്തിലാകുന്നതു പതിവാണ്. ഇത് ഒഴിവാക്കാൻ മൂന്നോ, നാലോ വർഷത്തേക്കെങ്കിലും സ്ഥിരം സംവിധാനമെന്ന ആവശ്യം കൃഷിക്കാർ നിരന്തരം ഉന്നയിക്കുന്നുണ്ട്.

എന്നാൽ, കൊയ്ത്ത് ആരംഭിച്ചു നെല്ലെടുത്തു തുടങ്ങേണ്ട സമയത്തു മാത്രമാണു സർക്കാരും സപ്ലൈകോയും ഇതേക്കുറിച്ചു ചർച്ച നടത്തുക. സ്വന്തം കാര്യങ്ങൾ ഉന്നയിച്ചു മില്ലുകാരും രംഗത്തെത്തുന്നതോടെ ചർച്ചയും തുടർ ചർച്ചയുമായി ഒരു മാസമെങ്കിലും കഴിഞ്ഞേ നെല്ലെടുപ്പിൽ ധാരണയിലെത്തൂ. അപ്പോഴേക്കു കൊയ്ത്തു പൂർത്തിയാക്കുന്ന കർഷകർ കിട്ടിയ വിലയ്ക്കു നെല്ലു പുറത്തു വിറ്റഴിക്കേണ്ടിവരും. ഇത് ഒത്തുകളിയാണെന്നും ആരോപണമുണ്ട്. 

 മന്ത്രിതലത്തിൽഇടപെടൽ

പലയിടത്തും കൊയ്ത്ത് പുരോഗമിക്കുമ്പോഴും നെല്ലെടുപ്പ് തുടങ്ങാത്തതിൽ കർഷക രോഷം ശക്തമാണ്. ഇതിനിടെ, ജില്ലയിൽ നിന്നു മന്ത്രിതലത്തിലടക്കം സപ്ലൈകോയിൽ നിന്നു വിശദാംശങ്ങൾ തേടിയിട്ടുണ്ട്. നെല്ലെടുപ്പ് ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ടു ജനപ്രതിനിധികൾ കത്തു നൽകി.  മന്ത്രിതല ചർതച്ചകളും പുരോഗമിക്കുന്നുണ്ട്. മില്ലുകാർ നിലപാടിൽ ഉറച്ചു നിന്നാൽ സർക്കാർ കടുത്ത നിലപാടിലേക്കും ബദർ‌ മാർഗങ്ങളിലേക്കും നീങ്ങും. 

ഒരു മില്ലുകൂടി

നെല്ലെടുക്കാൻ പാഡികോ സഹകരണ മില്ലുകൂടി താൽപര്യം അറിയിച്ചു. ഇതോടെ 2 മില്ലുകാർ സപ്ലൈകോയുമായി ധാരണയിലെത്തി. രണ്ടോ, മൂന്നോ മില്ലുകാർ കൂടി കരാർ ഒപ്പിടുമെന്ന് അറിയിച്ചിട്ടുണ്ട്. മില്ലുകാരുമായി ധാരണയിലെത്തി അടുത്ത ആഴ്ചയോടെയെങ്കിലും നെല്ലെടുക്കാനാകുമെന്നാണു പ്രതീക്ഷ.

മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് 11ന്

ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചിട്ടും നെല്ലു സംഭരണം നീളുന്നതിൽ പ്രതിഷേധിച്ച് 11നു രാവിലെ 10നു മന്ത്രി എം.ബി.രാജേഷിന്റെ വസതിയിലേക്കു മാർച്ച് നടത്തുമെന്നു രാഷ്ട്രീയ കിസാൻ മഹാസംഘ് ജില്ലാ കമ്മിറ്റി അറിയിച്ചു. സർക്കാരും മില്ലുകാരും തമ്മിലുള്ള കളികളിൽ വലയുന്നതു കൃഷിക്കാരാണെന്നും മഴ തുടങ്ങിയതോടെ, കൊയ്തെടുത്ത നെല്ല് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണു കർഷകരെന്നും യോഗം അറിയിച്ചു. 

സംസ്ഥാന വൈസ് ചെയർമാൻ മുതലാംതോട് മണി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഹരിദാസ് കല്ലടിക്കോട് അധ്യക്ഷനായി. ജോർജ് സിറിയക്, സിറാജ് കൊടുവായൂർ, സജീഷ് കുത്തനൂർ, കെ.ആർ.ഹിമേഷ്, ബാലചന്ദ്രൻ പോത്തൻകാട് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}